യുക്രെയിനിലെ സഹായ വിതരണ കേന്ദ്രത്തിൽ റഷ്യ നടത്തിയ ബോംബിംഗിൽ തകർന്ന കെട്ടിടം.
കീവ്: തെക്കുകിഴക്കൻ യുക്രെയ്നിലെ സഹായവിതരണ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ റഷ്യ നടത്തിയ ബോംബിംഗിൽ 31 പേർ കൊല്ലപ്പെട്ടു. 50 പേരെ കാണാതായിട്ടുണ്ട്.
തെക്കുകിഴക്കൻ പ്രദേശമായ സാപ്പോറിഷ്യയിൽ യുദ്ധമുന്നണിയിൽ സ്ഥിതി ചെയ്യുന്ന കോമിഷുവാകാ ഗ്രാമത്തിൽ തിങ്കളാഴ്ചയായിരുന്നു ആക്രമണം.
എല്ലാ തിങ്കളാഴ്ചയിലും സ്കൂളിൽ സഹായവസ്തുക്കൾ വിതരണം ചെയ്തിരുന്നു.
ജനങ്ങൾ സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ റഷ്യൻ സേന ബോംബിടുകയായിരുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. സ്ഫോടനമേഖലയിൽ രക്ഷാപ്രവർത്തകരെത്തിയപ്പോൾ രണ്ടാമതും ബോംബിട്ടു.
നാലു പൊലിസുകാരും രണ്ട് രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.യുക്രെയ്ൻ സർക്കാർ സാപ്പോറിഷ്യ മേഖലയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
അതേസമയം, യുക്രെയ്ൻ സൈനിക യൂണിറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 25 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടെന്നും 15 സൈനിക വാഹനങ്ങൾ, ഇലക്ട്രോണിക് ആക്രമണത്തിനുള്ള സ്റ്റേഷൻ എന്നിവ നശിപ്പിച്ചെന്നും റഷ്യ കൂട്ടിച്ചേർത്തു.
സാപ്പോറിഷ്യക്കു പുറമേ യുക്രെയ്ന്റെ ഇതര ഭാഗങ്ങളിലും റഷ്യൻ വ്യോമാക്രമണങ്ങളുണ്ടായി.
289 ഡ്രോണുകൾ, 17 ബാലിസ്റ്റിക് മിസൈൽ, 59 ക്രൂസ് മിസൈൽ എന്നിവയാണ് റഷ്യ പ്രയോഗിച്ചതെന്ന് സെലൻസ്കി അറിയിച്ചു.
Tags : Bombing AidDistributionCentre Ukraine Russia Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash