ഉമർ അബ്ദുള്ള.
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശ്രീനഗർ എംപി ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. പാർലമെന്റ് അംഗത്വവും രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ബുദ്ഗാമിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം.
പിതാവ് ആഗ സയീദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് റൂഹുള്ള ബുദ്ഗാമിൽ റാലി സംഘടിപ്പിച്ചത്. ഏകദേശം 80 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നാഷണൽ കോൺഫറൻസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയ്ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് നേതൃത്വം പിന്നോട്ടുപോയെന്ന് ആരോപിച്ചു.
ജമ്മുകാഷ്മീരിനെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിൽ നിന്ന് ഫാറൂഖ് അബ്ദുള്ളയും മകൻ ഉമർ അബ്ദുള്ളയും പിന്മാറിയെന്നാണ് റൂഹുള്ളയുടെ പ്രധാന ആരോപണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൽ, തടവുകാരുടെ മോചനം, സൗജന്യ വൈദ്യുതി തുടങ്ങിയ 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ജമ്മു കാഷ്മീരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. എന്നാൽ പുതിയൊരു പാർട്ടി രൂപീകരിക്കുന്നതിനേക്കാൾ ജമ്മു കാഷ്മീരിലെ ജനങ്ങളുടെ അന്തസും ആത്മാഭിമാനവും വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കാനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : JammuKashmirPolitics AgaRuhullah NationalConference JammuAndKashmir