പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി. കോർപറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന കർശന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് കോഴിക്കോട് കോർപറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംഗ്ഷൻ, ചാലപ്പുറം, മാങ്കാവ് ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.