ഹരിപ്പാട്: സ്വകാര്യ ബസ് ഡ്രൈവറെ നടു റോഡിൽവച്ച് മർദിച്ച ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് - മാവേലിക്കര റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവർ ബേബി ചാക്കോ (51) ആണ് മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബേബി ചാക്കോ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മൈത്രി ജംഗ്ഷനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അശ്രദ്ധമായി ബസിനു മുന്നിലേക്ക് വെട്ടിച്ചു കയറ്റിയത് ഡ്രൈവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബസ് മുട്ടംകുളത്ത് എത്തിയപ്പോൾ ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി ദമ്പതികൾ മർദിക്കുകയായിരുന്നു. ദമ്പതികൾ ഹെൽമറ്റ് ഉപയോഗിച്ച് ബേബിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അക്രമം നടത്തിയവർക്കെതിരേ ഡ്രൈവർ കരിയിലകുളങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടുറോഡിൽ നടന്ന അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബസ് തൊഴിലാളി സംഘടനകൾ രംഗത്തെത്തി.