പ്രതീകാത്മക ചിത്രം
ശാസ്താംകോട്ട: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്.
സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലിസ്, മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവനെ (41) അറസ്റ്റ് ചെയ്തു. ഞായറാഴ്ച ആയിരുന്നു ആക്രമണം.
ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭർത്താവുമായുള്ള വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ ശ്യാമളയുമായും രജനിയുമായും വഴക്കുണ്ടാക്കി. അക്രമാസക്തനായ ശിവനിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും അയൽവീട്ടിലേക്ക് ഓടി.
പിന്തുടർന്നെത്തിയ ശിവൻ തടിക്കഷണം ഉപയോഗിച്ച് ശ്യാമളയെ അടിച്ചുവീഴ്ത്തുകയായിരുന്നു. രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്യാമളയ്ക്ക് അടിയേറ്റത്. തല പിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭരണിക്കാവിലെയും അടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെൻ്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ പുലർച്ചെ മൂന്നിനാണ് മരണം.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശ്യാമളയുടെ മരണത്തെത്തുടർന്ന് കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലിസ് അറിയിച്ചു. ശ്യാമള വീട്ടുജോലിക്ക് പോകുന്നുണ്ടായിരുന്നു. തടിപ്പണിക്കാരനാണ് ശിവൻ.
Tags : Death Mother-in-law dies beaten Son-in-law arrested