കുട്ടിയുടെ തലയിൽ കുടുങ്ങിയ കലം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചു നീക്കുന്നു.
കോട്ടയം: കളിക്കുന്നതിനിടെ തലയിൽ കലം കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. മണ്ണാറക്കയം സ്വദേശികളുടെ കുട്ടിയുടെ തലയിലാണ് തിങ്കളാഴ്ച അബദ്ധത്തിൽ കലം കുടുങ്ങിയത്. തുടർന്ന് തലയിൽനിന്ന് കലം ഊരിമാറ്റാൻ വീട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതോടെ കുടുംബം കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കട്ടിംഗ് പ്ലെയേഴ്സ്, ഷിയേഴ്സ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കലത്തിന്റെ വക്ക് മുറിച്ചുമാറ്റി.
സമയോചിതമായി ഇടപെട്ട് കുട്ടിയെ അപകടത്തിൽനിന്ന് രക്ഷിച്ച അഗ്നിരക്ഷാസേനാംഗങ്ങൾക്ക് കുടുംബം നന്ദി അറിയിച്ചു. ഉദ്യോഗസ്ഥരുടെ ജാഗ്രതയും ഇടപെടലും വലിയൊരു അപകടസാധ്യതയാണ് ഒഴിവാക്കിയത്.
Tags : FireAndRescue FireForce RescueOperation ChildRescue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash