അമൃത്സർ: വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന് നേരെ മകൾ വെടിയുതിർത്തു. അമൃത്സറിലെ ഖൽചിയാൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പർമീന്ദർ സിംഗിനാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പർമീന്ദറിന്റെ മകൾ സ്നേഹ്ദീപ് കൗർ (21) നെ പോലീസ് അറസ്റ്റ് ചെയ്തു. ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗ് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പർമീന്ദർ സിംഗിന്റെ മുതുകിലും തോളിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ കണ്ടെത്തി. പർമീന്ദർ സിംഗിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പർമീന്ദറിനെ ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Tags : shoot daughter father police case