പ്രതീകാത്മക ചിത്രം - എഐ
ജാപ്പനീസ് ചായ സൽക്കാരങ്ങളുമായി പരമ്പരാഗതമായി ബന്ധപ്പെട്ടിരിക്കുന്ന മാച്ച എന്ന പച്ചനിറത്തിലുള്ള പാനീയം, ഇന്ത്യയില്‍ വര്‍ധിച്ച ജനപ്രീതി നേടുകയാണ്. കഫേകളിലും വീടുകളില്‍ ഉണ്ടാക്കുന്നതിനായുള്ള പാചകക്കുറിപ്പുകള്‍ക്കായി ഓണ്‍ലൈന്‍ തെരച്ചിലുകളിലും ജനപ്രീതി ഉണ്ടാക്കുകയാണ്.
വര്‍ധിച്ചുവരുന്ന താത്പര്യം പാനീയ കമ്പനികള്‍ക്ക് പുതിയ അവസരമാണ് തുറന്നുനല്‍കുന്നത്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ മാച്ച വിപണിയുടെ മൂല്യം ഇരട്ടിയിലധികമാകുമെന്നാണ് പ്രതീക്ഷ.
ഗ്രാന്‍ഡ് വ്യൂ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2025ല്‍ ഇന്ത്യയിലെ മാച്ച ടീ വിപണി 4.57 കോടി ഡോളര്‍ വരുമാനം നേടിയിരുന്നു. ഇത് 2026-നും 2033-നും ഇടയില്‍ 9.8% വാര്‍ഷിക വളര്‍ച്ചാനിരക്കോടെ 2033ഓടെ 9.64 കോടി ഡോളറിലെത്തുമെന്നാണ് അനുമാനിക്കുന്നത്. 2025-ലെ ആഗോള മാച്ച ടീ വിപണി വരുമാനത്തിന്റെ 4.7 ശതമാനം ഇന്ത്യയില്‍നിന്നായിരുന്നു.
ഗൂഗിൾ സെർച്ചിലും വർധന
ഗൂഗിള്‍ ഇന്ത്യയുടെ തിരച്ചില്‍ വിവരങ്ങളും ഉപഭോക്താക്കളുടെ ഈ വര്‍ധിച്ചുവരുന്ന താത്പര്യം കാണിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ‘how to make matcha’ (മാച്ച എങ്ങനെ ഉണ്ടാക്കാം) എന്ന തെരച്ചിലില്‍ 1,300% വര്‍ധനയുണ്ടായി. കൂടാതെ ‘matcha protein’ (മാച്ച പ്രോട്ടീന്‍) എന്ന തെരച്ചില്‍ 2,500 ശതമാനവും ‘matcha health’ (മാച്ച ആരോഗ്യം) എന്ന തെരച്ചില്‍ 1,000 ശതമാനവും വര്‍ധിച്ചു. വര്‍ധിച്ചുവരുന്ന ഈ ആവശ്യകതയുടെ യഥാര്‍ഥ സൂചനകള്‍ കഫേ കൗണ്ടറുകളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദശകത്തില്‍ തങ്ങളുടെ മാച്ച പാനീയങ്ങളുടെ വില്പന ഇരട്ടിയോളമായെന്ന് ടാറ്റ സ്റ്റാര്‍ബക്സ് വ്യക്തമാക്കി. മുംബൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ സബ്കോ കഫേകളിലെ പാനീയ വില്പനയുടെ ശരാശരി 24 ശതമാനവും മാച്ച പാനീയങ്ങളാണ്.
പ്രീമിയം കഫേ മെനുകള്ക്കപ്പുറത്തേക്ക് മാച്ചയെ എത്തിക്കുകയും, പാക്ക് ചെയ്ത പാനീയങ്ങള്‍, ഇന്‍സ്റ്റന്റ് മിക്സുകള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ജനപ്രിയമായ ഐസ്ഡ് പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ഒരു ഉപഭോക്തൃ വിഭാഗമാക്കി ഇതിനെ മാറ്റുകയുമാണ് പ്രധാന ലക്ഷ്യം.
പുരാതനമായ ഒരു ചായയ്ക്ക് പുതിയ സ്വീകാര്യത
സോഷ്യല്‍ മീഡിയ ഇതിന്റെ തിളക്കമുള്ള പച്ചനിറത്തെ പ്രശസ്തമാക്കുന്നതിനും വളരെ മുന്‍പേതന്നെ മാച്ചയുടെ ചരിത്രം ആരംഭിച്ചിരുന്നു. ക്രിസ്തുവര്‍ഷം 960 മുതല്‍ 1279 വരെയുള്ള സോങ് രാജവംശത്തിന്റെ കാലഘട്ടത്തില്‍ ചൈനയിലാണ് പൊടിച്ച തേയില ആദ്യം ഉപയോഗിച്ചിരുന്നത്.
ഇന്നു നാം കാണുന്ന രീതിയിലുള്ള മാച്ച വികസിച്ചത് 1300-നും 1600-നും ഇടയില്‍ ജപ്പാനിലാണ്. ചൈനയില്‍നിന്ന് കല്ലുരലുകളും മുളകൊണ്ടുള്ള വിസ്കുകളും അവതരിപ്പിച്ചതോടെയാണിതെന്ന് സതേണ്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസറായ റെബേക്ക കോര്‍ബെറ്റ് തന്റെ 2026-ലെ ‘Matcha: A Short History from the Song Dynasty to Social Media’’ എന്ന ഗവേഷണ പ്രബന്ധത്തില്‍ കുറിക്കുന്നു.
ജപ്പാനില്‍, ‘ചാനോയു’ (chanoyu) എന്ന ചായച്ചടങ്ങുമായി മാച്ച അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
പരമ്പരാഗതമായി, പാലോ മധുരമോ ചേര്‍ക്കാതെ ചൂടുവെള്ളത്തില്‍ ഈ പൊടി കലക്കിയാണ് തയാറാക്കുന്നത്. എന്നാല്‍ തണുപ്പിച്ചും മധുരം ചേര്‍ത്തും പാല്, ഫ്രൂട്ട്സ് അല്ലെങ്കില്‍ എസ്പ്രസോ എന്നിവ കലര്‍ത്തിയും തയാറാക്കുന്ന ആധുനിക കഫേ രീതി പരമ്പരാഗത രീതിയേക്കാള്‍ ഏറെ വ്യത്യസ്തമാണ്.
ഈ പുതിയ മാറ്റം, മാച്ചയെക്കുറിച്ച് മുന്‍പരിചയമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കാന്‍ സഹായിച്ചതായി കോര്‍ബെറ്റ് ചൂണ്ടിക്കാണിക്കുന്നു. കഫേ ശൃംഖലകള്‍ ഇതിന് എളുപ്പമുള്ള തുടക്കം നല്കിയപ്പോള്, സോഷ്യല്‍ മീഡിയ ഇതിന്റെ പച്ചനിറവും തയാറാക്കുന്ന രീതിയും വ്യത്യസ്ത രുചികളും ജനപ്രിയമാക്കാന്‍ സഹായിച്ചു.