പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിദേശികൾ കുടിയേറ്റ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി.
രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ യാത്രയും താമസവും സുഗമമാക്കുക, കുടിയേറ്റ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
രാജ്യത്തെത്തുന്ന വിദേശികളുടെ രജിസ്ട്രേഷൻ, താമസം, തുടർനടപടികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നത് എഫ്ആർആർഒ ആണ്.
രജിസ്ട്രേഷൻ ആവശ്യമായ വിഭാഗത്തിൽപ്പെടുന്ന വിദേശികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും താമസാനുമതിയും നൽകുന്നതും ഈ ഏജൻസിയാണ്. ഇതിനു പുറമെ വിദേശികളുടെ താമസസ്ഥലം, പാസ്പോർട്ട് വിവരങ്ങൾ, രാജ്യത്തിനകത്തെ യാത്രകൾ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളും എഫ്ആർആർഒ രേഖപ്പെടുത്തും.
എഫ്ആർആർഒ ഓഫീസുകൾക്ക് പൂർണ മേൽനോട്ടം
സംരക്ഷിത-നിയന്ത്രിത മേഖലകളിലേക്കുള്ള സന്ദർശനാനുമതി നൽകൽ, വീസ കാലാവധി കഴിഞ്ഞവർക്കും അനുമതിയില്ലാതെ അധികദിവസം താമസിക്കുന്നവർക്കും എക്സിറ്റ് പെർമിറ്റുകൾ അനുവദിക്കൽ എന്നിവയും എഫ്ആർആർഒയുടെ ചുമതലയിലാണ്.
വീസ ചട്ടങ്ങൾ ലംഘിക്കുന്ന കേസുകൾ കൈകാര്യം ചെയ്യാനും നിയമനടപടികളും പിഴയും ഉൾപ്പടെയുള്ള കാര്യങ്ങളിൽ മറ്റ് അധികാരികളുമായി ഏകോപനം നടത്താനും എഫ്ആർആർഒ ഓഫീസുകൾക്ക് പൂർണ മേൽനോട്ടമുണ്ടാകും.
Tags : ImmigrationLaws Centre Strengthens FRRO Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ForeignNationals