പ്രതീകാത്മക ചിത്രം
കോഴിക്കോട്: സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ ഇറങ്ങിയ സന്ദർശക സംഘം ലൈഫ് ഗാർഡുകളെ ആക്രമിച്ചതായി പരാതി. കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപമുണ്ടായ സംഭവത്തിൽ സ്ത്രീകൾ അടക്കമുള്ള സംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. കടലിൽ ഇറങ്ങി അപകടകരമായ രീതിയിൽ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലൈഫ് ഗാർഡുകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ വീണ്ടും കടലിൽ ഇറങ്ങിയതോടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സംഘത്തിലുണ്ടായവർ പ്രകോപിതരാവുകയും ലൈഫ് ഗാർഡുകളെ ആക്രമിക്കുകയുമായിരുന്നു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഹോംഗാർഡിനെ വിവരം അറിയിച്ചതിനു പിന്നാലെയാണ് സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിച്ചെന്ന് ലൈഫ് ഗാർഡുകൾ നൽകിയ പരാതിയിൽ പറയുന്നു.
നാട്ടുകാർ ഇടപെട്ടിട്ടും ആക്രമണം തടയാനായില്ല. സംഘത്തിന്റെ ആക്രമണത്തിൽ നാട്ടുകാർക്കും പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. അതേസമയം അക്രമിസംഘത്തിലെ പ്രധാനികളായ ചിലർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും ആരോപണമുണ്ട്.
Tags : Arrest LifeguardsAttacked Police Case KozhikodeBeach Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash