ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായാണ് വിവരം. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളെന്നും പോലീസ് അറിയിച്ചു.
Tags : Sexual Assault 3 year old dies tamilnadu