ബംഗളൂരു: മുൻ ബിഗ് ബോസ് താരവും കന്നഡ നടിയുമായ കൃഷി താപണ്ഡയുടെ ഫ്ലാറ്റിൽ വ്യവസായി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈശാഖ് എന്ന യുവാവിനെയാണ് രാജരാജേശ്വരി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ നടി ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു. താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നതായും പോലീസ് കണ്ടെത്തി.
സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കൃഷി വിവരം വൈശാഖിന്റെ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈശാഖ് ജീവനൊടുക്കിയിരുന്നു. വൈശാഖിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുൻപ് ഒരു ഭീഷണി കേസുമായി ബന്ധപ്പെട്ട് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ഈ കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
Tags : Businessman death actress flat police case