ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വീണ്ടും ക്ഷണിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിക്കെതിരെ നേരത്തെ ഉയർത്തിയ സംവാദ വെല്ലുവിളി 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികരണമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് രാഹുൽ വീണ്ടും വെല്ലുവിളിയുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്തെ രാജ്യദ്രോഹികളെന്ന് നിരന്തരം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ധൈര്യമുണ്ടെങ്കിൽ തുറന്ന സംവാദത്തിന് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആരാണ് യഥാർഥത്തിൽ രാജ്യദ്രോഹപരമായ നിലപാടുകൾ സ്വീകരിക്കുന്നത്. ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളത്, അത്തരം ബന്ധങ്ങളുടെ സ്വഭാവം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തത വരുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വൈകാതെ സംവാദത്തിനുള്ള വേദി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രി പേടിക്കരുതെന്നും എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പരിഹസിച്ചു.
മാധ്യമങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും സാന്നിധ്യത്തിൽ സംവാദം നടത്തണമെന്നാണ് രാഹുലിന്റെ നിർദേശം. ഒരു മേശയുടെ ഇരുവശങ്ങളിലായി പ്രധാനമന്ത്രിയും താനും ഇരുന്ന് വിഷയങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന്റെ നിഷ്പക്ഷത ഉറപ്പാക്കാൻ ആരെ വേണമെങ്കിലും പ്രധാനമന്ത്രിക്ക് നിയോഗിക്കാം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലും വിളിക്കാമെന്നും രാഹുൽ പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
സത്യവും മിഥ്യയും വേർതിരിച്ചറിയാൻ ഇത്തരം തുറന്ന സംവാദം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളെക്കുറിച്ചും രാഹുൽ സൂചന നൽകി. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയും സാമ്പത്തിക ഘടനയും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. കേന്ദ്ര മന്ത്രിസഭയെപ്പോലും അറിയിക്കാതെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് തനിച്ച് യുഎസ് കരാറിൽ ഏർപ്പെട്ടതെന്നും ഇത്ര തിടുക്കത്തിൽ കരാർ ഒപ്പിടേണ്ട സാഹചര്യം എന്തായിരുന്നുവെന്നും രാഹുൽ ചോദിച്ചു.
ഇതിനുപുറമെ അദാനിക്കെതിരായ കേസ് അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളും എപ്സ്റ്റീൻ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംവാദത്തിൽ ഉന്നയിക്കും. ഈ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നിൽ വിശദീകരണം ലഭിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.
Tags : Rahul Gandhi RahulGandhi NarendraModi Challenges OpenDebate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash