Kerala
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 13 മരണം സ്ഥിരീകരിച്ചു. തൃശൂർ പൂരത്തിന്റെ സാന്പിൾ വെടിക്കെട്ടിനും 27നു പുലർച്ചെ നടത്തുന്ന വെടിക്കെട്ടിനും പകൽപ്പൂരത്തിന്റെ വെടിക്കെട്ടിനുമായി നിർമിച്ച കുഴിമിന്നികളടക്കം വന്പൻ ശേഖരമാണ് പൊട്ടിത്തെറിച്ചത്.
കടുത്ത ചൂടാണ് സ്ഫോടനത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ആറായിരം കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നെന്നാണു കരുതുന്നത്. നാൽപതുപേരോളം ജോലി ചെയ്തിരുന്നെന്നാണു വിവരം. മുണ്ടത്തിക്കോടിനു സമീപം പാടത്തിനു നടുവിലുള്ള വെടിക്കോപ്പ് നിർമാണ പുരയിലാണ് അപകടം.
അപകടത്തിൽ പാടത്തുനിന്ന് ഏറെ അകലെയുള്ള വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു. സ്ഫോടനത്തിന്റെ പ്രകന്പനം കിലോമീറ്റർ ദൂരത്തോളം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഭൂകന്പമെന്നാണു പലരും കരുതിയത്. ഉച്ചയ്ക്കു മൂന്നരയോടെയാണു സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറി തുടരുന്നതിനാൽ ഫയർഫോഴ്സിനും മറ്റു രക്ഷാ പ്രവർത്തകർക്കും അവിടേക്കെത്താൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളജിനു പുറമേ, തൃശൂർ ജില്ലാ ആശുപത്രിയടക്കമുള്ള സമീപസ്ഥ ആശുപത്രികളും സജ്ജമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
Kerala
പരവൂര്‍: രാജ്യത്തെ നടുക്കിയ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിന് നാളെ പത്ത് വയസ്. പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്.
2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.11ന് ഉണ്ടായ സ്ഫോടനത്തില്‍ 110 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 500- ഓളം പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുരന്തത്തില്‍ 358 വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. റവന്യു അധികൃതര്‍ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.
ദുരന്തം നടന്ന് 10 വര്‍ഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആദ്യം ലോക്കല്‍ പോലീസ് ആണ് അന്വേഷണം നടത്തിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈ ബ്രാഞ്ച് 1734/2023 എന്ന നമ്പരില്‍ ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തി പരവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് പിന്നീട് ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് നല്കിയ കുറ്റപത്രത്തില്‍ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പേര് മരണമടഞ്ഞു.കേസിലെ ഒന്ന്, മൂന്നു മുതല്‍ ഒമ്പത് വരെ, 11 മുതല്‍ 16 വരെ, 18 മുതല്‍ 21 വരെ പ്രതികള്‍ക്ക് എതിരേ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
കേസില്‍ ഒന്നു മുതല്‍ 15 വരെയുള്ള പ്രതികള്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. 16 മുതല്‍ 20 വരെയുള്ളവര്‍ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം നല്കിയ വ്യക്തിയാണ്. 22 മുതല്‍ 25 വരെയും 28 മുതല്‍ 41 വരെയും 41 മുതല്‍ 55 വരെയുമുള്ള പ്രതികള്‍ കമ്പക്കാരുടെ തൊഴിലാളികളുമാണ്. 57 മുതല്‍ 59 വരെയുള്ള പ്രതികള്‍ കമ്പക്കാര്‍ക്ക് സ്ഫോടക വസ്തുക്കള്‍ വിതരണം ചെയ്തവരുമാണ്. ആയിരത്തിലധികം പേരെയാണ് കുറ്റപത്രത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിചാരണയ്ക്ക് പ്രത്യേക കോടതി
കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിച്ചു. കൊല്ലം ടി.എം. വര്‍ഗീസ് സ്മാരക ലൈബ്രറി ഹാളിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കേസിന്റെ പ്രാരംഭ വിചാരണ നടപടികള്‍ ശനിയാഴ്ചകളില്‍ ഇവിടെയാണ് നടക്കുന്നത്. പ്രത്യേക കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ ഇതുവരെ നിയമിക്കാത്തത് വലിയ പോരായ്മയായി അവശേഷിക്കുന്നു.
കൊല്ലം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം. സി. ആന്റണിക്കാണ് പ്രത്യേക കോടതിയുടെ താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന് മുമ്പാകെയാണ് ഇപ്പോള്‍ വിചാരണ നടപടികള്‍ നടന്നു വരുന്നത്.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചുവപ്പുനാടയില്‍
ദുരന്ത കാരണം അന്വേഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണമാണ് നടത്തിയത്. ഇരു കമ്മിറ്റികളും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരുകള്‍ക്ക് കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് റവന്യു- പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന അച്ചടക്ക നടപടികളും ശിപാര്‍ശ ചെയ്തിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെയാണ് വെടിക്കെട്ട് നടന്നത്. അപകടം നടക്കുന്നതുവരെയും പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. വെടിക്കെട്ട് നിര്ത്തിവയ്പിക്കാന് ഇവര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും ജുഡീഷല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് എതിരേയാണ് നടപടി വേണമെന്ന് കമ്മീഷന് ശിപാര്‍ശ ചെയ്തത്.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും പോലീസിന്റെയും റവന്യു അധികൃതരുടെയും വീഴ്ച അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയതുമില്ല.
National
ജയ്പുർ: വസ്ത്ര നിർമാണ ശാലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ തത്ക്ഷണം മരിച്ചു.
ഖൈർതാൽ-തിജാറ ജില്ലയിലെ ഭീവൻഡിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ഫോടനം നടക്കുന്പോൾ 20 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഫാക്ടറിയിലെ ഭൂരിപക്ഷം പേരും ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലിക്ക് ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ചില ഉപാധികളോടെയാണു പരമോന്നത കോടതി താരതമ്യേന കുറഞ്ഞ മലിനീകരണത്തിനു കാരണമാകുന്ന ഹരിതപടക്കങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഈ മാസം 20നാണ് ദീപാവലി ആഘോഷം എന്നിരിക്കെ 18നും 21നുമിടയ്ക്കു തലസ്ഥാനനിവാസികൾക്ക് ഹരിതപടക്കം പൊട്ടിക്കാമെന്ന് കോടതി പറഞ്ഞു.
മേൽക്കോടതിയുടെ ഉത്തരവനുസരിച്ച് രാവിലെ ആറു മുതൽ ഏഴു വരെയും രാത്രി എട്ടു മുതൽ പത്തു വരെയുമാണ് പടക്കം പൊട്ടിക്കാനുള്ള അനുമതി. ഓണ്‍ലൈൻ വെബ്സൈറ്റുകളിൽ ലഭ്യമല്ലാത്ത ഹരിതപടക്കങ്ങൾ ചില തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ വില്പനയുള്ളൂ.
ഇത്തരത്തിൽ വില്പന നടത്തുന്ന ഹരിത പടക്കങ്ങൾക്കെല്ലാം പച്ച ലോഗോയും ക്യൂആർ കോഡുമുണ്ടാകും. പ്രത്യേക പട്രോളിംഗ് ടീമുകൾ ഹരിത പടക്കങ്ങൾ വിൽക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദർശിക്കുകയും പടക്കങ്ങളിലെ ക്യൂആർ കോഡുകൾ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പുവരുത്തുയും ചെയ്യും.
സാധാരണ പടക്കങ്ങളിൽനിന്ന് 20 മുതൽ 30 ശതമാനം വരെ വായുമലിനീകരണം കുറവുള്ള ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് അനുമതി നൽകിയിരിക്കുന്നത്.