Movies
പുതിയ ചിത്രത്തിന്റെ നൃത്തച്ചുവടുകൾ ചിത്രീകരിക്കുന്നതിനിടയിൽ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. ഷൂട്ടിംഗിനിടയിൽ വീണതിനെത്തുടർന്ന് നടിയുടെ ഇടുപ്പിനാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവയ്ക്കുകയും, അണിയറപ്രവർത്തകർ ഉടൻ തന്നെ നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം ആറാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
പരിക്കിനെ തുടർന്ന് രശ്മിക അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകരണ ഷെഡ്യൂളുകളും ഒപ്പം മുപ്പതോള്ളം ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണങ്ങളും തത്ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. സംഭവത്തിൽ രശ്മികയോ നടിയുടെ മാനേജ്മെന്റ് ടീമോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.
National
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാമറയുടെ ആംഗിള് അല്ല, ഹൃദയത്തിന്റെ കാഴ്ചപ്പാട് (ദില് കാ ആംഗിള്) ആണു മാറ്റേണ്ടതെന്ന് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോര്ച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ എകെ 47 തോക്കും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കാന് ആരാണ് ഉത്തരവിട്ടതെന്നും വിദ്യാര്ഥികള് ഭീകരരാണോയെന്നു പറയണമെന്നും പ്രിയങ്ക ലോക്സഭയില് ആവശ്യപ്പെട്ടു.
വ്യത്യസ്ത ആംഗിളുകളില്നിന്നു വീഡിയോ റീലുകള് നിര്മിച്ചുകൊണ്ട് ജെന്സിയുടെ വിശ്വാസം നേടാന് കഴിയില്ലെന്നു മോദിയോട് പ്രിയങ്ക പറഞ്ഞു. കാമറ ആംഗിളല്ല, ഹൃദയത്തിന്റെ ആംഗിളാണു മാറ്റേണ്ടത്. ഈ തലമുറ ജാഗരൂകരാണ്.
കുട്ടികള്ക്കെന്താണു വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോഴുമറിയില്ല. പുതുതലമുറ വിദ്യാര്ഥികളെ സ്വാധീനിക്കാനായി അര്ധരാത്രിയോടെ പ്രധാനമന്ത്രി നടത്തിയ ഇന്സ്റ്റഗ്രാം റീലുകളെ പരിഹസിച്ചായിരുന്നു മോദിക്കെതിരേയുള്ള പ്രിയങ്കയുടെ രൂക്ഷവിമര്ശനം.
ഈ രാജ്യത്തെ യുവാക്കള് ആവശ്യപ്പെടുന്നതു നീതിയാണ്, ഔദാര്യമല്ല. സര്ക്കാരിനെ താഴെയിറക്കാനല്ല അവര് വന്നത്. മറിച്ച്, പരീക്ഷയിലുള്ള വിശ്വാസം സംരക്ഷിക്കാനാണ്. സര്ക്കാരിന്റെ വിശ്വാസ്യത ആദ്യം കാത്തുസൂക്ഷിക്കുക, ഉദ്ദേശ്യശുദ്ധി ഉറപ്പാക്കുക, അഹങ്കാരം ഉപേക്ഷിക്കുക, നല്കിയ വാഗ്ദാനങ്ങള് നിറവേറ്റുക- പ്രിയങ്ക ഓര്മപ്പെടുത്തി. ജയ് ഹിന്ദ്. "സര് ഇനിയെങ്കിലും ഒന്നു പുഞ്ചിരിക്കൂ'' എന്ന് സ്പീക്കര് ഓം ബിര്ളയോട് പ്രിയങ്ക പറഞ്ഞതു സഭയിലാകെ ചിരി പടര്ത്തി.
ലജ്ജാകരമായ സാഹചര്യത്തിലാണു വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചത്. എന്നാല്, അന്നുതന്നെ പാര്ലമെന്റിലെ മകര് ദ്വാര് കവാടത്തില് ഭരണപക്ഷ എംപിമാര് അദ്ദേഹത്തെ ഒരു സൂപ്പര് സ്റ്റാറിനെപ്പോലെ സിന്ദാബാദ് മുദ്രാവാക്യങ്ങള് മുഴക്കി വരവേറ്റു. ഇതിലെ വൈരുധ്യം നോക്കൂ: മുന് വിദ്യാഭ്യാസ മന്ത്രിയെ ആദരിക്കുകയും കിരീടം അണിയിച്ചു വരവേല്ക്കുകയും ചെയ്യുമ്പോള്, മഹാരാഷ്ട്രയിലെ ഒരു കുടുംബം പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയുടെ ഇരയായിത്തീര്ന്ന തങ്ങളുടെ മകളുടെ ആത്മഹത്യയില് വിലപിക്കുകയായിരുന്നു- പ്രിയങ്ക ചൂണ്ടിക്കാട്ടി.
നിരവധി വിദ്യാര്ഥികളുടെ ജീവനെടുത്ത പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിയായി രാജിവച്ചയാള്ക്കു സ്വീകരണം നല്കിയതിലൂടെ രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്ഥികള്ക്ക് എന്തു സന്ദേശമാണു സര്ക്കാര് നല്കിയത്? എന്തിലാണ് അഭിമാനം തോന്നുന്നത്? എന്താണിത്, ഇത്രയേറെ അഹങ്കാരമോ? ലജ്ജിക്കേണ്ടിടത്ത് ആഘോഷവും കൈയടികളുമാണു കാണുന്നത്. ഒരു വശത്ത് ദുഃഖവും വിലാപവും, മറുവശത്ത് ഒരാളെ മാലയിട്ട് ആദരിക്കുന്നു. ആര്ക്കാണ് നിങ്ങളെ വിശ്വസിക്കാന് കഴിയുക?- പ്രിയങ്ക തുറന്നടിച്ചു.
തുടര്ച്ചയായ ചോദ്യപേപ്പര് ചോര്ച്ചയുടെ വീഴ്ചകളും പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കു നേരേയുണ്ടായ പോലീസ് നടപടികളും ഉയര്ത്തിയായിരുന്നു കേന്ദ്രസര്ക്കാരിനെതിരായ രൂക്ഷ ആക്രമണം. ബിജെപി അംഗങ്ങള് തടസവാദങ്ങളും ബഹളങ്ങളുമായി എഴുന്നേറ്റു പ്രസംഗം തടസപ്പെടുത്താന് പലതവണ ശ്രമിച്ചെങ്കിലും മോദിക്കും അമിത് ഷായ്ക്കും സര്ക്കാരിനുമെതിരേ തമാശയും പരിഹാസവും ഗൗരവ ആരോപണങ്ങളും ചേര്ത്തു പ്രിയങ്കയുടെ കടന്നാക്രമണം തുടര്ന്നു.
നന്ദൻ നിലേക്കനിയുടെ നേതൃത്വത്തില് രൂപീകരിച്ച വിദഗ്ധ സമിതിയില് ഗോമൂത്ര വിദഗ്ധനെ കൂടി ഉള്പ്പെടുത്തിയെന്നു പ്രിയങ്ക പരിഹസിച്ചു.
ആര്എസ്എസ് പ്രചാരകരെക്കൊണ്ടു നിറച്ച് വിദ്യാഭ്യാസ സംവിധാനത്തെ പൊള്ളയാക്കി മാറ്റിയിരിക്കുന്നു. നിര്ബന്ധപൂര്വം സ്ഥാപിച്ച നാഷണല് ടെസ്റ്റിംഗ് ഏജന്സിയില് (എന്ടിഎ) എല്ലാം കേന്ദ്രീകരിച്ച് കാര്യങ്ങള് കൂടുതല് സങ്കീര്ണമാക്കുകയും ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ തീരദേശ പട്ടണമായ മെയ്നിൽ യുവാവിനെ വെടിവച്ചുകൊന്നു.
ഇരുപത്തിയാറുകാരനായ കൊളംബിയൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനു നേരേ വെടിയുതിർക്കുകയായിരുന്നെന്നാണ് ഐസിഇ അധികൃതർ വിശദീകരിക്കുന്നത്.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുവാവിനെ അന്വേഷിച്ചെത്തിയതായിരുന്നു ഏജൻസി. എന്നാൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് യുവാവ് വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയായിരുന്നെന്ന് ഐസിഇ പ്രസ്താവനയിൽ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ലൈബ്രറിയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ജേക്കബ് ഹൾ (46), റോബർട്ട് ജോൺസൺ (74) എന്നിവരാണ് മരിച്ചത്. ചിക്കോയിലെ ബട്ട് കൗണ്ടി ലൈബ്രറിക്കുള്ളിലാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച 18 വയസുകാരനായ പ്രതിയെ പോലീസ് പിടികൂടി.
ആദ്യം ലൈബ്രറിക്കുള്ളിൽ കുറച്ചു സമയം ചിലവഴിച്ച പ്രതി പിന്നീട് അയാളുടെ വാഹനത്തിലേക്ക് പോയി തോക്കുമായി തിരികെ വന്ന് വെടിയുതിർക്കുകയായിരുന്നു. ലൈബ്രറിയുടെ പ്രവേശന കവാടത്തിൽ വച്ച് പ്രതി ഒരാളുടെ കാലിലും തലയിലും വെടിവച്ചു. തുടർന്ന് അകത്തു കയറി നിരവധി തവണ വെടിയുതിർക്കുകയും ചെയ്തയായി പോലീസ് പറഞ്ഞു.
പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമല്ല. ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്നും വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
National
അമൃത്സർ: വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന് നേരെ മകൾ വെടിയുതിർത്തു. അമൃത്സറിലെ ഖൽചിയാൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പർമീന്ദർ സിംഗിനാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പർമീന്ദറിന്റെ മകൾ സ്നേഹ്ദീപ് കൗർ (21) നെ പോലീസ് അറസ്റ്റ് ചെയ്തു. ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗ് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പർമീന്ദർ സിംഗിന്റെ മുതുകിലും തോളിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ കണ്ടെത്തി. പർമീന്ദർ സിംഗിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പർമീന്ദറിനെ ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: രാത്രിയിൽ ഉച്ചത്തിൽ പാട്ടുവച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പോലീസുകാരന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ടിനുണ്ടായ സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ദ്വാരക ജാഫർപുരിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി പാണ്ഡവ് കുമാർ(21) ആണ് മരിച്ചത്.
പരിക്കേറ്റ സുഹൃത്ത് രൂപേഷ് ചികിത്സയിലാണ്. ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ ഹെഡ്കോൺസ്റ്റബിൾ നീരജാണ് വെടിവച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീടിനു സമീപത്തു താമസിക്കുന്ന ഒരു സംഘം തൊഴിലാളികൾ രാത്രി വീട്ടിൽ പാർട്ടി നടത്തിയിരുന്നു.
രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് തുടർന്നതോടെ നീരജ് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. തർക്കം രൂക്ഷമായതോടെ നീരജ് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഇരുവരെയും റാവു തുലാറാം ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവിന്റെ ജീവൻ രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: റീൽ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിവച്ചു യുവാവ് മരിച്ചു. പവൻ എന്ന യുവാവാണ് മരിച്ചത്. ഡൽഹിയിലെ ദല്ലുപുരയിലാണ് സംഭവം.
പവൻ, തോക്ക് ലോക്ക് ചെയ്തു എന്ന് കരുതി നെഞ്ചോട് ചേർത്ത് പിടിക്കുകയായിരുന്നു. എന്നാൽ ലോക്ക് ആവാതിരുന്ന തോക്കിൽ നിന്ന് വെടിയുണ്ട പവന്റെ നെഞ്ചിലേക്ക് തുളച്ചുകയറി.പവന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.
പവനോട് വെടി വയ്ക്കരുതെന്ന് സുഹൃത്ത് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ ചിരിച്ചുകൊണ്ട് തോക്ക് നെഞ്ചിനോട് ചേർത്ത് പിടിച്ച പവൻ നിമിഷങ്ങൾക്കുള്ളിൽ വെടിയേറ്റു. പവന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചത്.
അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തോക്കിൽ ലോക്ക് വീഴാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനം വരുന്നതുവരെ ലൈസന്സുള്ള തോക്കുകള് സ്റ്റേഷനുകളില് ഹാജരാക്കാന് ഉടമകളെ നിര്ബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റീസ് ടി.ആര്. രവി ഉള്പ്പെട്ട ബെഞ്ചാണ് മരട് സ്വദേശി പി.എച്ച്. സംഗീത് ഉള്പ്പെടെയുള്ളവര് നല്കിയ ഹര്ജികളില് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പോലീസ് സ്റ്റേഷനുകളില്നിന്നു തോക്കുകള് കൈമാറാന് സമ്മര്ദമുണ്ടെന്ന പരാതിയെത്തുടര്ന്നാണ് കോടതി ഇടപെടല്.
2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഇതുവരെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടില്ലെന്നും അതിനാല് ആയുധങ്ങള് കൈമാറാന് ജില്ലാ കളക്ടര് ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നും സര്ക്കാര് അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഇതു കണക്കിലെടുത്താണ് ഔദ്യോഗികമായി ഉത്തരവുകള് ഉണ്ടാകാത്തിടത്തോളം തോക്കുകള് കൈമാറാന് സ്റ്റേഷന് ഹൗസ് ഓഫീസര്മാര് നിര്ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അനുമതിയുടെ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി നീട്ടി ഉത്തരവിറക്കി.
കാട്ടിൽനിന്നു നാട്ടിലും നഗരത്തിലും ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള കാലാവധിയാണ് ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഉത്തരവ് കാലാവധി മേയ് 27ന് അവസാനിക്കാനിരിക്കേയാണ് വീണ്ടും നീട്ടിയത്.
നിലവിലെ ഉത്തരവു പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ വെടിവയ്ക്കാനുള്ള അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡൻ അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ബന്ധപ്പെട്ടവർ എന്നിവർക്ക് ചുമതല നൽകാം.
നിബന്ധനകൾ പാലിച്ച് ഇല്ലായ്മ ചെയ്യുന്ന കാട്ടുപന്നികളെ സംബന്ധിച്ച് ഓരോമാസവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ അടുത്തുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
NRI
ഡാളസ്: മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളെ വെടിവച്ച കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡാളസിലെ ഈസ്റ്റ് ഓക്ക് ക്ലിഫിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ഷാനിക ബാറ്റിൽ (49) ആണ് മകളായ തബത ജോൺസിനെ(28) കൊലപ്പെടുത്തിയത്. തബതയുടെ മദ്യം അമ്മ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വെടിയേറ്റ തബതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ ഭയപ്പെടുത്താൻ മാത്രമാണ് തോക്കെടുത്തതെന്നും വെടിവച്ചിട്ടില്ലെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്.
എന്നാൽ വീട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെടുത്ത പോലീസ് ഷാനികയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
NRI
ഡാളസ്: ജിമ്മിൽ വച്ച് സ്ത്രീകളുടെ ചിത്രം പകർത്തിയെന്ന് ആരോപണം നേരിടുന്ന 71 വയസുകാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഡാളസിലെ കരോൾട്ടണിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വില്യം മൈക്കൽ ബേൺസാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. പ്രദേശത്തെ ജിമ്മിൽ വച്ച് വില്യം മോശമായ രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.
ഈ പരാതി അന്വേഷിക്കുന്നതിനാണ് പോലീസ് വില്യമിന്റെ വീട്ടിലെത്തിയത്. പോലീസുകാർ വീട്ടിലെത്തിയപ്പോൾ വില്യം കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തോക്ക് താഴെയിട്ടില്ല. തുടർന്ന് പോലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വില്യം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
വില്യം പൂർണമായും ബധിരനായിരുന്നുവെന്നും ശ്രവണസഹായി ഇല്ലാതെ കേൾക്കാൻ കഴിയില്ലായിരുന്നുവെന്നും ഇത് പോലീസ് റിപ്പോർട്ടിൽ മറച്ചുവച്ചതായി വില്യമിന്റെ സഹോദരപുത്രി ആരോപിച്ചു.
ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നയമനുസരിച്ച് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കരോൾട്ടൺ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
NRI
ഡാളസ്: ഡാളസിൽ പോലീസ് വെടിവയ്പിൽ കൊലപാതക കേസ് പ്രതി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെ മെസ്കിറ്റിലെ തിരക്കേറിയ ടൗൺ ഈസ്റ്റ് മാളിന് സമീപമുള്ള എൽബിജെ ഫ്രീവേയിലാണ് സംഭവം നടന്നത്.
ഡാളസിലെ മാർക്ക് വില്ലെ ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ച കേസിലെ പ്രതി മാൾ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാളസ് പോലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് പ്രതിയുടെ വാഹനം തടയാൻ പോലീസ് ശ്രമിച്ചപ്പോൾ, ഇയാൾ ആയുധവുമായി പുറത്തിറങ്ങി പോലീസിനെ നേരിടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് വെടിയുതിർക്കുകയും പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.
ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കുകളൊന്നുമില്ല. വാരാന്ത്യമായതിനാൽ ഷോപ്പിംഗിനായി നിരവധി ആളുകൾ എത്തിയ ടൗൺ ഈസ്റ്റ് മാളിന് സമീപം വെടിവയ്പ് നടന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശം പോലീസ് വളയുകയും ഫ്രീവേയിലെ ഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു.
International
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ബാറിന് പുറത്ത് തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.
ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ജോഹന്നാസ്ബർഗ് നഗരത്തിന് 40 കിലോ മീറ്റർ അകലെയുള്ള സ്വർണ ഖനന പ്രദേശമായ ബെക്കേഴ്സ്ഡാലിലെ ബാറിന് പുറത്താണ് ഒരു ഡസനോളം ആളുകൾ വെടിവയ്പ്പ് നടത്തിയത്.
രണ്ട് വാഹനങ്ങളിലെത്തിയ അക്രമികൾ ബാറിലെത്തിയവർക്ക് നേരെ വെടിവച്ചു. ഓടി രക്ഷപെടാൻശ്രമിക്കുന്നതിനിടെയും ഇവരെ വെടിവച്ചു വീഴ്ത്തി.
മരിച്ചവരിൽ ഒരു ടാക്സി കാർ ഡ്രൈവറും ഉൾപ്പെടുന്നുവെന്ന് പ്രവിശ്യാ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന എസ്എബിസി ടെലിവിഷനോട് പറഞ്ഞു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: യുഎസിൽ മുത്തച്ഛനെയും മൂന്ന് മാസം പ്രായമുള്ള കൊച്ചുമകളെയും വളർത്തുനായ്ക്കൾ കടിച്ചുകൊന്നു. ടെന്നസിയിലാണ് വീടിനുള്ളിൽ വച്ചാണ് സംഭവം.
തുള്ളഹോമയിലെ വസതിയിൽ ജെയിംസ് അലക്സാണ്ടർ സ്മിത്തി (50)നെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റ്ബുൾ വിഭാഗത്തിൽപ്പെട്ട ഏഴ് നായ്ക്കളെ വീട്ടിൽ വളർത്തിയിരുന്നു. ഇവയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി.
പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുകയുമായിരുന്നു. പോലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവച്ച് കൊന്നു. നായ്ക്കളെ കൊന്ന ശേഷം പോലീസ് കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
National
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 17കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
തോളിലും വയറിലും വെടിയേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിർത്ത ജതിൻ മംഗ്ല എന്ന യുവാവിനെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടി വരുന്ന വഴിയിൽ ഇയാൾ ഏകദേശം ഒരു മണിക്കൂറിനടുത്ത് കാത്തു നിന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെടിയേറ്റ് വീണ പെൺകുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ടശേഷമാണ് അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. പെൺകുട്ടിയും ആക്രമിയും തമ്മിൽ പരിചയമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർക്കാനുപയോഗിച്ച തോക്ക് കണ്ടെത്തി.
Kerala
മലപ്പുറം: പെരിന്തൽമണ്ണ മണ്ണാർമലയിൽ നാട്ടുകാരെ ഭീതിയിലാക്കുന്ന പുലിയെ മയക്കുവെടിവയ്ക്കാൻ വനം വകുപ്പ് ഉത്തരവിട്ടു. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ സബ്മിഷനുള്ള മറുപടിയായി വനം മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
നാട്ടുകാർ സ്ഥാപിച്ച കാമറയിൽ 30 തവണ പുലിയുടെ ദ്യശ്യം പതിഞ്ഞിട്ടും വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പരാതി. ഏതുസമയത്തും ആളുകൾ അക്രമത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും എംഎൽഎ നിയമസഭയിൽ പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മണ്ണാർമലയിലെത്തി. നേരത്തെ സ്ഥാപിച്ച ഒരു കൂടിനു പുറമേ മറ്റൊരു കൂടു കൂടി വനംവകുപ്പ് സ്ഥാപിച്ചു. മൂന്നാമതൊരു കൂടു കൂടി ഉടൻ തന്നെ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പിന്നാലെ പുലിയെ നിരീക്ഷിക്കും.
രണ്ട് ദിവസം കാത്തിരുന്നിട്ടും പുലി കൂട്ടിൽ കയറുന്നില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടുന്നതിലേക്ക് കടക്കാനാണ് വനം വകുപ്പ് തീരുമാനം.
National
വാഷിംഗ്ടണ് ഡിസി: യുഎസിലെ മിനിയാപോളിസില് രണ്ട് വിദ്യാര്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്ത്.
23കാരനായ റോബിന് വെസ്റ്റ്മാന് എന്ന ട്രാന്സ് വുമന് ആണ് മിനിയാപോളിസിലെ കാത്തലിക്ക് സ്കൂളിലെ വിദ്യാര്ഥികള്ക്ക് നേരേ വെടിയുതിര്ത്തതെന്നാണ് റിപ്പോര്ട്ട്. പ്രാര്ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം.
വെടിവെപ്പില് രണ്ട് വിദ്യാര്ഥികള് കൊല്ലപ്പെടുകയും 17 വിദ്യാര്ഥികള്ക്ക് പരിക്കേല്ക്കുകയുംചെയ്തു. ആക്രമണത്തിന് പിന്നാലെ സ്കൂളിന്റെ പാര്ക്കിങ്ങില് ഇയാളെ വെടിയേറ്റ് മരിച്ചനിലയില് കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോര്ട്ടുകളിലുണ്ട്.
അതിനിടെ, റോബിന് വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്നിന്ന് ചില സുപ്രധാനവിവരങ്ങളും ലഭ്യമായിട്ടുണ്ട്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള് യൂട്യൂബ് ചാനലില് അപ് ലോഡ് ചെയ്തിരുന്നത്.
ഈ തോക്കുകളില് ഡോണാള്ഡ് ട്രംപിനെ കൊല്ലുക എന്നും ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക എന്ന് അര്ഥംവരുന്ന "ന്യൂക്ക് ഇന്ത്യ' എന്നും കൊത്തിവച്ചിരുന്നതായി ഈ വീഡിയോകളില് കാണാം.
"ഡോണാള്ഡ് ട്രംപിനെ ഇപ്പോള് കൊല്ലണം', "ഇസ്രയേല് തകരണം', "ഇസ്രയേലിനെ ചാമ്പലാക്കണം' എന്നീ വാക്കുകളും ഇയാളുടെ തോക്കുകളില് എഴുതിയിരുന്നു.
"നിങ്ങളുടെ ദൈവം എവിടെ', "കുട്ടികള്ക്ക് വേണ്ടി' എന്നിവയും ആയുധങ്ങളില് എഴുതിയിട്ടുണ്ട്. അതേസമയം, വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല് യൂട്യൂബ് നീക്കംചെയ്തിട്ടുണ്ട്.
ആകെ രണ്ട് വീഡിയോകളാണ് പ്രതിയുടെ യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളിലാണ് തോക്കുകളും വെടിക്കോപ്പുകളും പ്രതി പ്രദര്ശിപ്പിച്ചിരുന്നത്. ഒരു വീഡിയോയില് ഒരു ചെറിയ തോക്ക് കൈയിലെടുത്ത് ആവശ്യം വന്നാല് ഇത് തനിക്കുള്ളതാണെന്ന് പ്രതി പറയുന്നതും കാണാം.
ക്ഷമചോദിച്ച് കുടുംബത്തിനായി എഴുതിയ നാലുപേജുള്ള കത്തും പ്രതി ഒരു വീഡിയോയില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. സ്കൂളുകളില് നേരത്തേ വെടിവെപ്പ് നടത്തിയ ചില അക്രമികളുടെ പേരുകളും പ്രതി തന്റെ തോക്കുകളില് എഴുതിവെച്ചിരിക്കുന്നതും വീഡിയോയില് കാണാം. ഇതിനുപുറമേ സിറിലിക്ക് ലിപിയിൽ എഴുതിയ നിരവധി പേജുകളുള്ള കത്തുകളും വീഡിയോയില് കാണിച്ചിരുന്നു.