Kerala
കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ നടന്ന അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി സുമിത് എം. ഡേവിഡ് ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൂവാറ്റുപുഴയില്‍ നിന്നും പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ ലോറിയും പിറവത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി മാറിയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലത്തൂർ: ദേശീയപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലിരുന്ന ബൈക്ക് യാത്രിക മരിച്ചു. ബീഹാർ സീതാമർഹി ജില്ലയിലെ ദേവേന്ദ്ര പ്രസാദിന്റെയും ബീനാകുമാരിയുടെയും മകൾ വന്ദന(25) ആണ് മരിച്ചത്.
വ്യാഴം രാത്രി 8.30ഓടെ കൊടകര പേരാമ്പ്ര മേൽപ്പാലത്തിൽ വച്ചായിരുന്നു അപകടം.
ആലുവ ഫെഡറൽ ബാങ്ക് ജീവനക്കാരിയായ വന്ദന ഭർത്താവിന്റെ വീടായ പാലക്കാട് ചിറ്റിലഞ്ചേരി വട്ടോമ്പാടം നൊച്ചിക്കാട്ടിലേക്ക് ഭർത്താവിന്റെ സഹോദരനുമൊത്ത് ബൈക്കിൽ വരികയായിരുന്നു.
പേരാമ്പ്ര മേല്പാലത്തിനടുത്തുവച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും പിറകിലിരുന്ന വന്ദന റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നെന്മാറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാരം നാളെ രാവിലെ ഒന്‍പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. ഭർത്താവ്: അജിത്ത് (നേവി). സഹോദരങ്ങൾ: അർച്ചന (ഓസ്ട്രേലിയ), പ്രശാന്ത്.
Kerala
ബാലുശേരി: ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. എളേറ്റില്‍ ചെറ്റക്കടവ് പുതിയോട്ടില്‍ വിജയന്റെ മകന് വിഷ്ണു (19) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാതാവ്: ഷിജി. സഹോദരി: രവീണ.
Kerala
കൊച്ചി: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാർത്തിക കുറുമ്പൻ (95) ആണ് മരിച്ചത്.
തങ്കളം - കാക്കനാട് നാലുവരിപ്പാതയിൽ 11.30 ഓടെയാണ് സംഭവം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. വയോധികയെ ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോയതായും പരാതിയുണ്ട്.
District News
വിഴിഞ്ഞം: കടപ്പുറത്ത് അബോധാവസ്ഥയിൽ കണ്ട അതിഥി തൊഴിലാളി മരിച്ചു. വിഴിഞ്ഞം ഫിഷ് ലാൻഡ് ഭാഗത്ത് മത്സ്യ ചുമട് എടുക്കുന്ന ജാർഖണ്ഡ് സ്വദേശി യോകേഷ് മണ്ഡലിന്റെ മകൻ ഉദയ മണ്ഡൽ(36) ആണ് മരിച്ചത്. ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കിടന്ന ഇയാളെ പോലീസ് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിഴിഞ്ഞം പോലീസ് കേസെടുത്തു.
Kerala
കുറവിലങ്ങാട്: ഡോക്ടറുടെ വീട്ടിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മ ചികിത്സയ്ക്കിടെ ഡോക്ടറുടെ വീട്ടിൽവച്ച് മരിച്ചു.
ഉഴവൂർ അരീക്കര നിരപ്പേൽ മേരി മാത്യു (83) വാണ് മരിച്ചത്. വയലായിലുള്ള ഡോക്ടറുടെ വീട്ടിൽ ഇന്നലെ പകലാണ് സംഭവം.
വെരിക്കോസ് വെയിന്‍ ചികിത്സ തേടിയാണ് മേരി എത്തിയത്. ഡ്രിപ്പിലൂടെ മരുന്ന് നൽകുന്നതിനിടെയാണ് മരണമെന്ന് പോലീസ് പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മരങ്ങാട്ടുപിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി.ജെ. ജോസഫ് (82) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ കൃഷ്ണ പാച്ച് വർക്സ് വർക്ക്ഷോപ്പിലെ സാജൻ പള്ളിപ്പറമ്പിലും സന്തോഷും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ പരേതയായ ബേബി ജോസഫ്. മക്കൾ: രജീഷ് (ഓസ്ട്രേലിയ), പരേതനായ വിനീഷ്. മരുമക്കൾ: മായ (നഴ്സ്, ഓസ്ട്രേലിയ), ഷിങ്കിൾ (അധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കുഴ). സംസ്കാരം പിന്നീട്.
Kerala
മലപ്പുറം: സഹോദരങ്ങൾ തമ്മിൽ ഉണ്ടായ അടിപിടിക്കിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. കൊണ്ടോട്ടി ഒഴുകൂർ നൂർ മൻസിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.
സംഭവത്തിൽ അനുജനായ ചിറ്റങ്ങാടൻ സാജിദി (49) നെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു അടിപിടി.
ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ മുഹമ്മദ് റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഫറൂക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
സംഭവത്തിൽ അനുജൻ സാജിദിനെതിരെ കൊലപാതകത്തിന് കേസെടുത്തു. മരിച്ച മുഹമ്മദ് റഫീക്കിന്റെ ദേഹത്ത് മുറിവുകളുണ്ടെന്നും ചെറിയ ഇരുമ്പായുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു
Kerala
ആലപ്പുഴ: ചാരുംമൂട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് പ്രവാസി മരിച്ചു. നൂറനാട് എരുമക്കുഴി കൊച്ചുകളിയ്ക്കൽ പ്രതാപ് (47) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15 ന് പണയിൽ ഇടിഞ്ഞയ്യത്ത് മുക്കിനു സമീപമായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ പ്രതാപിനെ ഉടൻ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗൾഫിലായിരുന്ന പ്രതാപ് കുറച്ചുകാലമായി നാട്ടിൽതന്നെയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. അധ്യാപികയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഋതിക, ഇന്ദ്രനാഥ്.
Kerala
കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വെള്ളിക്കോത്ത് ആലിങ്കാലിലെ അനീഷ് (37) ആണ് മരിച്ചത്. പുതിയകോട്ടയിലെ പച്ചക്കറിക്കടയിൽ ജോലിചെയ്തുവരികയായിരുന്നു. അഞ്ചുദിവസം മുമ്പ് കാഞ്ഞങ്ങാട് കുശാൽ നഗറിലെ റെയിൽപാളത്തിലാണ് അനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്.
ജില്ലാ ആശുപത്രിയിലും തുടർന്ന് കാസർഗോട്ടെയും കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു.
പരേതനായ പി. കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൾ: ശ്രാവണിക. സഹോദരങ്ങൾ: മിനി (പ്ലാച്ചിക്കര) സുനിൽ.
Kerala
കണ്ണൂർ: കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽവച്ച് മലയാളി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിക്കൂർ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരിച്ചത്.
വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം. പതിവുപോലെ രാവിലെ കടയിലെത്തിയ ഇദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കടയ്ക്കുള്ളിൽ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വീരാജ്പേട്ടയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.
Kerala
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ഇയാൾ ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു വിവരം.
നെബ്രാസ്കയിലെ ഒമാഹയിലാണ് വെങ്കിടേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്നു കാറോടിച്ച് മടങ്ങുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.
Kerala
കോഴിക്കോട്: കോഴിക്കോട് കടലൂർ സ്വദേശിനിയായ ഒൻപതു വയസുകാരിയുടെ മരണം കവാസാക്കി രോഗം ബാധിച്ചെന്നു നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽനയാണു മെഡിക്കൽ കോളജില്‍ മരിച്ചത്.
കോടിക്കൽ എഎംയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം പുളിവളപ്പ് മസ്ജിദ് കബർസ്ഥാനിൽ നടത്തി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്കു മാറ്റിയ കുട്ടിയുടെ ഹൃദയമിടിപ്പ് കുറഞ്ഞതും കണ്ണുകൾ ചുവന്നതും രോഗനിർണയത്തിനു കാരണമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ ലക്ഷണങ്ങൾ വിലയിരുത്തിയ ത്വക്ക് രോഗ ഡോക്ടറാണ് കവാസാക്കി രോഗം ആകാൻ ഇടയുണ്ടെന്നു സൂചിപ്പിച്ച് മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്.
മെഡിക്കൽ കോളജിലെത്തിയപ്പോൾ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ചുവന്നു. രോഗലക്ഷണങ്ങൾ കവാസാക്കിയുടേതാണ് എന്ന വിലയിരുത്തി അതിനുള്ള ചികിത്സ നൽകി വരുന്നതിനിടെയാണു മരണമുണ്ടായത്.
District News
മാഹി: മാഹി മെയിൻ റോഡിൽ സി.സി ബാറിനു സമീപം ഇക്കഴിഞ്ഞ 24ന് നടന്ന കയ്യാങ്കളിക്കിടെ പരിക്കേറ്റ യുവാവ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മടപ്പള്ളി സ്വദേശി മാണിക്കോത്ത് വീട്ടിൽ ബിജുവാണ് (38) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
സി.സി ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിനു മുൻവശത്ത് ഫുട്പാത്തിൽ ബിജുവും സുഹൃത്തും സംസാരിച്ചുനിൽക്കവെ അതുവഴി വന്ന അഴിയൂർ കോറോത്ത് സ്വദേശി മൈതാനിപ്പറമ്പത്ത് പ്രിയദർശൻ (42) എന്ന പ്രിയേഷുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രിയേഷ് ബിജുവിനെ റോഡിലേക്കു തള്ളിയിടുകയായിരുന്നു.
തുടർന്ന് വീട്ടിലെത്തി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ബിജുവിനെ മാഹി ഗവ. അശുപത്രിയിലും തുടർന്ന് തലശേരിയിലേക്കും അവിടെ നിന്നു കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കും കൊണ്ടുപോവുകയായിരുന്നു. കേസിൽ പ്രിയദർശനെ മാഹി പോലീസ് അറസ്റ്റ്ചെയ്തു. മാഹി എസ്ഐമാരായ ആർ. ജയശങ്കർ, സന്തോഷ്, അശോകൻ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംസ്കാരം മാഹി സെന്റ് തെരേസാസ് ബസിലിക്ക പള്ളിയിൽ നടത്തി.
പരേതനായ വിനോദന്‍-ആലീസ് (സിപിഎം മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം, മടപ്പള്ളി ടൗണ്‍ ബ്രാഞ്ച് അംഗം) ദന്പതികളുടെ മകനാണ്. ഭാര്യ: പ്രസീത. മകള്‍: അലീന. സഹോദരങ്ങള്‍: അനില്‍ (കണ്ണൂര്‍), സുനില്‍ (പയ്യന്നൂര്‍), റിന്‍സ് (തലശേരി).
Kerala
തിരുവനന്തപുരം : നെടുമങ്ങാട്ട് നവജാതശിശു മരിച്ചു. പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ 22 ദിവസം പ്രായമുള്ള മകൾ ശ്രയയാണ് മരിച്ചത്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് മഞ്ഞ നിറമായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാസം തികയാതെ ജനിച്ച കുട്ടിയാണ് മരിച്ചതെന്നാണ് വിവരം.
Kerala
കൊല്ലം: കടലില്‍ കട്ടമരം മറിഞ്ഞ് പരവൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. പരവൂര്‍ ഖദീജ മന്‍സിലില്‍ നൗഷാദ് ജമാലുദ്ദീന്‍ (50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കൊല്ലം ബീച്ചില്‍നിന്നു കട്ടമരത്തില്‍ മത്സ്യബന്ധനത്തിനു പോയതായിരുന്നു നൗഷാദ്. രാവിലെ ഏഴോടെ ഇരവിപുരം ഭാഗത്ത് ഇദ്ദേഹത്തിന്റെ കട്ടമരവും വലയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരയ്ക്കടിഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് നീണ്ടകര കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ യോദ്ധ ബോട്ടില്‍ കടലില്‍ വ്യാപക തെരച്ചില്‍ നടത്തി. രാവിലെ പത്തിന് ഇരവിപുരം കാക്കത്തോപ്പ് പള്ളിക്ക് തെക്കുഭാഗത്ത് കടലില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്.
ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നീണ്ടകര കോസ്റ്റല്‍ പോലീസ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
District News
കിളിമാനൂർ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കിളിമാനൂർ സ്വദേശി തമിഴ്നാട്ടിൽ വച്ച് മരിച്ചു. പുതിയകാവ് പോളച്ചിറ മേലതിൽ സൂരജ് (41) ആണ് മരിച്ചത്. കിളിമാനൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര പോവുകവെയാണ് സംഭവം.
കഴിഞ്ഞ ഞായർ രാത്രിയാണ് സൂരജിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തമിഴ്നാട് കരൂർ ജില്ലയിൽ അറവക്കുറിച്ചി പോലിസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ആംബുലൻസിൽ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തിൽ കരൂർ അറവക്കുറിച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
കൊയിലാണ്ടി: ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ച നിലയില്‍. ഇന്നലെ വൈകീട്ട് അഞ്ചോടെ ചേമഞ്ചേരിയില്‍ റെയിൽവേ സ്റ്റേഷനു സമീപം അപകടം. 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. തലയും ഉടലും വേർപ്പെട്ട നിലയിലാണ്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.
Kerala
തൃശൂര്‍: തെരുവുനായ പിന്തുടര്ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര്‍ മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര്‍ സ്വദേശിനിയായ 75 വയസുകാരി സുഹ്റയാണ് മരിച്ചത്.
മുറ്റിച്ചൂര്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. സ്കൂട്ടറിനടുത്തേക്ക് തെരുവുനായ ഓടിയെത്തുകയായിരുന്നു.
നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് സുഹ്റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
മാപ്രാണം: വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകൻ മനോജ് (46) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെ മാപ്രാണം സെന്ററിൽ മാവേലി സ്റ്റോറിന് സമീപമുള്ള വൈദ്യുതിക്കാലിൽ തകരാർ പരിഹരിക്കാൻ കയറിയതായിരുന്നു. ഷോക്കേറ്റ ഉടനെ മനോജിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
അമ്പലപ്പുഴ: ജോലിക്കിടെ കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്.
കായംകുളം തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. 40 ഓളം തൊഴിലാളികൾ പണിയെടുക്കുന്ന കാർമ്മൽ എന്ന ലൈലന്റ് വള്ളത്തിൽ വല വലിക്കുന്നതിനിതിടെ ശ്യാംകുമാർ കടലിൽ വീഴുകയായിരുന്നു.
സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബഡുക്കൾക്ക് വിട്ടു നൽകും. സംസ്കാരം ഇന്ന്. അമ്മ-മണിയമ്മ. ഭാര്യ- റീജ. മക്കൾ-ആദിത്യൻ, ആദർശ്.
National
ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായാണ് വിവരം. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളെന്നും പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരൻ മരിച്ചു
മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ച കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യ അവസ്ഥ മോശമായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വർഷം ഇത് വരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Kerala
കോഴിക്കോട്: കുറ്റ്യാടിവടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. മേലൂർ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.
കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ വച്ചായിരുന്നു അപകടം. കാൽതെറ്റി ക്ലാരിഫയറിനുള്ളിലേയ്ക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് ജോസഫിനെ കാണാനില്ലെന്ന കാര്യം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ജോസഫിനെ ക്ലാരിഫയറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മാള ഫയർ എൻട്രൻസ് സംഘമാണ് ജോസഫിന്റെ മൃതദേഹം പുറത്തെടുത്തത്.
Sports
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിന്റെ പരിശീലകനും മുൻ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിംഗ് ഡിയോ അറിയിച്ചു.
ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ ജസ്പാലിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കിടെയിലും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
ഇന്ത്യയിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. നേരത്തെ, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണംസംഭവിച്ചത്.
"ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ അദ്ദേഹത്തിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. എന്നാൽ അത് ഗ്യാസിന്റെ പ്രശ്നമാണെന്ന് കരുതി അദ്ദേഹം യാത്ര തുടരുകയായിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ അസ്വസ്ഥത വീണ്ടും രൂക്ഷമായതോടെയാണ് ഡൽഹിയിൽ എത്തിയ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടിയത്'.-സഹോദരൻ സുഭാഷ് റാണ മാധ്യമങ്ങളോട് പറഞ്ഞു.
ജസ്പാൽ റാണയാണ് മനു ഭാകറിന്റെ കായിക മുന്നേറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തി. ജസ്പാൽ റാണയുടെ കീഴിലെ പരിശീലനത്തിലാണ് മനു ഭാകർ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി രണ്ട് മെഡലുകൾ നേടിയത്.
ടോക്കിയോ ഒളിമ്പിക്സിലെ തിരിച്ചടികൾക്ക് ശേഷം മത്സരരംഗത്ത് നിന്നും പിന്മാറാൻ ആലോചിച്ച മനുവിനെ വീണ്ടും വിജയവഴിയിലേക്ക് തിരികെ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കീഴിലെ പരിശീലനമായിരുന്നു.
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യ കണ്ട ഏറ്റവും വിജയിയായ കായികതാരങ്ങളിൽ ഒരാളാണ് ജസ്പാൽ റാണ. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസ് വേദികളിൽ അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിച്ചു.
ഇന്ത്യയ്ക്കായി അദ്ദേഹം നടത്തിയ ഏറ്റവും മികച്ച പ്രകടനം 2006-ലെ ദോഹ ഏഷ്യൻ ഗെയിംസിലായിരുന്നു. അവിടെ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റിക്കാർഡിനൊപ്പമെത്തിയ അദ്ദേഹം രാജ്യത്തിനായി മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി ചരിത്രം കുറിച്ചു.
തന്റെ കരിയറിൽ ആകെ 15 കോമൺവെൽത്ത് മെഡലുകൾ (ഒൻപത് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം) റാണ നേടിയിട്ടുണ്ട്. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം അർജുന അവാർഡും (1994), പത്മശ്രീയും (1997), മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും (2020) നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1994-ൽ മിലാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ ജൂനിയർ വിഭാഗത്തിൽ ലോക റിക്കാർഡോടെ സ്വർണം നേടിയാണ് ജസ്പാൽ റാണ കായിക രംഗത്തേക്ക് ചുവടുവച്ചത്. വെറും 18-ാം വയസിൽ അദ്ദേഹം സ്വന്തമാക്കിയ ഈ ചരിത്ര നേട്ടം ഇന്ത്യൻ ഷൂട്ടിംഗിന്റെ ഭാവി മാറ്റിയെഴുതുമെന്ന പ്രഖ്യാപനമായിരുന്നു.
Kerala
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ(25) ആണ് മരിച്ചത്.
മന്ദംപൊട്ടിക്ക് സമീപം മരംവീണാണ് ഏറെ നേരം ഗതാഗത തടസമുണ്ടായത്. ഒരു മണിക്കൂറോളം ആംബുലൻസ് ചുരത്തിൽ കുടുങ്ങിയതാണ് മരണത്തിന് ഇടയാക്കിയത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പനിയും കടുത്ത ശ്വാസം മുട്ടലുമായി കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ വൈകിട്ട് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ചുരത്തിലെ ഗതാഗത കുരുക്കിൽ അകപെട്ടതോടെ ഒരു മണിക്കൂർ വൈകിയാണ് മെഡിക്കൽ കോളജിൽ എത്തിയത്. ഇതോടെ ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു.
District News
കൊന്നക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂളിമട ശാരികാ നിവാസിലെ വി. അനീഷ് (42) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. കൂളിമടയിലെ ഉണ്ണികൃഷ്ണൻ നായരുടെയും ശ്യാമള കുമാരിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ: അർജുൻ, ആറുമാസം പ്രായമായ പെൺകുട്ടി. സഹോദരങ്ങൾ: ശാരിക (വട്ടക്കയം), പരേതനായ സുമേഷ്. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
Kerala
പാലക്കാട്: പെരുങ്കുന്നത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. കുഴൽമന്ദം പെരുങ്കുന്നം തെക്കേക്കരയിൽ രാമദാസ് (41) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ചിതലി എടക്കാട്ടിൽ സ്വകാര്യ വ്യക്തിയുടെ കിണർ നന്നാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കമ്പി തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടവിവരമറിഞ്ഞ് ആലത്തൂർ അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തത്. കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. അംബികയാണ് ഭാര്യ. ആദി കൃഷ്ണൻ, ആദിത്യൻ എന്നിവർ മക്കളാണ്. ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവർ സഹോദരങ്ങളാണ്.
Kerala
ആലപ്പുഴ: അർത്തുങ്കലിൽ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് നളന്ദ ജംഗ്ഷന് സമീപം കൊച്ചുതയ്യിൽ പരേതനായ മണിയുടെ മകൻ എം രഞ്ജിത്ത് (42) ആണ് മരിച്ചത്.
ശനിയാഴ്ച പകലായിരുന്നു സംഭവം. കാറ്റിലും മഴയിലും മരംവീണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ട അർത്തുങ്കൽ മുട്ടുകൽ ഭാഗത്തെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലിക്കിടെ, ചാരിവെച്ച ഏണിയുമായി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഗീതു. മക്കൾ: ദേവതീർഥ്, രുദ്രതീർഥ്.
Kerala
ഹാസ്യാനുകരണ കലയുടെ തമ്പുരാനായ സലിം കുമാർ വിടവാങ്ങിയിരിക്കുന്നു. ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞു എന്നു പറയുന്നതുപോലെ മലയാളികളെ ഒട്ടേറെ തവണ ചിരിപ്പിച്ച് അദ്ദേഹം ഇപ്പോൾ നമ്മുടെയുള്ളിൽ കണ്ണീർചാല് തീർത്ത് വിട പറഞ്ഞിരിക്കുന്നു.
നെഞ്ചിനൊരു കനപ്പെട്ട വേദനയാണ് സലിംകുമാറിന്റെ വിയോഗം. സലിം കുമാറിന്റെ സ്വതസിദ്ധമായ ആ തമാശ പറിച്ചിലുകളുടെ ആരാധകരായിരുന്നു മലയാളികളിൽ ഭൂരിഭാഗം പേരും.
പറവൂരിലെ ഗ്രാമത്തിൽ നിന്നും വളർന്ന് കേരളക്കരയാകെ നെഞ്ചേറ്റിയ ആ മനുഷ്യൻ ആദ്യം മിമിക്രി വേദികളിൽ ആളുകളെ ചിരിപ്പിച്ചു. പിന്നീട് അത് മലയാളസിനിമകളിലേയ്ക്കായി. ചെറിയ വേഷങ്ങളിൽ നിന്നും മുഴുനീള കഥാപാത്രമായി മാറുമ്പോഴും സലിം കുമാർ പല ഭാവങ്ങളായി നമ്മുടെ മുന്നിൽ തെളിഞ്ഞു.
സലിം കുമാറിന്റെ സിനിമയിലെ പല സംഭാഷണങ്ങളും ഇപ്പോഴും ആരെങ്കിലുമൊക്കെ തമാശരൂപേണ വായ്മൊഴി പോലെ പറഞ്ഞുപോകാറുണ്ടാകും.
പുലിവാൽ കല്യാണത്തിലെ മണവാളനെ, കല്യാണരാമനിലെ പ്യാരി, മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, പാണ്ടിപ്പടയിലെ ഉമാകണ്ടൻ, മായാവിയിലെ കുട്ടിസ്രാങ്ക്, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു.
ഹാസ്യത്തെ നെഞ്ചോട് ചേർത്ത സലിം കുമാർ അതിൽ മാത്രം ഒതുങ്ങിയില്ല. അഭിനയത്തിന്റെ തീവ്രഭാവം തനിക്കും ഉണ്ടെന്ന് ഒറ്റസിനിമയിലൂടെ അദ്ദേഹം തെളിയിച്ചു.
2004-ൽ കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചതിന് ശേഷം സലിം കുമാറിന് സ്വഭാവ വേഷങ്ങളും വഴങ്ങുമെന്ന് തെളിഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അച്ഛൻ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. ഈ വേഷം അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മലയാളസിനിമ ലോകത്തെ സലിം കുമാർ ഞെട്ടിച്ചു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ സ്വന്തമാക്കിയപ്പോൾ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. ആ വർഷത്തെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തിന് തന്നെ ലഭിച്ചു. എന്നാൽ സലിമിന്റെ അഭിനയപാടവത്തെ തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല.
സലിം കുമാർ രചനയും സംവിധാനവും നിർവഹിച്ച കറുത്ത ജൂതൻ 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടി. ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ. കുമാർ ആകണം എന്ന ചിത്രം 2018-ൽ ആദ്യമായി സംവിധാനം ചെയ്തു.
ഈശ്വര വാഴക്കില്ലെല്ലോ എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പും അദ്ദേഹം എഴുതിയിട്ടുണ്ട്.
District News
വണ്ടിപ്പെരിയാർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വള്ളക്കടവ് കൊക്കക്കാട്ടിൽ സ്വദേശി ജ്ഞാനയ്യ ( 79) ആണ് മരിച്ചത്.
മേയ് 29ന് വണ്ടിപ്പെരിയാർ കക്കിക്കവലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്ഞാനയ്യ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
District News
കട്ടപ്പന: മരത്തില്‍നിന്ന് വീണു മധ്യവയസ്കന് മരിച്ചു. നരിയമ്പാറ തുരുത്തേല്‍ ഏബ്രഹാം കുര്യന് (ബോബി-52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. സ്വന്തം പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സാറാമ്മ പുറ്റടി കുളങ്ങര കുടുംബാംഗം. മക്കള്‍: മിബിന്, നിഖില്‍.
Kerala
പാലക്കാട്: വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു. വാളയാര്‍ പുലാമ്പാറ മാരിമുത്തുവാണ് (64) മരിച്ചത്. മേയ് 26 ന് വീടിന് മുന്നില്‍ നിന്നാണ് മാരിമുത്തുവിന് പാമ്പുകടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരിച്ചു. നിലവില്‍ മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലിൽ നിന്ന് താഴെ വീണ് മരിച്ചു. പടപ്പക്കര ലെനിൻ ഭവനത്തിൽ വിൽഫ്രഡ് (62) ആണ് മരിച്ചത്.
സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിൽഫ്രഡിന്റെ മകൻ ലെനിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എസ്. അനിൽകുമാറാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ മേയ് 25 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ അഞ്ചാം വാർഡിൽ 17-ാം നമ്പർ ബെഡിൽ ചികിത്സയിലായിരുന്നു വിൽഫ്രഡ്. മേയ് 30-ന് വൈകുന്നേരം അഞ്ചരയോടെയാണ്
അദ്ദേഹം തറയിൽ കമിഴ്ന്നു വീണത്.
ഡോക്ടർമാർ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാൽ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ ഒരു മണിക്കൂറിനകം വൈകുന്നേരംട ആറരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ലെനിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ലെനിൻ നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. യൂത്ത് കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം ജനറല്‍ സെക്രട്ടറി കപ്പശേരി കല്ലറയ്ക്കല്‍ അല്‍ അമീന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളം റോഡിലായിരുന്നു അപകടം നടന്നത്.
എയര്‍പോര്‍ട്ട് റോഡില്‍ വച്ച് ബൈക്ക് യൂടേണ്‍ എടുക്കവെ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമീന് നാല് ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
NRI
അറ്റ്ലാന്റ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തിൽപ്പെട്ട ഡോസൺ കൗണ്ടിയിൽ വിവാഹച്ചടങ്ങുകൾക്കു പിന്നാലെ മലയാളി വധൂ - വരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വരനും പൈലറ്റും മരിച്ചു.
വർഷങ്ങൾക്കുമുന്‍പ് കേരളത്തിൽനിന്നു അറ്റ്ലാന്റയിലേക്കു കുടിയേറിയ ഫിജി - ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജിയാണു മരിച്ച മലയാളി.
ഡേവിന്റെ ഭാര്യ ജെസ്നിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പ്രാദേശികസമയം രാത്രി 10.30 ഓടെ ഡോസൺവില്ലയിലെ മൗണ്ട് വെർനൺ ഡ്രൈവിനു സമീപമായിരുന്നു അപകടം.
ആൻഡി വിടേക്കർ എന്ന കമ്പനിയിൽനിന്നു വാടകയ്ക്കെടുത്ത റോബിൻസൺ ആർ66 ഹെലികോപ്റ്ററാണ് തകർന്നുവീണത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഡേവിന്റെയും ജെസ്നിയുടെയും വിവാഹം.
ആഘോഷങ്ങള്‍ക്കുശേഷം വടക്കന്‍ ജോര്‍ജിയയിലെ വിവാഹവേദിയില്‍നിന്ന് മടങ്ങവേയാണ് വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്.
ഡേവ് ഫിജി തന്നെയാണു ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നതെന്ന തരത്തില്‍ ആദ്യം വാർത്തകൾ വന്നിരുന്നെങ്കിലും അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.
ഡോസണ്വില്ലയിൽ വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ തകർന്നുവീണത്. മുവാറ്റുപുഴ വീട്ടൂർ എബനേസർ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന കടുവാകുഴി കെ.ടി. ജോർജിന്റെ ചെറുമകനാണ് മരിച്ച ഡേവ് ഫിജി.
Kerala
തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്.
പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
നീണ്ടൂർ: കിണറ്റിൽ വീണ് യുവാവ് മരിച്ചു. നീണ്ടൂർ കല്ലുങ്കൽ പറമ്പിൽ സനിഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ കിണറിന്റെ ആൾമറ കെട്ടിൽ കിടന്നുറങ്ങുകയായിരുന്ന സനിഷ് കിണറ്റിലേക്കു വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
വ്യാഴാഴ്ച രാവിലെ സനീഷ് വീട്ടിൽ എത്തിയില്ലന്ന വിവരം വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അയൽവാസികളും സുഹൃത്തുക്കളും തെരച്ചിൽ നടത്തിയപ്പോൾ സമീപത്തെ കിണറിന്റെ അടുത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടു.
തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തി കിണറ്റിൽനിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സനിഷ് കിണറിന്റെ കെട്ടിൽ കിടന്നുറങ്ങുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.
Kerala
പയ്യാവൂർ: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്.
പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേയ്ക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
ആലപ്പുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വാ ഒലക്കപാടിൽ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ന് എടത്വാ- തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് കാർ മരത്തിൽ ഇടിച്ചത്.
പോലീസ് എത്തി ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് മേൽ നടപടി സ്വീകരിച്ചു.
Kerala
കൊല്ലം: കടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്.
നേവി ഉദ്യോഗസ്ഥനാണ് അബിൻ കൃഷ്ണ. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
District News
ചാവക്കാട്: ദേശീയപാത 66 പൊന്നാനി ആനപ്പടി പാലത്തിനു സമീപം കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലയൂർ എടപ്പുള്ളി നാലകത്ത് കാരക്കാട് അബുബക്കറിന്റെ മകൻ മുഹമ്മദ് ആദിൽ(22) ആണ് മരിച്ചത്. പൊന്നാനി ആനപ്പടി പാലത്തിനും പള്ളപ്രം പാലത്തിനും ഇടയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ഒറ്റപ്പാലം: മീറ്റ്നയിൽ വീട്ടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിലും കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
മീറ്റ്നയിൽ താമസിക്കുന്ന തൃശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ്ണൻ (65) ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ വസന്ത (57), മകൻ അഭിജിത്ത് (33) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും ഇതിന്റെ മനോവിഷമമാകാം കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: വാക്കുതര്‍ക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരന് മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ശ്യാം ആണ് മരിച്ചത്.
സംഭവത്തിൽ ശ്യാമിന്റെ അച്ഛന് ശബരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ശ്യാമും ശബരിയും തമ്മിലുണ്ടായ വാക് തര്‍ക്കത്തിനിടെ ശ്യാമിന്റെ തലയില്‍ അബദ്ധത്തില്‍ അടിയേല്‍ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടന്‍ ശബരി തന്നെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Kerala
കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു(70)വാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്.
വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചാണ് മിനിലോറി നിന്നത്. രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽനിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
Kerala
തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവം. അനുപമ വിതുര -ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കല്‍ ആറ്റിലെ പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു. കൂടെയുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
District News
പെരുവ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിമുട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുളക്കുളം നമ്പ്യാഴത്ത് എൻ.കെ മണിക്കുട്ടനാണ് (52) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ മുളക്കുളം അമ്പലപ്പടിക്കു സമീപമാണ് അപകടം. പിറവം ഭാഗത്തുനിന്നു വരുകയായിരുന്ന സ്കൂട്ടറും പിറവത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഉടൻതന്നെ മണിക്കുട്ടനെ നാട്ടുകാർ പിറവം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുംവഴിയാണ് മരണം. വെള്ളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുജ. മകൻ: മിലൻ (പ്ലസ് വൺ വിദ്യാർഥി, പെരുവ വിഎച്ച്എസ്എസ്).
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റോഡപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആറു പേർക്കു പരിക്കേറ്റു.
നവ്യ ഗഡുസു (25) ആണു ഷിക്കാഗോയ്ക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
Kerala
കരിമ്പൻ:കാറിൽ സഞ്ചരിക്കവേ യുവവൈദികൻ കുഴഞ്ഞുവീണു മരിച്ചു.ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ.ജോസഫ് കോയിക്കൽ (43)ആണ് മരിച്ചത്.
മൂവാറ്റുപുഴയ്ക്ക് സ്ഥലം മാറിപോകുന്ന മുരിക്കുംതൊട്ടി പള്ളിയിലെ സഹ വികാരിയെ യാത്രയയയ്ക്കുന്നതിനായി അദ്ദേഹത്തോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സമാപന ശുശ്രൂഷകൾക്കുശേഷം നടക്കും.
സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം രാവിലെ ഏഴിന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ നടക്കും. ഒന്‍പതിന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ജോസഫ് - മേരി ദമ്പതികളുടെ മകനാണ് ഫാ.ജോസഫ് കോയിക്കൽ.സഹോദരങ്ങൾ:സീന,സീമ,സാജൻ,സന്തോഷ്.
Kerala
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി വിദ്യാർഥിനി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു.സി.മാണി-ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്.
അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിനു സമീപം ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഫെബ. മൃതശരീരം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അന്ന ബിജു. സംസ്കാരം പിന്നീട്.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കുന്ന് ടൗണിലാണ് അപകടം.
ജിമ്മിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ.
District News
എടത്വ: ബൈക്കിടിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തലവടി ആനപ്രമ്പാൽ പുത്തൻപറമ്പിൽ ശിവൻപിള്ള (78) ആണ് മരിച്ചത്.
ഏപ്രിൽ 25 ന് ആനപ്രമ്പാൽ ഹോണ്ടാ ഷോറൂമിന് സമീപത്തുള്ള വീടിനു മുൻപിൽ നിൽക്കുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ശിവൻപിള്ളയെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സിന്ധു, സന്ധ്യ, സൗമ്യ. മരുമക്കൾ: ഷിബു സ്റ്റീഫൻ, മനു, ഉണ്ണി.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ പാലക്കുന്ന് ടൗണിലാണ് അപകടമുണ്ടായത്. ജിമ്മിൽ പോയി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ. മാതാവ്: റസീന മൊഗ്രാൽപുത്തൂർ. സഹോദരങ്ങൾ: നൗമാൻ,സഫ്റാൻ, ഫാത്തിമ.
Kerala
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹാന്‍ഡ്ലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായ നട്ടാശേരി ഞള്ളക്കാട്ട് സി.ഡി. റോസ് (ഓമന-69) ആണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെ 9.45നാണു സംഭവം.
സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അതേ ബസിനു മുന്നിലൂടെ റോസ് നടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നത്. തിരുനക്കര സ്റ്റാന്‍ഡിലെ ബസ് ബേയില്‍ നിര്‍ത്തിയപ്പോള്‍ റോസ് ബസില്‍നിന്നിറങ്ങി ബസിന്റെ ഇടതുവശം ചേര്‍ന്ന് മറികടക്കുമ്പോള്‍ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവര്‍, ബസ് മുന്നോട്ട് എടുത്തപ്പോള്‍ ഇതിനടിയില്‍ പെടുകയായിരുന്നു.
ഇടതുവശത്തെ മുന്‍ചക്രമാണ് റോസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ശബ്ദം കേട്ട ഉടന്‍തന്നെ യാത്രക്കാരും പോലീസും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വയറിനും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവ്: കെ.ജെ. ചാക്കോ (റിട്ട. ഹെഡ്മാസ്റ്റര്, സിഎംഎസ് എല്‍പിഎസ് കോട്ടയം). മക്കള്‍: ആശ, അനിഷ, അനില്‍. മരുമക്കള്‍: രാജന്, കുഞ്ഞുമോന്, സോഫിയ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടിച്ചിറ ന്യൂമാന്‍ വര്‍ഷിപ്പ് സെമിത്തേരിയില്‍.
Kerala
പാലാ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വൈദ്യുതി കാര്‍ ഇടിച്ച് മുന്‍ വോളിബോള്‍ താരം മരിച്ചു. പാലാ കുടക്കച്ചിറ പാലാത്ത് ജോയി ജോര്‍ജ് (പാലത്ത് അച്ഛന് - 76) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി 8.20 ഓടെ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ആണ് അപകടം. ചാലക്കുടിയില്‍ നടന്ന കുടക്കച്ചിറ കുടുംബയോഗത്തിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് തിരികെ വരുംവഴി ഭക്ഷണം കഴിക്കുന്നതിന് പുല്ലുവഴിയില്‍ വാഹനം നിര്‍ത്തി റോഡ് മുറിച്ചുകിടക്കുന്നതിനിടെ ഇലക്ട്രിക് കാര്‍ ജോയിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം 14ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലാ കത്തീഡ്രലില്‍ നടത്തും. ഭാര്യ റോസിലിന് ജോര്‍ജ് മാനത്തൂര്‍ ആലനോലിക്കല്‍ കുടുംബാംഗം.
മക്കള്‍: ടിസാ ജോര്‍ജ് (അധ്യാപിക, മുണ്ടക്കയം ഡീ പോള്‍ സ്കൂള്‍), ജിമ്മി ജോര്‍ജ് (ജര്‍മനി). മരുമക്കള്‍: സെബാസ്റ്റ്യന്‍ വെള്ളൂകുന്നല് ചക്കാമ്പുഴ, പെട്രീഷ്യ മാത്യു കുഴപ്പക്കുളം ചക്കാമ്പുഴ (ജര്‍മനി).
NRI
മനാമ: ബഹ്റനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്മോന് - അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്.
ഇന്ത്യൻ സ്കൂൾ ബഹ്റിൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.
ഉടനെ സമീപവാസികൾ സൽമാനിയ ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Kerala
പാലാ: ദുബായില്‍ ജോലിസ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം ഏന്തയാര്‍ ഈസ്റ്റ് കണ്ണന്‍കുളങ്ങര ധനീഷ് രാധാകൃഷ്ണന് (കണ്ണന്-39) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയില്‍ മെഷിന് ഓപ്പറേറ്ററായ യുവാവ് കഴിഞ്ഞ മൂന്നിന് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം ശനി രാവിലെ വള്ളിച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ട് വീട്ടില്‍ എത്തിക്കും. സംസ്കാരം 11ന് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മിപ്രിയ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: ആദി കൃഷ്ണ, അവനിക.
Kerala
തിരുവനന്തപുരം: ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്.
വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസർ ആയിരുന്നു. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് കേസെടുത്തു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.
Kerala
കേളകം: ചെട്ടിയാംപറമ്പിൽ പാമ്പുകടിയേറ്റ് പശു ചത്തു. മണ്ണാലയിൽ സാലിയുടെ പശുവിനെയാണ് വെള്ളിയാഴ്ച പുലർച്ചെ തൊഴുത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാലിൽ പാമ്പുകടിയേറ്റതായി കണ്ടത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു.