പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ ഇന്ദിരാനഗറിലെ കടയിൽ ജോലിക്കെത്തിയ യുവതിയെ കത്തിമുനയിൽ നിർത്തി സ്വർണമാല കവർച്ച ചെയ്യാൻ ശ്രമം. രക്ഷപ്പെടാൻ നിലവിളിച്ച യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ കീഴ്പ്പെടുത്തി പൊലിസിൽ ഏൽപ്പിച്ചു. പ്രഭുരാജ് എന്ന യുവാവാണ് പിടിയിലായത്. ഡെലിവറി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
കടയിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, തനിക്കെതിരെ വധശ്രമമുണ്ടെന്നും ആരോ തന്നെ പിന്തുടരുന്നുണ്ടെന്നും കള്ളം പറഞ്ഞ് യുവതിയോട് സഹായം അഭ്യർഥിച്ചു. എന്നാൽ ഉടൻ തന്നെ ഇയാൾ കൈയിലുണ്ടായിരുന്ന കത്തി യുവതിയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും 35 ഗ്രാം തൂക്കമുള്ള സ്വർണമാല ആവശ്യപ്പെടുകയും ചെയ്തു.
പ്രതി മാല പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി നിലവിളിച്ചു. ശബ്ദം കേട്ട് സമീപത്തുള്ള കടയുടമകളും വഴിയാത്രക്കാരും ഓടിയെത്തി കട വളഞ്ഞു. ആരെങ്കിലും അടുത്തേക്ക് വന്നാൽ യുവതിയെ കൊല്ലുമെന്ന് കത്തി കാണിച്ച് പ്രതി ഭീഷണിപ്പെടുത്തി. നാട്ടുകാർ വിദഗ്ധമായി പ്രതിയുടെ ശ്രദ്ധ തിരിക്കുകയും ഒടുവിൽ കീഴ്പ്പെടുത്തി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാളെ പൊലിസിന് കൈമാറി.
ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകളില്ലാതെ യുവതി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.