കേരള ഹൈക്കോടതി
കൊച്ചി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ നടപടി സ്വീകരിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.
നടപ്പാക്കാനായി വിവിധ വകുപ്പുകള്‍ സമയം തേടി നല്കിയ അപേക്ഷ ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസുമാരായ രാജ വിജരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്. സത്യവാങ്മൂലമല്ല ഉത്തരവില്‍ നടപടികളാണു വേണ്ടതെന്ന് കോടതി പരാമര്‍ശിച്ചു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് കൊച്ചിയിലടക്കം സ്വകാര്യ ബസുകള്‍ മറ്റു യാത്രികര്‍ക്ക് ഭീതി സൃഷ്ടിക്കുന്ന കാര്യം കോടതി ഓണ്‍ലൈനായി ഹാജരായ ഗതാഗത കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തി.
ജഡ്ജിമാരുടെ വാഹനങ്ങള്‍പോലും കഷ്ടിച്ചാണു രക്ഷപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വമേധയാ എടുത്ത ഹര്‍ജികളാണു പരിഗണനയിലുള്ളത്.
റോഡ് സുരക്ഷാ വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ ജിഐഎസ് അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും വിവിധ വകുപ്പുകളില്‍നിന്നു ഡാറ്റ ശേഖരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സമയം തേടുകയായിരുന്നു.
പൊതുഗതാഗത സുരക്ഷയ്ക്കും സ്വകാര്യബസുകളുടെ മേല്‍നോട്ടത്തിനുമായി കേരള ബസ് എന്ന പ്ലാറ്റ്ഫോം സജ്ജമാക്കുന്നുണ്ടെന്നും അറിയിച്ചു. ബ്ലാക്ക് സ്പോട്ടുകള്‍ രേഖപ്പെടുത്താനും ജനങ്ങള്‍ക്കു പരാതി നല്‍കാനുമെല്ലാം സാധിക്കുന്ന സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോം സജ്ജമായാല്‍ ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിനായി മുന്‍കൈയെടുക്കണമെന്ന് അഡീ. അഡ്വക്കറ്റ് ജനറലിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാനായി ഹര്‍ജി മാറ്റി.
Tags : RoadSaftey NoAction KeralaHighCourt Dissatisfaction Expresses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash