National
ഇൻഡോർ: പശുമോഷണം ആരോപിച്ച് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ലസുദിയ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് പ്രതികൾ ചന്ദറിനെ ക്രൂരമായി മർദിച്ചത്. പ്രദേശവാസിയായ സുരാജ് ജാത്, ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും മറ്റൊരു വ്യക്തിയും ചേർന്നാണ് കൃത്യം നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് ലസുദിയ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: ആലുവ കുട്ടമശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ കുട്ടമശേരി സ്വദേശി അഫ്സലിനെ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗൺ പൊലിസ് പറഞ്ഞു.
National
ന്യൂഡൽഹി: വീടിനു സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ സംഘംചേർന്ന് മർദിച്ചുകൊന്നു. മണിപ്പുർ സ്വദേശി സി. വിക്രം സിംഗ് (54) ആണ് മരിച്ചത്. കിലോകരി ഗ്രാമത്തിലെ ഫ്ളാറ്റിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
വിക്രം സിംഗിനു മർദനമേറ്റതായി ഡൽഹി സണ്ലൈറ്റ് കോളനി പൊലിസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയും തുടർന്ന് പൊലിസ് അന്വേഷണം നടത്തുകയുമായിരുന്നു.
വീടിന് പുറത്ത് ആറ് യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സിംഗ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഗുരുതര പരിക്കേറ്റ സിംഗിനെ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: കാലടി പൊലിസിനെതിരെ പരാതിയുമായി യുവാവ്. കാലടി പൊലിസ് ക്രൂരമായി മര്ദിച്ചുവെന്ന് ആരോപിച്ച് ശ്രീമൂലനഗരം സ്വദേശി സുജിത്ത് ജയന് (32) എസ്പിക്ക് പരാതി നല്കി. സെപ്റ്റംബര് രണ്ടിന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് സ്റ്റേഷനിലെത്തിച്ച് രാത്രി വരെ ക്രൂരമായി മര്ദിച്ചുവെന്നാണ് ആരോപണം.
കാലടി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ നിസാര്, ധനേഷ്, അജ്മല്, രഞ്ജിത്ത് എന്നി ഉദ്യോഗസ്ഥര്ക്കെതിരെയാണ് പരാതി. നഗ്നനാക്കി മര്ദിച്ചു, ജനനേന്ദ്രിയത്തില് ബൂട്ടിട്ട് മര്ദിച്ചു, ഇന്റര്ലോക് കട്ട കൊണ്ട് മുതുകില് ഇടിച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളും പരാതിയിലുണ്ട്.
സുഹൃത്തുക്കള് ക്രിമിനല് കേസില്പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ബുധനാഴ്ച ശ്രീമൂലനഗറിലെ വീട്ടില് നിന്നാണ് സുജിത്തിനെ പൊലിസ് പിടിച്ചു കൊണ്ടുപോയത്. എന്നാല് സ്റ്റേഷനില് എത്തിയശേഷം ഇതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. പേരും ജാതിയും മാത്രം ചോദിച്ച് അത് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പിന്നാലെയാണ് ക്രൂര മര്ദനമുണ്ടായത്.
എയര്പോര്ട്ട് ടാക്സി ഡ്രൈവറാണ് സുജിത്ത്. അന്വര് സാദത്ത് എംഎല്എ അടക്കം ഇടപെട്ടതിനെ തുടര്ന്നാണ് സുജിത്തിനെ സ്റ്റേഷനില് നിന്ന് മോചിപ്പിക്കുന്നത്. സ്റ്റേഷനില് നിന്ന് വിട്ടയച്ചശേഷം സുജിത്ത് കളമശേരി മെഡിക്കല് കോളജില് ചികിത്സ തേടുകയായിരുന്നു.
National
അഗർത്തല: ത്രിപുരയിൽ പശുമോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജലീൽ റഹ്മാൻ (45) ആണ് കൊല്ലപ്പെട്ടത്.
അഗർത്തല ജില്ലയിലെ ഗിലാടാലി സ്വദേശിയായ റഹ്മാൻ വിലകൊടുത്ത് വാങ്ങിയ രണ്ടു പശുക്കളുമായി വീട്ടിലേക്കു പോകവേ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.45നായിരുന്നു സംഭവം. പൊലിസെത്തി റഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
District News
വടവാതൂര്: വിദ്യാര്ഥി ഉള്പ്പെടെ രണ്ടു പേര്ക്ക് തെരുവുനായയുടെ കടിയേറ്റു. വടവാതൂര് തുണ്ടിയില് ആന്റണി റിജു (ആറ് വയസ്), ബംഗാള് സ്വദേശി റഫീഖ് എന്നിവര്ക്കാണു നായയുടെ കടിയേറ്റത്.
ഇന്നലെ വൈകുന്നേരം നാലിന് വടവാതൂര് താന്നിക്കപ്പടിയിലാണ് സംഭവം. ട്യൂഷനുപോയശേഷം സുഹൃത്തുക്കള്ക്കൊപ്പം വീട്ടിലേക്ക് നടന്നുവരുമ്പോഴാണ് ആന്റണി റിജുവിന് നായയുടെ കടിയേറ്റത്. ഇതേസമയം ഇതുവഴി നടന്നുവരുകയായിരുന്നു റഫീഖ്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റഫീഖിനും കടിയേറ്റു. റഫീഖിനെ കോട്ടയം ജില്ലാ ആശുപത്രിയിലും ആന്റണിയെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ആന്റണിയുടെ കൈയ്ക്കും റഫീഖിന്റെ കാലിനുമാണ് നായയുടെ കടിയേറ്റത്.
Sports
കംപാല (ഉഗാണ്ട): ഉഗാണ്ടൻ ക്ലബ് ഫുട്ബോള് ടീം ക്യാപ്റ്റന് ഡേവിഡ് ഓവോരിയെ (27) അജ്ഞാത കൊള്ളസംഘം അദ്ദേഹത്തിന്റെ വീട്ടുപരിസരത്തുവച്ച് മര്ദിച്ചു കൊലപ്പെടുത്തി.
ഒവോരിയുടെ മൊബൈല് ഫോണ് അടക്കം കൈവശമുള്ള സാധനങ്ങള് കൊള്ളയടിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം.
ഉഗാണ്ട പ്രീമിയര് ലീഗില് റിക്കാര്ഡ് തവണ ചാമ്പ്യന്മാരായ എസ്സി സ്പോര്ട്സ് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു ഓവോരി.
നിലത്തുവിരിക്കുന്ന കല്ലുകൊണ്ട് തലയ്ക്കേറ്റ പ്രഹരമാണ് മരണ കാരണം. റൈറ്റ് ബാക്ക്, മിഡ്ഫീല്ഡ് പൊസിഷനുകളില് കളിക്കുന്ന ഓവോരി ഉഗാണ്ടയുടെ യൂത്ത് ടീമില് അംഗമായിരുന്നു.
Kerala
തൃശൂർ:വരവൂരിൽ സർക്കാർ സ്കൂളിൽ ഒന്പതാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർഥിയെ മർദിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അധ്യാപകനെതിരേ കേസെടുത്തു.
ക്ലാസിലെ മറ്റൊരു കുട്ടി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
മണികണ്ഠൻ കഴിഞ്ഞ 18 വർഷമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. പേനയുടെ മൂടി താഴെവീണത് എടുക്കാൻ നോക്കിയതിനാണു മകനെ ക്രൂരമായി മർദിച്ചതെന്നു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനും ചൈൽഡ് ഹെൽപ് ലൈനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ചെറുതുരുത്തി പോലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അധ്യാപകനെതിരേ കേസെടുത്തു. ഈ അധ്യാപകൻ മറ്റു വിദ്യാർഥികളോടും ദേഷ്യത്തിലാണു പെരുമാറാറുള്ളതെന്നു പരാതിയുണ്ട്.
Kerala
കൊച്ചി: തൃക്കാക്കരയില് യുവാക്കളെ ക്രൂരമായി മര്ദിച്ച കേസിലെ പ്രതികളെ പിടികൂടി. കളമശേരി സ്വദേശി ഷെഫിന്, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് കോഴിക്കോട് നിന്നും പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില് എത്തിച്ചു.
കാറിന് വഴി നല്കിയില്ലെന്ന് ആരോപിച്ചാണ് യുവാക്കളെ പ്രതികള് ക്രൂരമായി മര്ദിച്ചത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെ എന്ജിഒ ക്വാര്ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമായിരുന്നു സംഭവം. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില് കാക്കനാട് പടമുകള് സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്, നിസാം എന്നിവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ കളമശേരി മെഡിക്കല് കോളജിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്ത്തി കൊലവിളി നടത്തുകയായിരുന്നു.
അക്രമികളിലൊരാള് കൈയില് കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്ന്ന് മറ്റു പ്രതികള് ചേര്ന്ന് ക്രൂരമായി ചവിട്ടുകയും മര്ദിക്കുകയുമായിരുന്നു. ഇടിവള പ്രയോഗത്തില് മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്വരിയിലെ നാല് പല്ലുകള് ഇളകിപ്പോവുകയും ചെയ്തു.
നെറ്റിയിലും ആഴത്തില് മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില് ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്ലാസ്റ്റിക് സര്ജറി നടത്താനായി നിസാമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കൊച്ചി: സ്കൂള് വിദ്യാര്ഥികളെ സ്വകാര്യ ബസ് ജീവനക്കാര് മര്ദിച്ച് ഇറക്കിവിട്ടതായി പരാതി. തേവരയില് എയ്ഞ്ചല് മേരി എന്ന ബസിലെ ജീവനക്കാരാണ് പെണ്കുട്ടികള് ഉള്പ്പെടെയുള്ള വിദ്യാര്ഥികളെ മര്ദിച്ചത്.
നാലു വിദ്യാര്ഥികളുടെ മുഖത്തും തലയ്ക്കും അടിക്കുകയും കൈയ്യില് കടിച്ചു പരിക്കേല്പ്പിക്കുകയും ചെയ്തു. ഒതുങ്ങി നില്ക്കാനാവശ്യപ്പെട്ട് വിദ്യാര്ഥികളെ തള്ളിയിട്ടത് ചോദ്യം ചെയ്തതിനെ തുടര്ന്നായിരുന്നു മര്ദനം. സംഭവത്തില് ടൗണ് സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പെണ്കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുധീഷ് ഉള്പ്പെടെയാണ് പിടിയിലായത്. വിവാഹ അഭ്യർഥന നിരസിച്ചപെണ്കുട്ടിയെയും കുടുംബാംഗങ്ങളെയും മർദിച്ച് കുഴിച്ചിടാൻ ഒരു കുഴിയും വീടിന് പിന്നിൽ പ്രതികള് ഉണ്ടാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു.
കിളിമാനൂർ സ്വദേശികളായ അനിൽ കുമാറിനെയും മകൻ അച്ചുവിനെയുമാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ദിയാക്കി ക്രൂരമായി മർദിച്ചത്. മതിര തെറ്റിമൂട് സ്വദേശി സുധീഷ് മർദനമേറ്റ അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിച്ചിരുന്നു. കുടുംബം ഇത് നിരസിച്ചതിലായിരുന്നു പ്രതികാരം.
ആസൂത്രിതമായിട്ടായിരുന്നു പ്രതികള് കെണി ഒരുക്കിയത്. സുധീഷിന്റെ അമ്മൂമ്മയ്ക്ക് പഞ്ചായത്ത് നൽകിയ പണിതീരാത്ത കെട്ടിടമാണ് ഇടിമുറിയാക്കിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ ഒരു മുറിയിൽ പ്രത്യേക സജീകരങ്ങള് ചെയ്തു.
വീട്ടുപണിക്കാണെന്ന് പറഞ്ഞ് അനിലിനെ വിളിച്ചു വരുത്തി. കൈകാലുകള് കെട്ടി ആയുധങ്ങള് ഉപയോഗിച്ച് അനിലിനെ മർദിച്ചു. അനിലിനെക്കൊണ്ട് മകൻ അച്ചുവിനെ വിളിച്ചു വരുത്തി. ഒരു പകലും രാത്രിയും മർദിച്ചു. രാത്രിയായപ്പോള് അനിലിന്റെ ഭാര്യയെയും വിളിച്ചു വരുത്താൻ ശ്രമിച്ചു. വരാതിരുന്നപ്പോള് സുധീഷ് അച്ചുവിനെ വീട്ടിൽ കൊണ്ടുപോയി അമ്മയെ വിളിച്ചുവരുത്താൻ ശ്രമിച്ചു. പക്ഷെ അച്ചു വിവരം അമ്മയോട് പറഞ്ഞതോടെയാണ് പോലീസിലേക്ക് വിവരം കൈമാറിയത്.
തുടർന്ന് അനിലിനെയും പോലീസ് രക്ഷപ്പെടുത്തി. അപ്പോഴേക്കും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച സുധീഷും കൂട്ടുകാരായ ആരോമൽ ലാൽകൃഷ്ണ, അരുണ് എന്നിർ രക്ഷപ്പെട്ടു. പളനിയിൽ പോയി തലമൊട്ടയടിച്ച ശേഷം ചിതയറയിലുള്ള ഒരു പാറമടയിൽ ഒളിച്ചിരുന്നു. പോലീസ് വഞ്ഞപ്പോള് പ്രതികളിൽ മൂന്നു പേർ രാവിലെ കീഴടങ്ങി. സുധീഷ് ഉച്ചക്ക് ശേഷവും കീഴടങ്ങി.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഓട്ടിസം ബാധിതനായ ഇരുപത്തിയാറുകാരനെ സമീപവാസി പട്ടിക കൊണ്ട് മർദിച്ചതായി പരാതി. ശരീരമാസകലം പരിക്കേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡ് ആഞ്ഞലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ പരേതനായ അജിയുടെയും മായയുടെയും മകൻ അഭിജിത്തിനാണ് മർദനമേറ്റത്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മായ വീട്ടുജോലിക്ക് പോയ സമയത്ത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങിവരുമ്പോഴാണ് അഭിജിത്തിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സമീപവാസിയായ ജയേഷ് എന്ന വ്യക്തിക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്നും വ്യക്തമായിട്ടും പ്രതി യാതൊരു ദയയും കാണിച്ചില്ലെന്ന് അഭിജിത്തിന്റെ അമ്മ മായ ആരോപിക്കുന്നു. 'ബംഗാളി' എന്ന് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ അഭിജിത്തിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റുകയുമായിരുന്നു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരിയില് വാഹന പരിശോധനയ്ക്കിടെ പോലീസുകാരന് മര്ദനം. ട്രാഫിക് നിയമലംഘനം മൊബൈല് കാമറയില് പകര്ത്തിയ പോലീസുകാരനെയാണ് മൂന്നു യുവാക്കള് മര്ദിച്ചത്. കപ്രശേരി സ്വദേശികളായ റെനീഷ്, ശ്യാം, അഖില് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ യാത്രയെ തുടര്ന്ന് ദേശീയപാതയില് ഡ്യൂട്ടി ചെയ്യുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്. ഇതിനിടെ ഹെല്മെറ്റ് വയ്ക്കാതെ ബൈക്കില് ട്രിപ്പിള്സ് അടിച്ച് പോയ യുവാക്കളുടെ ദൃശ്യം പോലീസുകാരന് മൊബൈലില് പകര്ത്തുകയായിരുന്നു.
ഇതില് പ്രകോപിതരായ യുവാക്കള് പോലീസുകാരനെ ആക്രമിച്ച് വീഴ്ത്തുകയും നെഞ്ചില് ചവിട്ടുകയുമായിരുന്നു. ഇവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്യും.
National
പാറ്റ്ന: മട്ടന് പകരം ചിക്കൻ വിളമ്പിയതിനെച്ചൊല്ലി വിവാഹവേദിയിൽ കൂട്ടത്തല്ല്. സംഘർഷത്തിൽ 12 പേർക്ക് പരിക്കേറ്റു. ബിഹാറിലെ സഹർസ ജില്ലയിലെ രജൻപുരിലാണ് സംഭവം.
രജൻപുർ സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബൽവാപർ സ്വദേശിയായ മുഹമ്മദ് അൻവറിന്റെ മകന്റെയും വിവാഹചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്.
വിവാഹചടങ്ങിന്റെ ഭാഗമായുള്ള സൽക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായാണ് വരന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മട്ടന് പകരം ചിക്കൻ വിഭവമാണ് വിളമ്പിയത്. ഇത് വരന്റെ വീട്ടുകാർ ചോദ്യംചെയ്തു.
ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Kerala
മുഹമ്മ: കണക്ഷൻ വിച്ഛേദിക്കാനെത്തിയ കേരള വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത്.
ചേർത്തല വാട്ടർ അതോറിട്ടി പിഎച്ച് സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയറുടെ പരാതിയിലാണ് നടപടി.
മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയശേഷമാണ് കണക്ഷൻ വിച്ഛേദിക്കുന്നതിനായി വ്യാഴാഴ്ച രണ്ടേകാലോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തിയത്.
ഇതിനിടെ ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച പ്രതി വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് എന്ജിനീയറെയും ഡ്രൈവറെയും ആക്രമിക്കാൻ ശ്രമിച്ചു. തടയാനെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയറെ തള്ളുകയും ഡ്രൈവറുടെ അടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പ്രതിയെ ചേർത്തല ജുഡീഷൽ സെക്കൻഡ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
Kerala
തൃശൂര്: വിദ്യാര്ഥികള് ഉള്പ്പെടെയുള്ളവര്ക്ക് ഹാന്സ് പോലുള്ള ലഹരിവസ്തുക്കള് വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ മകന് ക്രൂരമായി മര്ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കല് വീട്ടില് സൈമണാണ് (77) മകന് ജോബിയുടെ മർദനത്തിനിരയായത്.
കഴിഞ്ഞദിവസം 600 പാക്കറ്റ് ഹാന്സുമായി പോലീസ് പിടികൂടിയ ജോബി ജാമ്യത്തിലറങ്ങിയശേഷം വീണ്ടും ലഹരിവസ്തുക്കള് വിതരണം ചെയ്യുന്നത് കണ്ട സൈമണ് ഇത് തടയാന് ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതില് പ്രകോപിതനായ ജോബി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സൈമണിന്റെ നെഞ്ചില് ചവിട്ടുകയും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ വാര്ഡ് കൗണ്സിലര് റീജ സലിലിന്റെ നേതൃത്വത്തില് പരിക്കേറ്റ സൈമണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ലഹരിവസ്തുക്കള് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില് പ്രതിയാണ് ജോബി. സംഭവത്തില് സൈമണ് കുന്നംകുളം പോലീസില് പരാതി നല്കിയതിനെത്തുടര്ന്ന് പോലീസ് പ്രതിയായ ജോബിക്കായി അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇത്തരത്തില് മകന് മർദിച്ചതിനെ തുടര്ന്ന് സൈമണ് തൃശൂര് ജില്ലാ കളക്ടര്ക്ക് പരാതി നല്കിയിരുന്നു. പരാതി പരിഗണിച്ച കളക്ടര് സൈമണിനെ മര്ദിക്കരുതെന്ന് കര്ശന നിര്ദേശം നല്കുകയും പ്രതിമാസം 3,000 രൂപ പിതാവിന് നല്കാന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് മകന് വീണ്ടും പിതാവിനെ ക്രൂരമായി ആക്രമിച്ചത്.
Kerala
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവ് ഇ.പി. ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തിൽ ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ശരീരസൗന്ദര്യ മത്സര വിജയികൾക്ക് പോലീസിൽ നിയമനം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനർഹകർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
National
ജയ്പുർ: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നേരെ ആക്രമണം. ജയ്പുരിലെ പ്രതിഷേധത്തിനിടെയാണ് സംഭവം.
ആൾക്കൂട്ടത്തിനിടെയിൽ നിന്നെത്തിയ രണ്ടുപേർ അഭിജീത്തിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്നും മുങ്ങാൻ ശ്രമിച്ച ഇവരെ സഹപ്രവർത്തകർ പിടിച്ചുവച്ചുവെങ്കിലും അഭിജീത് ഇടപെട്ട് വിട്ടയച്ചു.
ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മർദിച്ച് മാതാപിതാക്കൾ. മധേപുര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ഒന്നര വർഷം മുൻപ് ബിട്ടു കുമാർ എന്നയാളെ പൂജ കുമാരി(22) വിവാഹം കഴിച്ചിരുന്നു. ഇരുവരും ബന്ധുക്കളായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കായി.
പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് വിളിച്ചുചേർത്തു. യോഗത്തിൽ ദമ്പതികളെ വേർപിരിക്കാൻ തീരുമാനിച്ചു. ആൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.
തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ മാതാപിതാക്കൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ എത്തിയതിന് പിന്നാലെ തന്നെ സാഹചര്യം വീണ്ടും രൂക്ഷമായി. യുവതിയെ മാതാവ് മുടിയിൽ വലിച്ച് നിലത്തിടുകയും പിതാവ് അടിക്കുകയും കാൽ മകളുടെ കഴുത്തിൽ ചവിട്ടുകയും ചെയ്തു. ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷയത്തിൽ പോലീസ് ഇടപെടുകയും യുവതിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയിൽ നിന്നും രേഖാമൂലം പരാതി ലഭിച്ചതായി ശങ്കർപുർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാർ പ്രതികരിച്ചു.
District News
പേരൂര്ക്കട: പിതാവിനെയും മകനെയും ക്രൂരമായി മര്ദിച്ച സംഭവത്തില് ഒരാൾകൂടി പോലീസിന്റെ പിടിയിലായി. കുടപ്പനക്കുന്ന് പൂമല്ലിയൂര്ക്കോണം എസ്എല്ജിആര്എ 19 വടക്കേവീട്ടില് വട്ടിയൂര്ക്കാവ് അരുണ് എന്നുവിളിക്കുന്ന അരുണ് (49) ആണ് പിടിയിലായത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം നാലായി.
പ്രധാന പ്രതിയായ ശ്യാംകുമാറാണ് ആദ്യം പോലീസിന്റെ പിടിയിലായത്. അതിനുശേഷം ഇയാളുടെ സുഹൃത്തുക്കളായ അഖില്, സതീഷ്കുമാര് എന്നിവര് പിന്നീട് പിടിയിലായിരുന്നു. സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന ശ്രീകണേ്ഠശ്വരം സ്വദേശിയും ബിഎസ്എന്എല് ജീവനക്കാരനുമായ രാജേഷ് (52), മകന് അഭിനവ് (16) എന്നിവര്ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ഓടുകൂടി മര്ദനമേറ്റത്.
കൈതമുക്ക്-ശ്രീകണേ്ഠശ്വരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഇവര് വഴിയില് മാര്ഗതടസമായി കാര് കിടന്നപ്പോള് ഹോണ് മുഴക്കി. ഇതാണ് പ്രകോപനത്തിനു കാരണമായത്. കാറിനുള്ളിലുണ്ടായിരുന്ന ശ്യാംകുമാറും സുഹൃത്ത് അഖിലും ചേര്ന്ന് ഇരുവരെയും ക്രൂരമായി മര്ദിക്കുകയായിരുന്നു. രാജേഷിന്റെ മകന് അഭിനവിനെ പ്രതികള് നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
പിതാവും മകനും ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നു. അറസ്റ്റിലായ സതീഷ്കുമാറും ഇപ്പോള് അറസ്റ്റിലായ അരുണും ഒന്നും രണ്ടും പ്രതികളെ സംരക്ഷിക്കാന് ശ്രമിച്ചവരാണ്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും തെളിവുകള് നശിപ്പിക്കാനും ഇവര് കൂട്ടുനില്ക്കുകയായിരുന്നു.
പ്രതികളെ ഒളിവില് താമസിക്കാന് സാഹചര്യമൊരുക്കിയ ഇവര് സംഭവസ്ഥലത്തുനിന്ന് ഇരുവരെയും രക്ഷപ്പെടുത്തിക്കൊണ്ടു പോകാനും ശ്രമിച്ചു.
വഞ്ചിയൂര് ഭാഗത്ത് കോടതിയുടെ സമീപത്തുനിന്നാണ് അരുണിനെ വഞ്ചിയൂര് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ഇന്റലിജൻസ് മേധാവിക്ക് റെയിൽവേ പോലീസ് റിപ്പോർട്ട് നൽകി.
എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്റെ കൈയേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നായിരുന്നു പരാതി.
പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Kerala
നെടുമങ്ങാട് : ഒന്നരവയസുകാരനെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു. ഏറെക്കാലത്തെ ശാരീരിക പീഡനത്തിലൊടുവിലായിരുന്നു കൊല. അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയിൽ.
നെടുമങ്ങാട് പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷാദാണ് കൊല്ലപ്പെട്ടത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറാണ് കൊല നടത്തിയത്. ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ മരിച്ചു.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ഏറ്റ ക്ഷതത്തിന്റെ പാടും ഉണ്ടായിരുന്നു. കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.
കുഞ്ഞിന്റെ അമ്മ അഖില ഏതാനും നാളുകളായി ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. കുഞ്ഞും രണ്ടാനച്ഛൻ അഷ്കറും മാത്രമാണ് പനവൂരിലെ വാടക വീട്ടിലുണ്ടായിരുന്നത്.
ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകളും ചതവുകളും ഒടിവുകളും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു.അതെല്ലാം കുട്ടി വീണതുകൊണ്ടും തീയിൽ കളിച്ചതുകൊണ്ടുമൊക്കെ സംഭവിച്ചതാണ് എന്നാണ് അഷ്കർ അഖിലയോടും കുഞ്ഞിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പോലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കരഞ്ഞ് നിർബന്ധംപിടിച്ച കുഞ്ഞിന്റെ തലക്കു പിന്നിൽ അഷ്കർ ശക്തിയായി അടിക്കുകയും അടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കുഴഞ്ഞുവീണ കുഞ്ഞിനെ എടുത്ത് കട്ടിലിൽ കിടത്തി. ഇതിനിടയിൽ കുഞ്ഞ് ഛർദിക്കുകയും ചെയ്തു.
ഛർദിക്കുന്നതിന്റെ ശബ്ദംകേട്ട് പരിസരവാസികളിൽ ചിലർ വീട്ടിലെത്തി. ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അവരുടെ നിർബന്ധപ്രകാരമാണ് ആംബുലൻസ് വിളിച്ച് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിനെ ഉയരത്തിൽനിന്നു തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ പോലീസിനോട് സമ്മതിച്ചു.
വെങ്കിട്ടക്കാല സ്വദേശിനിയാണ് അഖില.പാലോട് സ്വദേശി അഖിലാണ് അഖിലയുടെ ആദ്യ ഭർത്താവ്. ഒരുവർഷം മുമ്പ് അഖിൽ ആത്മഹത്യ ചെയ്തു. ശേഷമാണ് അഷ്കറെ കൂടെക്കുട്ടിയത്. നർത്തകിയായ അഖില ഏതാനും ആഴ്ചകൾക്കു മുമ്പാണ് തമിഴ്നാട്ടിൽ പോയത്. ഇതിനുശേഷം അഷ്കർ കുഞ്ഞിനെ നിരന്തരമായ പീഡനത്തിന് വിധേയമാക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം അഖിലിന്റെ പിതാവ് ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Kerala
മലപ്പുറം: വാക്കുതര്ക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരന് മരിച്ചു. വളാഞ്ചേരി വൈക്കത്തൂര് സ്വദേശി ശ്യാം ആണ് മരിച്ചത്.
സംഭവത്തിൽ ശ്യാമിന്റെ അച്ഛന് ശബരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ശ്യാമും ശബരിയും തമ്മിലുണ്ടായ വാക് തര്ക്കത്തിനിടെ ശ്യാമിന്റെ തലയില് അബദ്ധത്തില് അടിയേല്ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടന് ശബരി തന്നെയാണ് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Kerala
വയനാട്: കര്ണാടകയില് മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്ദിച്ച് വഴിയില് ഉപേക്ഷിച്ചതായി പരാതി. കാരക്കണ്ടി പാലത്തിവീട്ടില് ആസിഫിനാണ്(42)ദുരനുഭവം.
കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെ മൈസൂരുവില്നിന്ന് കാറില് ബത്തേരിക്ക് യാത്രചെയ്യുന്നതിനിടെ നഞ്ചന്ഗോഗ് പരിസരത്തുനിന്നാണ് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്ദിച്ചതെന്ന് ആസിഫ് കര്ണാടകയിലെ ബേഗൂര് പോലീസിന് നല്കിയ പരാതിയില് പറയുന്നു.
മൈസൂരുവില് സ്വകാര്യ സ്ഥാപനത്തില് ജീവനക്കാരനാണ് ആസിഫ്. അക്രമിസംഘം പണം ആവശ്യപ്പെട്ട് പലയിടങ്ങളില് എത്തിച്ചാണ് മര്ദിച്ചതെന്ന് ആസിഫ് പറയുന്നു. കൈവശവും കാറിലും പണം ഇല്ലെന്നു മനസിലാക്കിയ സംഘം ആസിഫിനെ ഉള്പ്രദേശത്താണ് മോചിപ്പിച്ചത്.
ഫോണും എടിഎം, ക്രെഡിറ്റ് കാര്ഡുകളും സംഘം തട്ടിയെടുത്തു. ആസിഫ് രാത്രി വൈകി നഞ്ചന്ഗോഡ് പോലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. സംഭവം നടന്നത് ബേഗൂര് പോലീസ് സ്റ്റേഷന് പരിധിയിലായതിനാല് പിന്നീട് അവിടെയെത്തി പരാതി നല്കുകയായിരുന്നു. അക്രമിസംഘത്തെ കണ്ടെത്തുന്നതിന് പോലീസ് നീക്കം ഊര്ജിതമാക്കി.
Kerala
ആലപ്പുഴ: വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ പാണാവള്ളിയിൽ നടന്ന സംഭവത്തിൽ തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) മർദനമേറ്റത്.
അയൽവാസി സത്താറും ഭാര്യയും മക്കളുമാണ് വിജയനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിജയനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസുണ്ട്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
കേസിൽ പ്രതിയായ സത്താറിന്റെ നാലു മക്കൾക്ക് പ്രായപൂർത്തിയാകാത്തവരാണ്.കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
National
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ രണ്ടു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. രണ്ടാമനു ഗുരുതരമായി പരിക്കേറ്റു.
സൗമ്യ രഞ്ജൻ സ്വെയിൻ ആണു കൊല്ലപ്പെട്ടത്. റെയിൽവേ പോലീസിൽ കോൺസ്റ്റബിളായിരുന്ന ഇയാൾ സസ്പെൻഷനിലായിരുന്നു. ഓം പ്രകാശിനാണു ഗുരുതരമായി പരിക്കേറ്റത്.
സ്കൂട്ടറിൽ പോകുകയായിരുന്ന രണ്ടു സ്ത്രീകളെ ബൈക്കിലെത്തിയ അക്രമികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഒരാൾ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി അക്രമികളെ മർദിച്ചു.
National
ഭോപ്പാൽ: ക്ഷേത്രത്തിലേക്ക് സംഭാവനയായി ആവശ്യപ്പെട്ട ഗോതമ്പിന്റെ അളവ് കുറഞ്ഞുപോയതിൽ ദളിത് കുടുംബത്തിന് ക്രൂരമർദനം. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ മഹാരാജ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.
ക്ഷേത്ര സംഭാവനയായി ഗോതമ്പ് ആവശ്യപ്പെട്ട് കുറച്ചാളുകൾ ഇവരുടെ വീട്ടിലെത്തി. എന്നാൽ ആവശ്യപ്പെട്ട അത്രെയും ഗോതമ്പ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇവർ അക്രമാസക്തരാകുകയായിരുന്നു.
അക്രമികൾ കുടുംബാംഗങ്ങളെ ആക്ഷേപിക്കുകയും വീട്ടിൽ നിന്നും പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വടി, ഇഷ്ടിക, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്ങൾക്ക് നൽകാൻ കഴിയുന്നതിന്റെ പരമാവധി സംഭവാന നൽകിയെന്നും വീണ്ടും നൽകിയാൽ എന്റെ മക്കൾക്ക് ഞാൻ എന്ത് നൽകുമെന്ന് അവരോടു ചോദിച്ചുവെന്നും തുടർന്നാണ് മർദിച്ചതെന്നും പരിക്കേറ്റ ഗൃഹനാഥൻ പറഞ്ഞു.
ശ്യാം പട്ടേൽ, ഹർദയാൽ പട്ടേൽ, കൃപാൽ പട്ടേൽ, രാജാ ഭയ്യാ പട്ടേൽ, രാംസ്വരൂപ് പട്ടേൽ, ഭഗവത്ദയാൽ പട്ടേൽ തുടങ്ങിയവരാണ് തങ്ങളെ ആക്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്ന ഗോതമ്പ് ഇവർ കടത്തിക്കൊണ്ടുപോയെന്നും വീട്ടുകാർ ആരോപിച്ചു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട നാല് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഇവർക്കെതിരെ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മയക്കുമരുന്ന് കേസ് പ്രതി. പെട്രോൾ നൽകാൻ വൈകിയെന്ന് ആരോപിച്ച് തർക്കം ഉണ്ടാക്കുകയും ജീവനക്കാരനെ മർദിക്കുകയുമായിരുന്നു.
പള്ളുരുത്തി വെളിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജീവനക്കാരനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
മറ്റു ജീവനക്കാർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും ജീവനക്കാരന്റെ മുഖത്ത് പലതവണ യുവാവ് അടിക്കുന്നുണ്ട്.
Kerala
കൊച്ചി: കോതമംഗംലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദനം. അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയ്ക്കായി വന്നയാളെ കാണാനെത്തിയയാളാണ് മർദിച്ചത്.
കോതമംഗലം കാളിപറമ്പിൽ ജോജി ജോർജിനാണ് മർദനമേറ്റത്. ജോജിയുടെ തലയ്ക്കും ചുണ്ടിനും പരിക്കേറ്റു. സംഭവത്തിൽ തൃക്കാരിയൂർ സ്വദേശി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. പരിക്കേറ്റയാളെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതേച്ചൊല്ലി വാക്കേറ്റവും തുടർന്ന് സംഘർഷവുമുണ്ടാകുകയായിരുന്നു.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
National
ചായിബാസ: ജാർഖണ്ഡിൽ മുൻ മാവോയിസ്റ്റിനെ തല്ലിക്കൊന്നു. രമേഷ് ചാംപിയയെ ആണ് സിപിഐ (മാവോയിസ്റ്റ്) സംഘം തല്ലിക്കൊന്നത്. വെസ്റ്റ് സിംഗ്ഭൂം ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. രമേഷിന്റെ ഭാര്യ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തൊട്ടടുത്ത വനമേഖലയിലേക്ക് രമേഷിനെ കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് ഗോയിൽകേര-മനോഹർപുർ മെയിൻ റോഡിൽ മൃതദേഹം ഉപേക്ഷിച്ചു.
മുന്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് രമേഷ് ചാംപിയ. ജയിൽമോചിതനായശേഷം മാവോയിസ്റ്റ്ബന്ധം ഉപേക്ഷിച്ച് നിർമാണ കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
Kerala
കൊച്ചി: ടൂറിസ്റ്റ് ബസില് ഉരസിയ ശേഷം നിര്ത്താതെ പോയെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവര്ക്കും സഹായിക്കും ക്രൂരമര്ദനം. ആലുവ മുട്ടത്ത് ഇന്ന് പുലര്ച്ചെയാണ് സംഭവം. ട്രക്കിനുള്ളില് കയറി ഡ്രൈവറെയും സഹായിയെയും മര്ദിച്ച സംഘം ട്രക്കിന്റെ ചില്ലും തകര്ത്തു.
പഴനിയില് നിന്നും തിരുവല്ലയിലേക്ക് തിരിച്ചു പോകുന്ന യാത്രാസംഘമാണ് ട്രക്ക് ഡ്രൈവറെ ആക്രമിച്ചത്. ടൂറിസ്റ്റ് ബസ് മഹാരാഷ്ട്രയില് നിന്നും വന്ന ട്രക്കില് ഉരസുകയായിരുന്നു. നിര്ത്താതെ പോയ ട്രക്കിനെ ആലുവ മുട്ടം മെട്രോ സ്റ്റേഷന് അടുത്തു വച്ച് ഓവര്ടേക്ക് ചെയ്ത് നിര്ത്തി മർദിച്ചു.
ട്രക്കിന്റെ ചില്ല് അടിച്ചു തകര്ക്കുകയും ഉള്ളില് കയറി മര്ദിക്കുകയും ചെയ്തതോടെ നാട്ടുകാര് ഇടപെട്ട് ആളുകളെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നാലെ ആലുവ പോലീസ് എത്തി ട്രക്കിനുള്ളില് കയറി ഡ്രൈവറെ മര്ദിച്ച രാജേഷ് എന്നയാളെ കസ്റ്റഡിയില് എടുത്തു.
Kerala
തൃശൂർ: വാണിയംപാറയിൽ വീട്ടിലെ ശുചിമുറിയിൽ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിന്റെ വെന്റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് കൊടകരയിൽ എട്ട് വയസുകാരൻ ആൽജോ പാമ്പ് കടിയേറ്റ് മരിച്ചത്. കാവുങ്ങൽ സ്വദേശി സിൽജോയുടെ മകനാണ്. ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രിയിൽ തുടരുകയാണ്.
കുട്ടിക്ക് ഭക്ഷ്യവിഷബാധയെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ഡോക്ടർമാർക്ക് സംശയം തോന്നുകയും കുടുംബത്തോട് വീട് പരിശോധിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
Kerala
പാലക്കാട്: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു.
വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ സെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ സെന്തിൽ കുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
Kerala
കോഴിക്കോട്: താമരശേരിയിൽ യുവാവിനെ തോക്ക് ചൂണ്ടി മർദിച്ചതായി പരാതി. തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാനെയാണ് മർദിച്ചത്.
സുഹൃത്തിനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബാസിൽ ലത്തീഫ് എന്നയാളാണ് തോക്ക് ചൂണ്ടി മർദിച്ചത്.
അരയിൽ സൂക്ഷിച്ച തോക്ക് എടുത്താണ് ബാസിൽ ലത്തീഫ് ദിൽഷാന് നേരെ ചൂണ്ടിയത്. പിന്നീട് യുവാവിന്റെ ചെവിയ്ക്കും തലയ്ക്കും മർദിക്കുകയും ചെയ്തു.
പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ചെങ്ങന്നൂർ: മാലദ്വീപിൽ വിദ്യാർഥിയുടെ ക്രൂരമായ മർദനത്തിനിരയായ അധ്യാപിക സ്മിത എൻ. പിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയായി വരികയാണെന്നും അടുത്ത ആഴ്ച ആദ്യത്തോടെ സ്മിതയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭർത്താവ് ദീപക് ശശി പറഞ്ഞു.
നിലവിൽ മാലദ്വീപിൽ വേദന സംഹാരികൾ മാത്രമാണ് നൽകുന്നത്. മൂക്കിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റ സ്മിതയുടെ ശസ്ത്രക്രിയ നാട്ടിലെത്തിയ ശേഷം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സംഭവം നടന്നിട്ടും സ്കൂൾ അധികൃതർ വിവരം കുടുംബത്തെ ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. അതേസമയം, ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഇടപെടലിനെത്തുടർന്ന് മാലദ്വീപ് വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നിലവിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും തുടർ നടപടികൾ ഹൈക്കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
മാലദ്വീപിലെ ഗാഫ് ധാൽ അറ്റോൾ സ്കൂളിലെ ലാബിലിരുന്ന് വിദ്യാർഥി സ്ഥിരമായി മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ് അക്രമത്തിന് കാരണം. വീഡിയോ എടുത്ത് പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ തട്ടിപ്പറിച്ചെറിയുകയും മുഖത്ത് പലതവണ ഇടിക്കുകയുമായിരുന്നു. തലയുടെ പിൻഭാഗത്തും മർദനമേറ്റു. മറ്റ് അധ്യാപകർ ഓടിയെത്തിയാണ് വിദ്യാർഥിയുടെ കൈയിൽ നിന്നും സ്മിതയെ രക്ഷപ്പെടുത്തിയത്.
ഈ മാസം 30-ന് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഈ ദുരനുഭവം ഉണ്ടായത്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ വീട്ടിൽ ദീപക് ശശിയുടെ ഭാര്യയാണ് സ്മിത എൻ. പിള്ള.
Kerala
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ക്രൂരമർദ്ദനം. റാന്നി വെച്ചൂച്ചിറ പരുവയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിർത്തിയായിരുന്നു അക്രമം. അടികൊണ്ട് റോഡിൽ വീണ ജെറിനെ വലിച്ചിഴച്ച് അക്രമികൾ സമീപത്തെ കടത്തിണ്ണയിൽ കൊണ്ടിടുകയായിരുന്നു.
അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൊട്ടിക്കലാശം മുതൽ തുടങ്ങിയ തർക്കമാണ് മർദനത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
National
മുംബൈ: മതപരിവർത്തന, ലൈംഗീകാതിക്രമ പരാതികളെ തുടർന്ന് അറസ്റ്റിലായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ശാഖയിലെ ജീവനക്കാരന് ജയിലിൽ മർദനം. ഷാഫി ഷെയ്ഖിനാണ് മർദനമേറ്റത്.
ഇയാളെ സഹതടവുകാർ മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റ വിവരം ഷാഫി ഷെയ്ഖ് കോടതിയിൽ അറിയിച്ചു. ഇയാളെ ഈ മാസം 18 വരെ കസ്റ്റഡിയിൽ വിട്ടു.
Kerala
കൊച്ചി: എറണാകുളം കുട്ടമ്പുഴയില് വനിതാ പഞ്ചായത്തംഗത്തെ മര്ദിച്ചതായി പരാതി. അനധികൃത മദ്യവില്പനയെക്കുറിച്ച് പോലീസിന് വിവരം നല്കി എന്ന് ആരോപിച്ചാണ് മര്ദനം. കുട്ടമ്പുഴ പഞ്ചായത്ത് പിണവൂര്കുടി വാര്ഡ് അംഗം ബിന്ദു രാജേന്ദ്രനാണ് മര്ദനമേറ്റത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശത്തെ ഒരു ക്ലബിന്റെ വിഷു ആഘോഷത്തില് പങ്കെടുക്കാനായി എത്തിയ ബിന്ദുവിനെയും മകനെയും ബന്ധുക്കളെയും മകന്റെ സുഹൃത്തുക്കളെയും മര്ദിക്കുകയായിരുന്നു. ബിന്ദുവിന്റെ വസ്ത്രമടക്കം വലിച്ചു കീറി എന്നാണ് പരാതിയില് പറയുന്നത്. മകന് വിമല്, സുഹൃത്തുക്കളായ അമില്, സതീശ് എന്നിവര്ക്കാണ് പരിക്കേറ്റത്.
വിഷു ആഘോഷ പരിപാടിയില് പങ്കെടുക്കാനായി ബിന്ദുവും മകനും അനിയനും അനിയത്തിയും മകന്റെ കൂട്ടുകാരും കൂടിയാണ് പോയത്. പരിപാടി കഴിഞ്ഞ് ഇറങ്ങി വന്നപ്പോള് മദ്യപിച്ച് വന്ന മധു എന്നയാള് ബിന്ദുവാണ് പോലീസില് പരാതി കൊടുത്തത് എന്ന് പറഞ്ഞ് ചീത്ത വിളിച്ചു. അമ്മയാണ് പരാതി കൊടുത്തത് എന്ന് നിങ്ങള് എങ്ങനെ അറിഞ്ഞു എന്ന് മകന് ചോദിച്ചു.
അതോടെ മധു മകനെ തല്ലി. തുടര്ന്ന് സംഘര്ഷം ഉണ്ടായതോടെ മധുവിന്റെ കൂടെ പ്രതാപന്, എക്സൈസില് ജോലിയുള്ള രാജേഷ്, മനു എന്നിവരെല്ലാം വന്ന് ഉപദ്രവിച്ചു എന്ന് ബിന്ദു പ്രതികരിച്ചു. ബിന്ദു രാജേന്ദ്രനും മകനും മറ്റുള്ളവരും കോതമംഗലം ആശുപത്രിയില് ചികിത്സയിലാണ്. കോതമംഗലം സിഐയുടെ നേതൃത്വത്തില് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ചേർപ്പ്: മദ്യപാനത്തിനിടെ സുഹൃത്തിന്റെ മർദനമേറ്റു പ്രവാസിയായ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെങ്ങിണിശേരി സെന്ററിനുസമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജ് (52)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജുവിന്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിന്റോ ഫ്രാൻസിസി(42)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജു ജോർജിന്റെ വെങ്ങിണിശേരിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു രാജു. കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽനിന്നു വീട്ടിലെത്തിയത്. രണ്ടാഴ്ചത്തെ അവധികഴിഞ്ഞു തിരിച്ചുപോകാനിരിക്കെയാണ് സംഭവം.
രാജുവിന്റെ വീടിനുപിറകിൽ ക്ലോക്ക് നിർമാണത്തിനായുള്ള ഔട്ട്ഹൗസ് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് കൊലപാതകം നടന്നത്. രാജുവും പ്രിന്റോയും മറ്റു നാലു സുഹൃത്തുക്കളും ഒന്നിച്ചു മദ്യപിക്കുകയായിരുന്നു. പുലർച്ചെ രണ്ടിനുമുന്പായി നാലു സുഹൃത്തുക്കൾ മടങ്ങിപ്പോയി. പിന്നീട് മദ്യലഹരിയിൽ രാജുവും പ്രിന്റോയും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ചേർപ്പ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് രാജുവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലേക്കു കൊണ്ടുപോയി. ആക്രമണത്തിൽ നിലത്തുവീണ രാജുവിന്റെ ശരീരത്തിൽ മർദനത്തിന്റെ അടയാളങ്ങളൊന്നും കാണപ്പെട്ടിട്ടില്ല. ശബ്ദംകേട്ട് എത്തിയ രാജുവിന്റെ ഭാര്യയെയും പ്രതി ആക്രമിച്ചതായി പറയുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് പറഞ്ഞു. പ്രിന്റോ ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരികൂടിയായിരുന്നു രാജു. ചേർപ്പ് പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
കാസർഗോഡ്: ആറുവയസുകാരന് അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമർദനം. വിദ്യാനഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് മർദനത്തിനിരയായത്.
കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തി അയൽവാസികൾ സംഭവം മൊബൈലിൽ ചിത്രീകരിച്ച് പോലീസിനു കൈമാറിയതിനെ തുടർന്ന് മർദനം നടത്തിയ ചെട്ടുംകുഴി സ്വദേശി ഷൗക്കത്തലിക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ശിശുസംരക്ഷണ ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Kerala
കാസർഗോഡ്: രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ കെസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആറ് വയസുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ജനലിലൂടെ അയൽവാസി പകർത്തുകയായിരുന്നു. രണ്ടാനച്ഛനിൽ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിരുന്നു.
മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു.
മർദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്.
ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തിൽ പോലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി.
പോലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയെന്നും പിതാവ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
District News
നെടുമങ്ങാട്: ഇരുചക്ര വാഹനയാത്രക്കാരായ ദമ്പതികളെ മർദിച്ചുവെന്ന പരാതിയിൽ മുല്ലശ്ശേരി സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസെടുത്തു. വീടിനു മുന്നിൽ അടികൂടിയത് ചോദ്യം ചെയ്ത വൃദ്ധനെ മുഖത്തടിച്ചതിനു ദന്പതികൾക്കെതിരേയും നെടുമങ്ങാട് പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ആറിനു രാത്രി ഒന്പതോടെ ഏണിക്കരയിലായിരുന്നു സംഭവം. ഏണിക്കര സ്വദേശികളായ ദന്പതികൾ സഞ്ചരിച്ച സ്കൂട്ടർ പെട്രോൾതീർന്നു മുല്ലശേരിക്ക് സമീപം റോഡിൽനിന്നു. ഇന്ധനം തീർന്നതുമായി ബന്ധപ്പെട്ട് ദന്പതികൾതമ്മിൽ ഇവിടെവച്ചു വഴക്കായി.
ഭർത്താവ് പെട്രോൾ വാങ്ങാൻ പോയി തിരിച്ചു വന്നപ്പോൾ ഭാര്യ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണു കണ്ടതെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാട്ടുകാർ തന്റെ ഭാര്യയെ കൈയേറ്റം ചെയ്തുവെന്നും ഭർത്താവ് ആരോപിച്ചു. ഇതിനിടെ, പോലീസെത്തിയിട്ട് പോയാൽ മതിയെന്നു പറഞ്ഞു സ്ഥലവാസിയായ രാമചന്ദ്രൻ നായർ വാഹനത്തിന്റെ താക്കോൽ ഉൗരിയെടുത്തെന്നും ഇതേച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിലാണു രാമചന്ദ്രൻ നായർക്കും ദമ്പതികൾക്കും പരിക്കേറ്റതെന്നും പറയുന്നു.പരിക്കേറ്റ ഏണിക്കര സ്വദേശികളായ ദമ്പതികൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ബൈക്കിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു. മണിറാം സ്വദേശിയും കർഷകനുമായ ഗ്യാനേന്ദ്ര ചൗധരി (35) യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്യാനേന്ദ്രയുടെ വയലിന് സമീപം ഒരു യുവാവ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു. ഇതേതുടർന്ന് പൊടി ഉയർന്നു. ബൈക്കിന്റെ വേഗത കുറയ്ക്കാൻ ഗ്യാനേന്ദ്ര ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ബൈക്ക് യാത്രികൻ ചില സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഗ്യാനേന്ദ്രയെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഗ്യാനേന്ദ്രയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സയിലായിരിക്കെ അദ്ദേഹം മരണമടഞ്ഞു.
പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. സന്ദീപ് നിഷാദ്, ശേഷ്നാഥ് നിഷാദ്, ഗൗതം നിഷാദ്, രമേശ് നിഷാദ്, വിക്കി രാജ്ഭർ, രാജൻ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
Kerala
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് മർദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് സതീശൻ പറഞ്ഞു.
രണ്ട് പോലീസുകാരാണ് ശനിയാഴ്ച സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു.
വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പിആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്?
പ്രതികളാകുന്ന സ്വന്തക്കാരെയും സിപിഎം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ച പോലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനായ മിഥുൻ റോയിക്കെതിരെ കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോലീകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.
Kerala
കാസർഗോഡ്: കന്നുകാലികളുമായി എത്തിയ യുപി സ്വദേശികൾക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ മഞ്ചേശ്വരത്തുണ്ടായ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികാളായ ഫർഹാൻ ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്.
കന്നുകാലികളെ ഇറക്കുന്നതിനിടെ ചില യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തങ്ങളെ മർദിച്ചതെന്ന് ഇവർ പോലീസിൽ മൊഴി നൽകി. ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
പരിക്കേറ്റ ഇരുവരും കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമത്തിനു കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Kerala
മൂന്നാര്: സ്കൂള് ബസില് വിദ്യാര്ഥിക്ക് സഹപാഠിയുടെ ക്രൂരമര്ദനം. കൊരണ്ടക്കാട് സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥിക്കാണ് സഹപാഠിയുടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്നിന്നു മടങ്ങുന്പോഴായിരുന്നു ആക്രമണം. മറ്റൊരു വിദ്യാര്ഥി മൊബൈൽ ഫോണിൽ പകര്ത്തി സമൂഹമാധ്യമങ്ങളില് ദൃശ്യം പ്രചരിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ സ്കൂള് അധികൃതര് കര്ശന നടപടിക്ക് ഒരുങ്ങുകയാണ്. ആക്രമണം നടത്തിയ വിദ്യാര്ഥിക്കെതിരേയും ദൃശ്യങ്ങള് പകര്ത്തിയ വിദ്യാര്ഥിക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.
ആക്രമണത്തിനിരയായ വിദ്യാര്ഥിയുടെ രക്ഷിതാക്കള് മുഖ്യമന്ത്രിക്ക് ഉള്പ്പെടെ പരാതി നല്കുമെന്ന് അറിയിച്ചു. ആക്രമണസമയത്ത് സ്കൂള്ബസില് അധ്യാപികമാരോ കെയര് ടേക്കറോ ഇല്ലായിരുന്നെന്നാണ് വിവരം.
എന്നാല് സംഭവസമയത്ത് നാല് അധ്യാപകര് വാഹനത്തില് ഉണ്ടായിരുന്നെന്നാണ് സ്കൂള് അധികൃതര് നല്കുന്ന വിശദീകരണം. ഒരു വര്ഷമായി കുട്ടിക്ക് നിരന്തരം മര്ദനമേല്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള് പറയുന്നു.
Kerala
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറുകാരന് ക്രൂര മർദ്ദനം. ഫോൺ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പതിനാറുകാരന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
NRI
നോർത്ത് കരോലിന: ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മർദിച്ച പിതാവും കൂട്ടുനിന്ന പങ്കാളി യുവതിയും അറസ്റ്റിലായി. 37 വയസുകാരനായ ജോഷ്വ സ്റ്റോക്ക്ടൺ ആണ് പിടിയിലായത്. ഇയാളുടെ പങ്കാളി ആമി ഗോട്ടിയറും (40) അറസ്റ്റിലായിട്ടുണ്ട്.
കുട്ടിയുടെ ഡയപ്പർ മാറ്റുന്നതിനിടെ കരഞ്ഞതിന് ജോഷ്വ കുട്ടിയെ കട്ടിലിലേക്ക് ബലമായി തള്ളിയിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ നിർത്താൻ വായയും മൂക്കും കൈകൊണ്ട് അമർത്തിപ്പിടിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന മൂത്ത കുട്ടി വീഡിയോയിൽ പകർത്തിയിരുന്നു.
മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പോലീസ് എത്തിയപ്പോഴാണ് മൂത്ത മകൻ പീഡന ദൃശ്യങ്ങൾ ഉദ്യോഗസ്ഥരെ കാണിച്ചത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നതായും ശരീരത്തിൽ മർദമേറ്റ പാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ദമ്പതികളുടെ സംരക്ഷണയിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
പ്രതികളായ ജോഷ്വയെ 10 ലക്ഷം ഡോളർ ബോണ്ടിലും ആമിയെ ഒരു ലക്ഷം ഡോളർ ബോണ്ടിലും ജയിലിലടച്ചു. വധശ്രമം, ബാലപീഡനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കിരൺ കുമാറി(34)ന് മർദനം. സംഭവത്തിൽ നാലുപേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു.
ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.
വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് വന്ന കിരണിനെ മർദിച്ചു.
അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്മയ(24) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. കേസിൽ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനാണ് ശിക്ഷിച്ചത്. സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്.
Kerala
തൃശൂര്: തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിൻ, രഞ്ജിത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. പഴയന്നൂര് പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടർന്നുകൊണ്ടേയിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. സുബ്രഹ്മണ്യന്റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുബ്രഹ്മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്.
അടിയേറ്റ് നിലത്ത് വീണ സുബ്രഹ്മണ്യനെ അവശനിലയിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാറിലെ ജീവനക്കാ ജീവനക്കാരൻ ആയിരിക്കെ, ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
എന്നാൽ, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്.
Kerala
പാലക്കാട്: കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മർദനം. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം സെക്രട്ടറി പി. വേണുവിനാണ് മർദനമേറ്റത്.
സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പിൽ പ്രമോദിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മർദനമെന്നാണ് പരാതി. പരിക്കേറ്റ വേണു ചികിത്സയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
Kerala
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ നിയുക്ത കൗൺസിലർക്ക് മർദനം. 16-ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫിലെ ജോമി മാത്യുവിനാണ് പരിക്കേറ്റത്.
മാത്യുവിനെ ആക്രമിച്ച കേസിൽ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
District News
ഗുരുവായൂർ: ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്റെ തട്ടുകട തകർത്ത് ഉടമയെ ക്രൂരമായി മർദിച്ചു.
ഇരുമ്പുപൈപ്പുകൊണ്ടുള്ള അടിയേറ്റ് കച്ചവടക്കാരന്റെ ഇടതുകൈയുടെ എല്ലുപൊട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തത് ഒരാഴ്ചയ്ക്കുശേഷം. വടക്കേനടയിൽ മാഞ്ചിറ റോഡിൽ ഏഴുവർഷമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വില്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രൻ(66)നാണ് മർദനമേറ്റത്. കൈക്ക് പ്ലാസ്റ്ററിട്ട രാജേന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്.
തെരുവിൽ കഴിയുന്നവർ കഴിഞ്ഞദിവസം നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് കട വിസർജ്യവസ്തുക്കളാൽ മലിനമാക്കി.
ഇതിന്റെ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രൻ പറയുന്നു. ഇക്കഴിഞ്ഞ 12ന് പുലർച്ചെ മൂന്നോടെ ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി മർദിക്കുന്നതും കട തല്ലിത്തകർക്കുന്നതും തൊട്ടടുത്ത സ്ഥാപനത്തിലെ നിരീക്ഷണകാമറയിൽ തെളിഞ്ഞിട്ടുണ്ട്. പോലീസ് ഇന്നലെ രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തതിനുശേഷം കേസെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേരാണ് തെരുവോരങ്ങളിൽ കഴിയുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
Kerala
പാലക്കാട്: അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ. മോഷണ കുറ്റമാരോപിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ നാട്ടുകാർ മർദിച്ചത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപാണെന്നും പോസ്റ്റ്മോർട്ടം ഇന്ന് നടത്തുമെന്നും പോലീസ് പറഞ്ഞു.
ഇയാൾക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽവച്ച് ഗർഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. നോർത്ത് എസ്എച്ച്ഒയായിരുന്ന പ്രതാപ ചന്ദ്രനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.
2024 ജൂണിലാണ് കൊച്ചി സ്വദേശി ഷൈമോൾക്കാണ് മർദനമേറ്റത്. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പൊതു സ്ഥലത്തു നിന്നിരുന്ന യുവാക്കളെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് പോലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഷൈമോളെ എസ്എച്ച്ഒ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചത്.
നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് പ്രതാപ ചന്ദ്രൻ. ഇയാൾക്കെതിരെ സമാനപരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദനം. വെള്ള ഫോർച്യൂണർ കാറിൽ എത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു.
ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം സംഘം കാറിൽ നിന്നിറങ്ങി ജീവനക്കാരെ മർദിച്ചു.
കസേരയിൽ വെറുതെ ഇരിക്കുന്ന ജീവനക്കാരനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോൾ പ്ലാസയിലെ ബാരിക്കേടുകൾ തകർത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തിൽ ടോൾ പ്ലാസ അതികൃതർ പോലീസിൽ പരാതി നൽകി.
Kerala
മലപ്പുറം: പിഎസ്സി ജീവനക്കാരനെ ട്രെയിനിൽ നിന്ന് മർദിച്ച് തള്ളിയിട്ടതായി പരാതി. കിഴിശേരി സ്വദേശി തച്ചക്കോട്ടിൽ മുജീബിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് കണ്ണൂരിൽ നിന്ന് ഫറൂക്കിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഡോറിന് സമീപം വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നുവെന്നും ഈ സമയം ഒരാൾ പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയും പിന്നീട് മൂന്നു പേർ ചേർന്ന് മർദിക്കുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചിടുകയും ആയിരുന്നുവെന്ന് മുജീബ് റഹ്മാൻ പറയുന്നു.
പരിക്കേറ്റ മുജീബ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.
വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്കുശേഷം സ്കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്കൂളിന് പുറത്തുവച്ച് സീനിയർ വിദ്യാർഥികൾ മർദിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തൽ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൂക്കിന് പൊട്ടലുണ്ട്. മർദനത്തിൽ കണ്ണിനു താഴെയും കറുത്ത പാട് രൂപപ്പെട്ടു. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപെട്ട് സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലവിലുണ്ട്. ഇതിനിടയിൽ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാർഥികൾ മുഹമ്മദിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.