ന്യൂഡൽഹി: മതപരമായ കാരണങ്ങളാൽ ദേശീയഗാനമോ ഗീതമോ പാടാൻ വിസമ്മതിക്കുന്ന ആരെയും ക്രിമിനൽ ശിക്ഷയ്ക്ക് വിധേയനാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വന്ദേമാതരവുമായി ബന്ധപ്പെട്ട 2026-ലെ നിയമഭേദഗതി ചോദ്യം ചെയ്ത് പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വാക്കാലുള്ള പ്രതികരണം ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ച് തേടി. എന്നാൽ ദേശീയഗീതം ഏതാണെന്ന് തീരുമാനിക്കുന്നത് കോടതിയുടെ പരിധിയിലുള്ള കാര്യമല്ലെന്നും അത് സർക്കാരിന്റെ തീരുമാനത്തിൽ വരുന്നതാണെന്നും കോടതി വ്യക്തമാക്കി.
ദേശീയ ബഹുമതികൾക്ക് എതിരായ അപമാനങ്ങൾ തടയൽ (ഭേദഗതി) നിയമം 2026 പ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയിരുന്നു. കൂടാതെ, വന്ദേമാതരത്തെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുകയും ചെയ്യുന്നു.
എന്നാൽ, വന്ദേമാതരത്തിന്റെ അവസാന നാല് ശ്ലോകങ്ങളിൽ വിവിധ ഹൈന്ദവ ദൈവങ്ങളെ പരാമർശിക്കുന്നുണ്ടെന്നും, ഇത് മതേതരത്വത്തിന് വിരുദ്ധമാണെന്നും, അതുകൊണ്ടുതന്നെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ടി.എം. കൃഷ്ണ സുപ്രീംകോടതിയെ സമീപിച്ചത്.
വിശദ പരിശോധന
1986ലെ ബിജോയ് ഇമ്മാനുവൽ കേസിലെ സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ, ദേശീയ ഗാനമോ ഗീതമോ പാടാൻ വിസമ്മതിക്കുന്ന ആരെയും ക്രിമിനൽ ശിക്ഷയ്ക്ക് വിധേയനാക്കാൻ കഴിയില്ലെന്ന വാദമാണ് സുപ്രീംകോടതിയിൽ ഹർജിക്കാർ ഉന്നയിച്ചത്.
യഹോവ സാക്ഷി വിഭാഗത്തിൽപ്പെട്ട മൂന്ന് വിദ്യാർഥികൾ മതപരമായ വിശ്വാസപ്രകാരം ദൈവത്തെയല്ലാതെ മറ്റാരെയും ആരാധിക്കാനോ പ്രാർഥനാ രൂപത്തിലുള്ള ചടങ്ങുകളിൽ പങ്കെടുക്കാനോ പാടില്ല എന്ന കാരണത്താൽ ദേശീയഗാനം ആലപിക്കാതിരുന്നതിനെ ത്തുടർന്ന് സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു.
എന്നാൽ ദേശീയഗാനം പാടാൻ വിസമ്മതിച്ചെങ്കിലും കുട്ടികൾ ആദരവോടെ എഴുന്നേറ്റു നിന്നതുകൊണ്ട് അവർ ദേശീയഗാനത്തെ അപമാനിച്ചതായി കണക്കാക്കുന്നില്ല എന്നായിരുന്നു സുപ്രീംകോടതി ജസ്റ്റീസ് ഒ. ചിന്പ്പ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.