Kerala
കാസർഗോഡ്: സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മുഹമ്മദ് അൻസാറിനെതിരെയാണ് കേസ്.
സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Kerala
പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി. പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേർക്കെതിരെ കേസെടുത്തെന്നും ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി തനിക്കുണ്ടായ ക്രൂരമായ അനുഭവം കൗൺസിലറോട് തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ തന്നെയുള്ള സഹപാഠികളാണ് കേസിലെ പ്രതികൾ. സ്കൂളിന് സമീപത്ത് വെച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം.
Kerala
കണ്ണൂർ: പിടി പീരീഡിൽ കളിക്കാൻ വന്നില്ലെന്ന് ആരോപിച്ച് എട്ടാം ക്ലാസുകാരനെ മർദിച്ച കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂരിൽ നടന്ന സംഭവത്തിൽ കായികാധ്യാപകൻ രഘുവിനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ 22 ന് നടന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. പനിയായതിനാലാണ് വിദ്യാർഥി ഗ്രൗണ്ടിലേക്ക് പോകാതെ ക്ലാസിൽ തുടർന്നതെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സഹപാഠികളുടെ മുന്നിൽ വെച്ചായിരുന്നു മർദനമെന്നും മുതുകിലും കാലിനും മർദിച്ചെന്നും കഴുത്തിന് പിടിച്ചെന്നും പരാതിയിലുണ്ട്.
പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ വിഷയം ഒത്തുതീർപ്പാക്കാൻ സ്കൂൾ മാനേജ്മെന്റും അധികൃതരും കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും കുടുംബം ആരോപിച്ചു.
Kerala
കാസർഗോഡ്: യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ യുട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹദിന് മർദനമേറ്റ സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസ് ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
ഖാദർ കരിപ്പൊടിയെ കൂടാതെ മറ്റ് രണ്ടു പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽപ്പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന.
തർക്കം പരിഹരിക്കാനെന്ന വ്യാജേന അബ്ദുൽ അഹദിനെ ഖാദർ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ അഹദ് കാസർഗോഡ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഖാദർ കരിപ്പൊടിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതി കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയിൽ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
ചെമ്പഴന്തി ഉദയനെ കൂടാതെ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയും കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് പരാതി നൽകിയത്. കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ആർ.സുഗതന്റെ രാജിക്കായി യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിനിടെ അജണ്ടകൾ പാസായെന്ന് പറഞ്ഞ് മേയർ കസേര വിട്ടതിന് പിന്നാലെ യുഡിഎഫ്-ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടുകയായിരുന്നു. യോഗത്തിനുശേഷം ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ കെ.എസ്.ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. ജയിലിലുള്ള ആർ. സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും ഇതിനിടെ വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്റെ പരാതി.
അതേസമയം യുഡിഎഫ് കൗൺസിലർമാർക്കെതിരെ ഇന്ന് പരാതി നൽകുമെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കൈയാങ്കളിയുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
സുല്‍ത്താന്‍ ബത്തേരി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കര്‍ണാടകയിൽ നിന്നുവന്ന ബസിൽ കഞ്ചാവു കടത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്.
ആറു കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഷെഫീഖ് കുടുങ്ങിയത്. മൈസൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കര്‍ണാടക ആര്ടിസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
ഇയാൾക്ക് എവിടെ നിന്ന് കഞ്ചാവ് ലഭിച്ചുവെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Kerala
കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹനപരിശോധനയിൽ 33.25 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശികളായ എം.പി.സ്വരൂപ് (39), സവിത്ത്കുമാർ (42), കണ്ണൂർ ചിറക്കൽ സ്വദേശി ടി.പി. ഷഫീഖ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറിനകത്ത് 64 പാക്കറ്റുകളിലാക്കി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കണ്ണൂരിലെയും അയൽ ജില്ലകളിലെയും ലഹരി വിൽപ്പനക്കാർക്ക് വലിയ തോതിൽ കഞ്ചാവ് മൊത്തമായി എത്തിച്ചുനൽകുന്ന പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പിന്നിലുള്ള സംഘത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
കുമളി: ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുമളി അണക്കരയിലെ തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് മർദനമേറ്റതായി പരാതി ഉയർന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
അധ്യാപകനെ വിദ്യാർഥി കളിയാക്കിയെന്ന് സഹപാഠി ചെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദനമെന്നാണ് പരാതി. വടി ഒടിയുന്നതുവരെ അധ്യാപകൻ തന്നെ അടിച്ചെന്നും മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും കുട്ടി വെളിപ്പെടുത്തി. പരിക്കേറ്റ വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ പരിക്കുകൾ കണ്ട ഡോക്ടർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ കുട്ടി പറയുന്ന രീതിയിലുള്ള ക്രൂരമർദനം നടന്നിട്ടില്ലെന്നാണ് അധ്യാപകന്റെ വിശദീകരണം. ക്ലാസിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ കുട്ടി പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ചൂരലു കൊണ്ട് അടിച്ചെന്നും അധ്യാപകൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് ഇരു വിഭാഗങ്ങൾക്കുമെതിരെ കേസെടുത്തത്.
എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി കൗൺസിലറുടെ പരാതിയിൽ എസ്.പി ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിവന്ന റിലേ സമരമാണ് കോർപ്പറേഷനിലെ സംഘർഷത്തിലേക്ക് നയിച്ചത്. ഏറ്റുമുട്ടലിൽ മേയർക്കും നിരവധി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു.
സംഘർഷത്തിനിടെ മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ നിലത്തുവീണു. ഏറെ പണിപ്പെട്ടാണ് പോലീസിന് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റാനായത്. സംഘർഷത്തിൽ വി.വി. രാജേഷിന്റെ
കാലിൽ പ്ലാസ്റ്ററിട്ടു. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു
National
ബംഗളൂരു: മുൻ ബിഗ് ബോസ് താരവും കന്നഡ നടിയുമായ കൃഷി താപണ്ഡയുടെ ഫ്ലാറ്റിൽ വ്യവസായി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈശാഖ് എന്ന യുവാവിനെയാണ് രാജരാജേശ്വരി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ നടി ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു. താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നതായും പോലീസ് കണ്ടെത്തി.
സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കൃഷി വിവരം വൈശാഖിന്റെ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈശാഖ് ജീവനൊടുക്കിയിരുന്നു. വൈശാഖിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുൻപ് ഒരു ഭീഷണി കേസുമായി ബന്ധപ്പെട്ട് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ഈ കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
Kerala
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം താമരശേരിയിലെ ഒരു സ്കൂളിൽ അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം പിടിച്ചെടുത്തത്.
ചില വിദ്യാർഥികൾ സ്കൂളിൽ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അധ്യാപകർ പരിശോധന നടത്തിയത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് താമരശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയുടെ സഹപാഠിയുടെ രണ്ടാനച്ഛനെതിരെ കേസെടുത്തത്.
തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ലിറ്റർ വാറ്റുചാരായവും പിടിച്ചെടുത്തു. നിലവിൽ ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ജുവൈനൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർഥികളെ നിലവിൽ കെയർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാർഥികളെ ഉപയോഗിച്ച് പ്രതി ചാരായ വിൽപന നടത്തുന്നുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ ബ്ലേഡ് പ്രയോഗത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല. മാർച്ചിൽ പോലീസ് ബ്ലേഡ് ഉപയോഗിച്ചെന്ന ആരോപണം തള്ളിയ മന്ത്രി ലാത്തിയും തോക്കും കൈവശമുള്ള പോലീസിന് എന്തിനാണ് ബ്ലേഡെന്ന്ചോ ദിച്ചു.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തുമാറ്റാൻ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും പൊതുമുതൽ നശിപ്പിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത അക്രമം അരങ്ങേറിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Kerala
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിന് പിന്നാലെ പോലീസ് കേസെടുത്തു.
കല്ലറ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ചൊവ്വാഴ്ച ആർഡിഒയുടെ അനുമതി തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു. കല്ലറയ്ക്ക് പോലീസ് കാവലും ഏർപ്പെടുത്തി. ആർഡിഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിലാണ് നേരത്തെ സംസ്കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുകയും പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സംശയം പ്രകടിപ്പിച്ച് സിജോ സ്കറിയയുടെ കുടുംബം രംഗത്തുവന്നത്. നിലവിൽ പോലീസിന്റെ നടപടിക്രമങ്ങളിൽ ഇടവകയും പള്ളി അധികൃതരും തൃപ്തി രേഖപ്പെടുത്തി.
National
ലക്നോ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 14 വയസുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഗുലാരിഹ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്നും 500 മീറ്റർ അകലെയുള്ള വയലിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. വൈദ്യപരിശോധനയിലാണ് കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റിലായ പ്രതി കുഞ്ഞിന്റെ ബന്ധുവാണെന്നും കുഞ്ഞിനെ തെരയുമ്പോള്‍ പ്രതിയും ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
Kerala
കൊച്ചി: എറണാകുളം ടൗൺഹാൾ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതികൾക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ഊർജിമാക്കി. കഴിഞ്ഞ ഒമ്പതിന് രാത്രിയിലാണ് ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയത്.
മോഷ്ടിച്ച വാഹനം ഉപയോഗിച്ച് പ്രതികൾ എറണാകുളം ജില്ലയിലെ കുമ്പളങ്ങി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിലും, ആലപ്പുഴ ജില്ലയിലെ ചേർത്തല, പൂച്ചാക്കൽ എന്നിവിടങ്ങളിലും, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലും കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രതികൾ മോട്ടോർ വാഹന വകുപ്പിന്റെ ഗതാഗത നിയമങ്ങൾ ലംഘിച്ചിട്ടുണ്ട്.
ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭ്യമായിട്ടുണ്ട്. പ്രതികളെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിക്കുന്നവർ 9497932845, 9497980402 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
Kerala
കൊച്ചി: ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചെമ്പ് പട്ടകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അസം ചിരാങ്ങ് സ്വദേശി ബിജനി ബോക്ത്തോ റായ് (27), പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗവാസ്കർ (32) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കളത്തെ ടെലിഫോൺ എക്സ്ചേഞ്ചിനകത്ത് എർത്തിംഗിനായി സൂക്ഷിച്ചിരുന്ന 164 കിലോ ഗ്രാം തൂക്കം വരുന്ന ചെമ്പ് പട്ടകളാണ് പ്രതികൾ മോഷ്ടിച്ചത്. വിപണിയിൽ ഇതിന് ഏകദേശം 1,80,400 രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.
പ്രതിയായ ബോക്ത്തോ റായും മറ്റ് രണ്ട് പേരും ചേർന്നാണ് എക്സ്ചേഞ്ചിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി കോതമംഗലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ വീണ്ടും പരസ്യ ലഹരി ഉപയോഗം. ഹെറോയിന്‍ പോലുള്ള ലഹരി വസ്തുക്കള്‍ പരസ്യമായി ഉപയോഗിച്ച ഇതരസംസ്ഥാനക്കാരെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. അഞ്ചംഗ സംഘത്തില്‍ മൂന്നു പേരെയാണ് പിടികൂടിയത്.
അസം സ്വദേശികളായ സലാവുദീന്, റഫീഖുല്‍ ഇസ്ലാം, തമിഴ്നാട് മധുര സ്വദേശിയായ മണികണ്ഠന് എന്നിവരാണ് പിടിയിലായത്. ഹെറോയിനും ഇവര്‍ ഉപയോഗിച്ച സിറിഞ്ചും പോലീസ് പിടികൂടി. അഞ്ചംഗ സംഘം പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് നടപടി എടുത്തത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ലഹരി വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: പ്രമുഖ ബ്രാന്‍ഡിന്റെ കാർ ലോഞ്ചിംഗ് ചടങ്ങിനിടെ ക്ഷണിതാക്കളായ മൂന്നു പേര് തമ്മിലടിച്ച് പരിക്ക്. എറണാകുളം മുളവുകാടുള്ള ഒരു ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് സംഭവം. തൃശൂര്‍ ഇരിങ്ങാലക്കുട മാളക്കാരന്‍ വീട്ടില്‍ സിക്സണ്‍ ജോണ്‍ (51), സഹോദരന് സജി ജോണ്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂക്കിനും കാലിനുമാണ് പരിക്ക്. ചടങ്ങ് നടക്കുന്നതിനിടെ പരിചയക്കാരനായ മറ്റൊരാളോട് സജി നാട്ടിലെ ഏതോ കാര്യം ചോദിച്ചത് തര്‍ക്കത്തിന് ഇടയാക്കുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
സംഭവത്തില്‍ മുളവുകാട് പോലീസില്‍ നല്കിയ പരാതിയില്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജയന് (45) എന്നയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: ഇൻസ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താംക്ലാസുകാർ മർദിച്ചതായി പരാതി. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി.
കൂട്ടുകാർക്കൊപ്പം ചിരിച്ചുനിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് മർദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ സ്കൂളിലും വടകര പോലീസിലും പരാതി നൽകി.
Kerala
കൊച്ചി: ക്ഷേത്രവിഗ്രഹത്തിൽ ചാർത്തിയിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമുത്തുകൾ കവർന്ന കേസിൽ മുൻ പൂജാരി അറസ്റ്റിൽ. വൈപ്പിൻ കാളമുക്ക് അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിൽ നടന്ന സംഭവത്തിൽ അത്രപ്പിള്ളി മഠം ഉണ്ണികൃഷ്ണൻ നമ്പൂതിരി (50) ആണ് അറസ്റ്റിലായത്.
108 മുത്തുകളുള്ള രുദ്രാക്ഷ മാലയിൽ നിന്നും 73 സ്വർണമുത്തുകൾ ഇയാൾ കവർന്നിരുന്നു. പ്രതി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന 2025 ജനുവരി ഒന്നിനും 2006 മാർച്ച് 22 നും ഇടയിലുള്ള സമയത്ത് പലപ്പോഴായിട്ടാണ് മുത്തുകൾ കവർന്നത്. മുൻ ക്ഷേത്രം മാനേജർ രമേശൻ നൽകിയ പരാതിയിൽ ഞാറക്കൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങൾ പരിശോധിച്ച് ഇവരിൽ പോലീസ് കേസുകൾ ഉള്ളവരുടെ ലിസ്റ്റ് തയാറാക്കിയപ്പോൾ പ്രതിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമാനമായ ഒരു കേസ് പിറവം സ്റ്റേഷനിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് മല്ലികാർജുന ക്ഷേത്രത്തിലെ മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്.
പോലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു പണമിടപാടുകളും പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. വിൽപ്പന നടത്തിയ തൊണ്ടിമുതൽ പോലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സ്വകാര്യ ബാങ്കിന്റെ മാനേജരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ബാങ്കിന്റെ മാനേജർ കണ്ടല സ്വദേശി ഗിരീഷിനെയാണ് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഗിരീഷ് പുറത്തിറങ്ങിയ സമയത്താണ് സംഭവം.
ബൈക്ക് കേടായതിനെ തുടർന്ന് സഹപ്രവർത്തകന്റെ സഹായത്തോടെ സ്റ്റാർട്ട് ചെയ്ത് കയറാൻ തുടങ്ങിയപ്പോൾ ഒരു കാർ അതിവേഗത്തിൽ പാഞ്ഞെത്തി ബൈക്കിന് തൊട്ടുമുന്നിലായി നിന്നു. തുടർന്ന് കാറിൽ നിന്ന് ഇറങ്ങിയ അഞ്ചുപേരും തൊട്ടുപിന്നാലെ ബൈക്കിലെത്തിയ രണ്ടുപേരും ചേർന്ന് ഗിരീഷ് തടഞ്ഞുവെക്കുകയായിരുന്നു.
പിന്നീട് ഇയാളെ ബലമായി കാറിനുള്ളിലേക്ക് തള്ളിക്കയറ്റി കാട്ടാക്കട ഭാഗത്തേക്ക് അതിവേഗം ഓടിച്ചുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബൈക്കും കാറിന് പിന്നാലെ പോയി. സംഭവമറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിലാണ് താമരശേരി പോലീസ് കേസെടുത്തിരിക്കുന്നത്.
തന്റെ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി നീട്ടിക്കിട്ടുന്നതിനായി സമീപിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എ. അരവിന്ദൻ.
ഇയാൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് പരാതിക്കാരിയായ യുവതിക്ക് സ്ഥാപനം നടത്താനുള്ള അനുമതി ലഭിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കുകയായിരുന്നു. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അരവിന്ദൻ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
National
ലക്നോ: കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ പോയ യുവതിയെ ലഹരിമരുന്ന് നൽകി അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ പുല്ല് ശേഖരിക്കാൻ പോയ യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.
യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവും ഉയരുന്നുണ്ട്.
Kerala
വൈപ്പിൻ: മാൾട്ടയിൽ വെയർ ഹൗസിംഗ് അസിസ്റ്റന്റായി ജോലി വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്ത് 1.30 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കോട്ടയം സ്വദേശി അനീഷ് ഉമ്മറിനെതിരേ മുനമ്പം പോലീസ് കേസെടുത്തു.
തട്ടിപ്പിനിരയായ ചെറായി സ്വദേശിയായ യുവാവാണു പരാതി നൽകിയത്. കഴിഞ്ഞ വർഷം ജൂലൈ 25ന് ചെറായിയിലെ ഒരു ദേശസാത്കൃത ബാങ്ക് വഴിയാണു പണം കൈമാറിയത്. എന്നാൽ നാളിതുവരെ ജോലിയോ കൊടുത്ത പണമോ നൽകിയില്ല. ഇതോടെയാണു യുവാവ് പരാതി നൽകിയത്.
National
ബംഗളൂരു: കുടുംബവഴക്കിനിടെ പതിനാറുകാരൻ അച്ഛനെയും സഹോദരിയെയും കുത്തിക്കൊന്നു. കർണാടകയിലെ കൊപ്പൽ ജില്ലയിൽ നടന്ന സംഭവത്തിൽ യങ്കണ്ണ നായിഡു (48), പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പ്രതിയുടെ അമ്മയ്ക്കും പ്രതിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത പതിനാറുകാരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഇയാൾ ഓൺലൈൻ ഗെയിമിൽ സ്ഥിരമായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോൾ നാലുപേരും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് നാലുപേരയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ആറരയ്ക്ക് കോന്നി ചന്തയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ 19 വയസുള്ള രണ്ട് യുവാക്കളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.
ഓട്ടോ സ്റ്റാൻഡിനു സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തർക്കത്തിന് പിന്നാലെ യുവാക്കൾ എയർഗൺ എടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. യുവാക്കൾ തങ്ങളെ മർദിച്ചെന്ന് ഓട്ടോ തൊഴിലാളികൾ നൽകിയ പരാതിയിൽ പറയുന്നു.
Kerala
കാട്ടാക്കട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. നെടുമങ്ങാട് പനവൂർ കരികുഴിയിൽ അഖിലയുടെ മകന് ആര്‍ഷിദാണ് മരിച്ചത്. രണ്ടാനച്ഛന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു.
പിന്നാലെ തിരുവനന്തപുരം എസ്ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ സമയത്ത് മാതാവ് അഖില വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കായംകുളം: രണ്ടു ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കൈയും കാലും കെട്ടിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തി. മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കേതിൽ തങ്കമ്മയുടെ (80) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ചൊവ്വാഴ്ച രാവിലെ കായലിൽ മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൈകാലുകൾ കെട്ടി കല്ലിനൊപ്പം താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. മകൻ കുടുംബത്തോടൊപ്പം വേറൊരു വീട്ടിലും, മകൾ വിവാഹശേഷം ഭർത്തൃവീട്ടിലുമാണ് താമസിക്കുന്നത്.
വീട്ടിൽ തനിച്ചായിരുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് നാട്ടുകാർ മകളെ വിവരമറിയിക്കുകയായിരുന്നു. മകൾ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.
വയോധികയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Kerala
കൊല്ലം: കരമടച്ച രസീത് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കൊല്ലത്ത് നടന്ന സംഭവത്തിൽ നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്.
കുത്തേറ്റ ഇയാളുടെ ഭാര്യ രമ (47) ചികിത്സയിലാണ്. കണ്ണനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജാമ്യത്തിനായി കരമടച്ച രസീത് വേണമെന്ന് സതീശൻ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന രമയെ ഇതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
എന്നാൽ ജാമ്യം നിൽക്കാനോ രേഖകൾ കൈമാറാനോ രമ തയാറായില്ല. തുടർന്ന് ഇയാൾ കത്തികൊണ്ട് രമയെ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: ഇന്ന് വിദേശത്തേക്കു പോകാനിരുന്ന ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്.
രണ്ടുപേരും വർഷങ്ങളായി വിദേശത്ത് താമസിക്കുന്നവരാണ്. അവിടെയാണ് ജോലി ചെയ്യുന്നതും. ഇത്തവണ നാട്ടിൽ വന്ന് ഇന്ന് തിരിച്ചുപോകാനിരിക്കെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. ഗൺമാന്മാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ കൈമാറും.
എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർക്കാണ് ഗൺമാന്മാരിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ അനിൽകുമാർ, സുരക്ഷാസംഘത്തിലെ സന്ദീപ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ചായിരുന്നു വിവാദമായ മർദ്ദനം അരങ്ങേറിയത്.
അന്ന് പ്രതിപക്ഷ പ്രതിഷേധത്തിന് നേരെ നടന്ന മർദ്ദനത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ബൈജു കെ. പൗലോസ് കൂടി എത്തിയ ശേഷം പ്രതികളായ ഗൺമാന്മാരെ ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
National
ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ ജഡ്ചേർലയിൽ നടന്ന ദാരുണ സംഭവത്തിൽ വൈ. വൈഷ്ണവി (21) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൈഷ്ണവിയെ പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. ആൾക്കൂട്ട മർദനത്തിൽ മാരകമായി പരിക്കേറ്റ പ്രതിയെ പിന്നീട് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു.
പ്രതിയായ യുവാവും കൊല്ലപ്പെട്ട യുവതിയും നേരത്തേ ഒരേസ്കൂളിൽ ജോലിചെയ്തിരുന്നവരാണെന്ന് വിവരങ്ങളുണ്ട്. രണ്ട് സംഭവങ്ങളിലും ജഡ്ചേർല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽവിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
National
അമൃത്സർ: വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന് നേരെ മകൾ വെടിയുതിർത്തു. അമൃത്സറിലെ ഖൽചിയാൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പർമീന്ദർ സിംഗിനാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പർമീന്ദറിന്റെ മകൾ സ്നേഹ്ദീപ് കൗർ (21) നെ പോലീസ് അറസ്റ്റ് ചെയ്തു. ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗ് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പർമീന്ദർ സിംഗിന്റെ മുതുകിലും തോളിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ കണ്ടെത്തി. പർമീന്ദർ സിംഗിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പർമീന്ദറിനെ ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
മോർബി: വീട്ടുവാടക നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ ഭൂവുടമയ്ക്ക് വിട്ടു നൽകിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മോർബിയിൽ നടന്ന സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിനെയും ഭൂവുടമയേയും പോലീസ് അറസ്റ്റ് ചെയ്തു.
സുരേന്ദ്രനഗർ സ്വദേശികളായ കുടുംബം ഉപജീവനമാർഗം തേടിയാണ് ആറു മാസം മുൻപ് മോർബിയിലേക്ക് താമസം മാറിയത്. പ്രതിമാസം 2,000 രൂപ വാടകയുള്ള ഒരു മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശികയായി.
ഈ സാഹചര്യത്തിലാണ് വാടകയ്ക്ക് പകരമായി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ വീട്ടുടമസ്ഥനുമായി ഇയാൾ കരാറുണ്ടാക്കിയത്. ഭാര്യയുടെ അമ്മ ഇക്കാര്യം അറിഞ്ഞതോടെ അവർ മോർബി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Kerala
ഹരിപ്പാട്: സ്വകാര്യ ബസ് ഡ്രൈവറെ നടു റോഡിൽവച്ച് മർദിച്ച ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് - മാവേലിക്കര റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവർ ബേബി ചാക്കോ (51) ആണ് മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബേബി ചാക്കോ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മൈത്രി ജംഗ്ഷനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അശ്രദ്ധമായി ബസിനു മുന്നിലേക്ക് വെട്ടിച്ചു കയറ്റിയത് ഡ്രൈവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബസ് മുട്ടംകുളത്ത് എത്തിയപ്പോൾ ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി ദമ്പതികൾ മർദിക്കുകയായിരുന്നു. ദമ്പതികൾ ഹെൽമറ്റ് ഉപയോഗിച്ച് ബേബിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അക്രമം നടത്തിയവർക്കെതിരേ ഡ്രൈവർ കരിയിലകുളങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടുറോഡിൽ നടന്ന അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബസ് തൊഴിലാളി സംഘടനകൾ രംഗത്തെത്തി.
National
ന്യൂഡൽഹി: വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ മർദിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹവേദിയിൽ ഡിജെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം എന്ന യുവാവ് സമീപത്തെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു.
ഇതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരനായ ഉമേഷ് ചന്ദ്രയെയും മർദിച്ചുവെന്നാണ് പരാതി. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റു. യുവാക്കൾക്ക് മർദ്ദനമേറ്റതിനു പിന്നാലെ നാട്ടുകാർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: തെരുവുനായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെ മൃഗസ്നേഹിയായ യുവതി ആക്രമിച്ചു. ഡൽഹി കീർത്തി നഗർ പോലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജസ്മീത് കൗർ എന്ന മൃഗസ്നേഹിയാണ് സെക്യൂരിറ്റി ജീവനക്കാരനെ ചെരുപ്പൂരി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്തെ തെരുവുനായ ചത്ത സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
സ്റ്റേഷന് പുറത്തിറങ്ങിയ ഇയാളെ യുവതി മർദിക്കുകയുമായിരുന്നു. സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് മർദനം നടന്നതെങ്കിലും സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കൊല്ലം: യുവാവിന്റെ പാസ്പോർട്ട് തിരിച്ചയച്ചെന്ന് ആരോപിച്ച് പോസ്റ്റുമാനെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ വിളക്കുടി വിജയലയത്തിൽ വിഷ്ണു എം. പിള്ളയ്ക്കാണ് മർദനമേറ്റത്.
ഡിവൈഎഫ്ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനന്തു പിള്ള, ഷിനുമോൻ, സ്വരാജ് എന്നിവരും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് കേസ്. സത്യൻമുക്കിന് സമീപം വെച്ച് സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി. ദിവസങ്ങൾക്കു മുമ്പ് ഒരു യുവാവിന്റെ പാസ്പോർട്ട് വിഷ്ണു തിരിച്ചയച്ചിരുന്നു.
ഇത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധമുൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Kerala
കായംകുളം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചു വീഴ്ത്തി മല കവർന്നതായി പരാതി. കറ്റാനത്തുണ്ടായ സംഭവത്തിൽ ചാത്തവന സ്വദേശിനി വസന്തകുമാരിയുടെ (50) മാലയാണ് അപഹരിച്ചത്. കറ്റാനം - മാവേലിക്കര റോഡിൽ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വസന്തകുമാരിയെ അടിച്ചുവീഴ്ത്തി മാല കവരുകയായിരുന്നു. അടിയേറ്റ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വസന്തകുമാരിക്ക് തലക്കും കൈക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്നാണ് ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. കുറത്തികാട് പോലീസ് സ്ഥലത്തെത്തി വസന്തകുമാരിയുടെ മൊഴി രേഖപ്പെടുത്തി. സമീപത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
National
ലക്നോ: സ്വത്തു തർക്കത്തിനിടെ യുവാവ് അമ്മയെയും സഹോദരനെയും വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ബന്ദയിൽ നടന്ന സംഭവത്തിൽ പ്രതിയായ രാജ്കിഷോർ ഗുപ്തയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സ്വത്തിന്റെ വിഹിതം നൽകാത്തതിൽ രാജ്കിഷോർ കടുത്ത അമർഷത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായി.
തുടർന്ന് രാജ്കിഷോർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അമ്മയ്ക്കും സഹോദരനും നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതിയെ കണ്ടെത്താനായി നാല് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു.
Kerala
ആലപ്പുഴ: വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ പാണാവള്ളിയിൽ നടന്ന സംഭവത്തിൽ തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) മർദനമേറ്റത്.
അയൽവാസി സത്താറും ഭാര്യയും മക്കളുമാണ് വിജയനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിജയനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസുണ്ട്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
കേസിൽ പ്രതിയായ സത്താറിന്റെ നാലു മക്കൾക്ക് പ്രായപൂർത്തിയാകാത്തവരാണ്.കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ ബംഗളൂരുവിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ പിടിയിൽ. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ നിന്ന് അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തുന്നയാളാണ് ദീപക് കൃഷ്ണൻ.
ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയ്ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിരുന്നു. ഇത് തടഞ്ഞപ്പോഴാണ് ദീപക് കൃഷ്ണൻ ഇവരെമർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കഴിഞ്ഞ മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്.
സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്സാക്ഷി മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: ട്രേഡിംഗ് ഷെയർ തട്ടിപ്പിലൂടെ 25 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഹൈദരാബാദ് സ്വദേശി സത്യനാരായണമൂർത്തി ഇയാളുടെ സഹായി ടൈസൺ രാജു എന്നിവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.
കടവന്ത്ര കുമാരനാശാൻ നഗർ സ്വദേശി ഇ.നിമേഷിൽ നിന്ന് 25 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത പണം നിക്ഷേപിച്ച അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന വൻ മാഫിയാ സംഘത്തിലെ കണ്ണികളാണ് ഇവർ.
ഓൺലൈൻ ബാങ്ക് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന സിം ഇട്ടിരുന്ന ഫോണും മൂന്നര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. തട്ടിയെടുത്ത പണത്തിൽ 40 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നു പിൻവലിക്കും മുമ്പ് മരവിപ്പിക്കാനും പോലീസിനു കഴിഞ്ഞിരുന്നു.
Kerala
കല്‍പ്പറ്റ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട പ്രതിയെയും സഹായിയെയും പോലീസ് അറസ്റ്റുചെയ്തു. 150ല്‍ അധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണൂര്‍ ആലക്കോട് കൊല്ലപറമ്പില്‍ മുഹമ്മദ് (46) ഇയാളുടെ സഹായി കട്ടിത്താനത്ത് ജോസ് (72) എന്നിവരാണ് പിടിയിലായത്.
ജോസ് 50 കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലില്നിന്നും ജോസിനെ മാനന്തവാടി ബോയ്സ് ടൗണില്‍നിന്നുമാണ് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ നാലിന് കല്‍പ്പറ്റ ഗ്രാമത്തുവയലിലെ വീട്ടില്‍നിന്ന് ഒമ്പത് പവന്റെ ആണാഭരണങ്ങള് മോഷ്ടിച്ച കേസിലാണ് ഇരുവരെയും പോലീസ് അറസ്റ്റുചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
അടുത്തിടെ വയനാട്ടിലെ മുട്ടില്‍, മടക്കിമല, പുല്‍പ്പള്ളി, മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ ചേരമ്പാടി, പാടന്തറ എന്നിവിടങ്ങളിലുമായി 19 മോഷണം നടത്തിയതായി പ്രാഥമിക ചോദ്യചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഗ്രാമത്തുവയലിലെ മോഷണത്തിനുശേഷം മറ്റു രണ്ട് വീടുകളിലും കയറി ആഭരണങ്ങളും പണവും മുഹമ്മദ് കവര്‍ന്നു.
ആളില്ലാത്ത വീടുകളെ കുറിച്ച് മുഹമ്മദിന് വിവരങ്ങള്‍ നല്‍കിയത് ജോസാണ്. ഇന്നോവ കാറില്‍ യാത്ര ചെയ്യുന്നതിനിനടെയാണ് മുഹമ്മദിനെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തില്‍നിന്ന് പണവും ആഭരണങ്ങളും ആയുധങ്ങളും കണ്ടെടുത്തു.
Kerala
കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ എന്ന സ്ഥാപനത്തിൽ നടന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വാർഡനെയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം പറയുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്ന് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ് പറഞ്ഞു. മകനെ കാലിൽ കയർ കെട്ടി ഫാനിന്റെ ഹൂക്കിൽ തൂക്കിയിട്ടെന്നും മകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
National
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടതായി പരാതി. പേട്ടവയത്തലൈയിലെ സ്ഥാനാർഥിയായ രമേശിന്റെ ഓഫീസിനു നേരെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും വലിച്ചുകീറിയ നിലയിലാണ്.
സംഭവത്തിൽ ടിവികെ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെയാണ് അജ്ഞാതർ ഓഫീസിന് തീയിട്ടതെന്ന് സ്ഥാനാർഥിയായ രമേശ് പറഞ്ഞു. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുരക്ഷിതമായ അന്തരീക്ഷത്തിൽ നടത്താൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ മൂന്നുദിവസം ബാക്കിനിൽക്കെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. തിരുവനന്തപുരം അമ്പൂരിയിൽ നടന്ന സംഭവത്തിൽ തോമസ് ഏബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ് (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടെയായിരുന്നു സംഭവം.
മദ്യ സത്കാരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെള്ളറട പോലീസ് പറഞ്ഞു. ആഘോഷത്തിനിടെയിൽ ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായി. ഈ തർക്കം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.
ഇതിനിടെ ഷൈനു അച്ഛനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ തോമസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഹൈദരാബാദ്: അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡിയിൽ നടന്ന സംഭവത്തിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി (28) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവത്തിന്റെ തുടക്കം. അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കുണ്ടായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു.
ഇതിനിടെ വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത് ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: രാത്രി ഉറങ്ങാൻ കിടന്ന വിദ്യാർഥിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ (15) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് വൈഗ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഏഴരയോടെ വീട്ടുകാര്‍ വൈഗയെ ഉണര്‍ത്താന്‍ ശ്രമിച്ചു. അപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കൊച്ചി: സാമ്പത്തിക ലൈംഗീക ചൂഷണം നടത്തിയെന്ന് ആരോപിച്ച് ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസിൽ പരാതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി യുവതിയാണ് പാലാരിവട്ടം പോലീസിൽ പരാതി നല്‍കിയത്.
പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ സൈറ്റുകള്‍ക്ക് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: രാത്രിയിൽ ഉച്ചത്തിൽ പാട്ടുവച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പോലീസുകാരന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ടിനുണ്ടായ സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ദ്വാരക ജാഫർപുരിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി പാണ്ഡവ് കുമാർ(21) ആണ് മരിച്ചത്.
പരിക്കേറ്റ സുഹൃത്ത് രൂപേഷ് ചികിത്സയിലാണ്. ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ ഹെഡ്കോൺസ്റ്റബിൾ നീരജാണ് വെടിവച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീടിനു സമീപത്തു താമസിക്കുന്ന ഒരു സംഘം തൊഴിലാളികൾ രാത്രി വീട്ടിൽ പാർട്ടി നടത്തിയിരുന്നു.
രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് തുടർന്നതോടെ നീരജ് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. തർക്കം രൂക്ഷമായതോടെ നീരജ് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഇരുവരെയും റാവു തുലാറാം ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: പട്ടാപ്പകൽ എസ്ഐയുടെ വീട് കുത്തിത്തുറന്ന് 8500 രൂപ കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കം എസ്ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.
സംഭവത്തിൽ അരീക്കോട് പുത്തന്‍പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. കേസിൽ രണ്ടുപേർക്കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയ മൂന്നു പേര് പിന്നിലെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്.
പകല്‍ സമയം ആരും വീട്ടിലേക്ക് വരില്ലെന്ന ധാരണയിലായിരുന്നു മോഷ്ടാക്കളെത്തിയത്. എന്നാൽ ഉച്ചയ്ക്ക് മൂന്നോടെ സനീഷ് വീട്ടിലേക്ക് തിരിച്ചെത്തി. ഇതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടുകയായിരുന്നു.
Kerala
കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനു മുന്നോടിയായി പോലീസ് നടത്തിയ പരിശോധനയിൽ പാനൂരില്‍ നിന്ന് സ്റ്റീല്‍ ബോംബുകൾ കണ്ടെത്തി. മേലെ പൂക്കോം ചിത്രവയലിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.
രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. സ്റ്റീൽ ബോംബുകൾക്ക് പഴക്കമുണ്ടെന്നും നാടൻ ബോംബ് പുതിയതാണെന്നും പോലീസ് പറഞ്ഞു. എസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് എത്തി.
ഉടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വടകരയിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.
National
ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കവർച്ച നടത്തി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹി കൈലാഷിൽ നടന്ന സംഭവത്തിൽ ആൽവാർ സ്വദേശി രാഹുൽ (19) ആണ് പിടിയിലായത്.
ഇയാൾ ഈ വീട്ടിലെ മുൻ ജോലിക്കാരനാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പ് രാഹുലിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ രാഹുൽ പലരിൽ നിന്നും പണം കടംവാങ്ങിയിരുന്നു. ഇതേച്ചൊല്ലി പ്രശ്നങ്ങളുണ്ടായതോടെയാണ് ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയത്.
തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ച് കയറിയ രാഹുൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കവർച്ച നടത്തി മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ആൽവാറിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപ് പ്രതി ഒരു യുവതിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇയാൾക്കെതിരെ പീഡനം, കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തൊട്ടിൽപ്പാലം നാമ്പിലാട്ടുണ്ടായ സംഭവത്തിൽ പേരാമ്പ്ര തട്ടാൻകണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിന്റെ ഒരേ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പേരാമ്പ്ര പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരിച്ച അജേഷ് അവിവാഹിതനാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറത്ത് പ്രവർത്തിക്കുന്ന മജ്ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരം കോട്ടക്കൽ പോലീസാണ് കേസെടുത്തത്. നേരത്തെ ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. സംഭവത്തിൽ ചേർത്തലയിലെ മെഹർ മന്തി റെസ്റ്റോറന്റ് ഉടമ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കോഴിക്കോട്: വടകരയിൽ സിപിഎം മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘഷത്തിൽ നാലുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സതേടി.
തിരുവള്ളൂരിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെയുണ്ടായ സംഘർഷം.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു. തങ്ങളുടെ പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
Kerala
ഇടുക്കി: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരട്ടയാറിൽ നടന്ന സംഭവത്തിൽ ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ രാഹുലും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചിരുന്നു.
ഇവിടെ വെച്ചുണ്ടായ വാക്കു തർക്കം സംഘർഷമായി. തുടർന്ന് രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പോലീസ് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി പരാക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കുണ്ടറ അംബിപൊയ്ക ദേവിക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഭവത്തിൽ കുണ്ടറ സ്വദേശി അജോയ് അശോകനെതിരെയാണ് കേസെടുത്തത്.
തന്റെ സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തിൽ പങ്കാളികളായിരുന്നു.
സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസം മുൻപ് അജോയ് അശോകന്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരിൽ ഒരാളുമായി അജോയ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.