Business
വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാറിന് അന്തിമ രൂപം നൽകുന്നതിനായി വാഷിംഗ്ടണിൽ നിശ്ചയിച്ചിരുന്ന മുഖ്യ ചർച്ചാപ്രതിനിധികളുടെ യോഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജയിനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ നികുതി യുഎസ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണു യോഗം മാറ്റിവച്ചതെന്നാണ് കരുതുന്നത്.
15 ശതമാനം അധിക തീരുവ കൂടി യുഎസ് സുപ്രീംകോടതി വിധിയെത്തുടർന്ന് ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമല്ല.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചർച്ചാസംഘം യുഎസ് സന്ദർശിക്കുന്ന കാര്യത്തിൽ, ഏറ്റവും പുതിയ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്താൻ ഇരുപക്ഷത്തിനും സമയം ലഭിച്ചതിനുശേഷം മാത്രം ഇന്ത്യൻ ചീഫ് നെഗോഷ്യേറ്ററുടെയും സംഘത്തിന്റെ സന്ദർശനം മതിയെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇരുപക്ഷത്തിനും സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് ചർച്ച മാറ്റിവയ്ക്കും. ഇന്നു മുതൽ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ചർച്ചകൾക്കായി ഇന്ത്യൻ സംഘം തയാറെടുത്തിരുന്നത്.
ശനിയാഴ്ച, എല്ലാ രാജ്യങ്ങളുടെയും തീരുവ ഒരു ദിവസം മുന്‍പ് പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാന്പത്തിക അജണ്ടയ്ക്ക് വലിയ തിരിച്ചടിയായി, ലോകരാജ്യങ്ങൾക്കു മേൽ ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നും 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് വ്യാപകമായ തീരുവകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡന്റ് തന്റെ അധികാരം ലംഘിച്ചുവെന്നും യുഎസ് സുപ്രീംകോടതി വിധിച്ചു.
2025 ഓഗസ്റ്റിൽ ഇന്ത്യക്ക് മേൽ 25 ശതമാനം പകരം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട്, ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇത് ഇന്ത്യയുടെ മൊത്തം തീരുവകൾ 50 ശതമാനമാക്കി. ഈ മാസം ആദ്യം ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ഒരു ധാരണയിലെത്തി. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വാഷിംഗ്ടണ്‍ 18 ശതമാനമായി കുറയ്ക്കും. ഇപ്പോൾ, ശിക്ഷാപരമായ 25 ശതമാനം നീക്കം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 25 ശതമാനം നിലവിലുണ്ട്.
സുപ്രീം കോടതി വിധിക്കു പിന്നാലെ ട്രംപ് വ്യാപാര തീരുവകൾ വീണ്ടും 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ചു. ഈ തീരുവ പ്രാബല്യത്തിൽ വരുകയാണെങ്കിൽ, നിലവിലുള്ള മോസ്റ്റ് ഫേവേഡ് നേഷൻ (എംഎഫ്എൻ) അല്ലെങ്കിൽ യുഎസിലെ ഇറക്കുമതി തീരുവയ്ക്ക് പുറമേയായിരിക്കും. ഉദാഹരണത്തിന്, ഒരു ഉത്പന്നത്തിന് 5 ശതമാനം എംഎഫ്എൻ തീരുവ ഉണ്ടെങ്കിൽ, 15 ശതമാനം അധിക തീരുവ കൂടി ചേർത്ത് 20 ശതമാനമായി മാറും. നേരത്തേ, ഇത് അഞ്ചു ശതമാനത്തോടൊപ്പം 25 ശതമാനം അധിക നികുതി കൂടി ചേർന്ന് 30 ശതമാനമായിരുന്നു.
150 ദിവസത്തെ കാലയളവിനുശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ യുഎസ് താരിഫ് എന്തായിരിക്കുമെന്ന് വ്യക്തതയില്ല.
ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നിലവിലുള്ള ധാരണപത്രം ഒരു നിയമപരമായ രേഖയാക്കി മാറ്റേണ്ടതുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള നിയമരേഖ അന്തിമമാക്കുന്നതിന്, ഇന്ത്യൻ സംഘം ഇന്നു മുതൽ 26 വരെ വാഷിംഗ്ടണിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
കരാർ മാർച്ചിൽ ഒപ്പുവയ്ക്കാനും ഏപ്രിലിൽ നടപ്പിലാക്കാനും സാധ്യതയുണ്ടെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യ-ബ്രസീൽ വാർഷിക വ്യാപാരം അടുത്ത അഞ്ചു വർഷംകൊണ്ട് 2000 കോടി ഡോളറിന്റേതാക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സിൽവയും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.
പ്രതിരോധം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി.
എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും ബ്രസീലും അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു മുകളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മോദി സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ കൂടിച്ചേരൽ മാത്രമല്ല ഡിജിറ്റൽ സൂപ്പർ പവർ രാജ്യങ്ങളുടെ ഒത്തുചേരൽ കൂടിയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ പറഞ്ഞു. അഞ്ചു ദിവസത്തെ സന്ദർശത്തിനാണ് ബ്രസീലിയൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.
Business
ന്യൂഡല്‍ഹി: ഇന്ത്യ- അറബ് വ്യാപാരം 215 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി (ഫിക്കി) ഇന്‍ഡോ- അറബ് കൗണ്‍സില്‍ കോ ചെയറും ഇറാം ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ്.
ന്യൂഡല്‍ഹിയില്‍ നടന്ന അറബ് ലീഗിലെ 22 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറബ് ലീഗും ഇന്ത്യയും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഭക്ഷ്യ സുരക്ഷ, പുനരുപയോഗ ഊര്‍ജം, ഡാറ്റ സംരക്ഷണം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതിലും ധാരണയായി.
National
ഡൽഹി: അഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി വഴികൾ പാകിസ്ഥാൻ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അസീസിയുടെ സന്ദർശനം.
വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ സംഘർഷങ്ങൾ വർധിക്കുന്നതിന്റെയും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാബൂളിന്റെ പുതിയ നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.
ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അസീസിയെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിലേക്കും (ഐഐടിഎഫ്) അഫ്ഗാൻ മന്ത്രിക്ക് ക്ഷണം ലഭിച്ചു. 2021 ന് ശേഷം ഐടിപിഒയിലേക്ക് ഒരു അഫ്ഗാൻ മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളിൽ ഔഷധങ്ങൾ, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, പഞ്ചസാര, ചായ, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലേക്കുള്ള അഫ്ഗാൻ കയറ്റുമതിയിൽ പ്രധാനമായും കാർഷിക ഉത്പന്നങ്ങളും ധാതുക്കളുമാണ് അടങ്ങിയിരിക്കുന്നത്.
Leader Page
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപിച്ച്, മടക്കയാത്രയിൽ മാലിദ്വീപുമായും പുതിയ ഉടന്പടിയുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷേ, അമേരിക്കയുമായി ഇതുപോലൊരു വാണിജ്യക്കരാറിനുവേണ്ടി ഉഭയകക്ഷി ചർച്ചകൾ ഏപ്രിൽ മുതൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. വിവിധ തലങ്ങളിൽ അഞ്ചോ ആറോ റൗണ്ട് ചർച്ചകൾ നടന്നുകഴിഞ്ഞു.
ആവശ്യം ഉഭയകക്ഷി ചർച്ചകൾ
ഇക്കൊല്ലം ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി പദവി ഏറ്റപ്പോൾത്തന്നെ പ്രഖ്യാപിച്ചതാണ് Make America Great Again (MAGA) എന്നതാണ് തന്റെ ലക്ഷ്യമെന്ന്. അതിനുവേണ്ടി ആദ്യം അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവരണം. എന്നിട്ട് ക്രമേണ അമേരിക്ക ഒരു വാണിജ്യമിച്ചമുള്ള രാജ്യമായിത്തീരണം. ഇന്ന് അമേരിക്കയുടെ ഉത്പന്നങ്ങൾക്കു മറ്റു രാജ്യങ്ങൾ വലിയ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നത്.
അതേസമയം, അമേരിക്ക അവരുടെ ഉത്പന്നങ്ങളെല്ലാം നിസാരമായ ചുങ്കത്തിൽ ഇറക്കുമതി ചെയ്യുന്നു. ഇരുകൂട്ടർക്കും ഒരേ നിരക്കുകൾ ബാധകമാകണം. ഉഭയകക്ഷി ചർച്ചകൾ നടത്തി ഇരുകൂട്ടർക്കും നീതിയുക്തമായ ചുങ്കനിരക്കുകൾ നിർണയിക്കുന്ന പുതിയ കരാറുകൾ പ്രഖ്യാപിക്കണം. ഇതിനകം അമേരിക്ക ചൈനയോടു പ്രത്യേക ചർച്ച നടത്തി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. പിന്നീട് ജപ്പാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും പ്രഖ്യാപിച്ചു. ഏറ്റവുമാദ്യം ഏപ്രിലിൽതന്നെ ഉഭയകക്ഷി ചർച്ചകൾക്കു തുടക്കംകുറിച്ചത് ഇന്ത്യയായിരുന്നു. പക്ഷേ ഇപ്പോൾ കരാറുണ്ടാക്കാൻ കഴിയാതെ അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയിരിക്കുകയാണ്.
വ്യാപാരക്കമ്മി
ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണ് അമേരിക്ക. ആണ്ടിൽ 130 ലക്ഷം കോടി ഡോളർ (130 ബില്യണ്‍). നമ്മുടെ പ്രധാന ഇറക്കുമതി ഇനങ്ങൾ ചില പ്രത്യേക മരുന്നുകൾ, ഇലക്ട്രോണിക്സ് യന്ത്രങ്ങൾ, ക്രൂഡ്ഓയിൽ, കണ്ണാടി, രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ എന്നിവയാണ്. ഇത് 42 ബില്യണ്‍ ഡോളർ വരും. നമ്മുടെ കയറ്റുമതി അണ്ടിപ്പരിപ്പ്, സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്, ബസുമതി അരി, പഴവർഗങ്ങൾ, പച്ചക്കറി, സ്വർണാഭരണം, വസ്ത്രങ്ങൾ എന്നിവ. ഇതാകട്ടെ 88 ബില്യണ്‍ ഡോളറും. അതായത് അമേരിക്കയ്ക്കു നമ്മളുമായുള്ള വ്യാപാരത്തിൽ വ്യാപാരക്കമ്മിയാണ്. അവരുടെ ഉത്പന്നങ്ങൾ കൂടുതലായി നാം ഇറക്കുമതി ചെയ്ത് വ്യാപാരക്കമ്മി നികത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്. അവരുടെ ചോളം, ഗോതന്പ്, സോയാബീൻ, പാൽ, പാൽ ഉത്പന്നങ്ങൾ, കോഴിക്കാൽ, ആയുധങ്ങൾ, യുദ്ധവിമാനം മുതലായവ ഇറക്കുമതി ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത് പ്രായോഗികമാക്കാൻ ഇവയുടെയെല്ലാം ചുങ്കം കുറയ്ക്കണം. അങ്ങനെ കമ്മി നികത്താൻ അവരെ സഹായിക്കണം.
അമേരിക്കൻ കൃഷിസ്ഥലങ്ങൾ അതിവിസ്തൃതം, യന്ത്രവത്കൃതം. ആധുനിക ടെക്നോളജി ഉപയോഗിച്ച് കാര്യക്ഷമമായി നടത്തുന്നു. സർക്കാരിന്റെ വൻതോതിലുള്ള സഹായവും അവർക്കു ലഭിക്കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണു കൃഷിക്കാർ. ഇന്ത്യയിലാണെങ്കിൽ കൃഷിസ്ഥലങ്ങളുടെ വിസ്തൃതി വളരെ ചെറുത്. കർഷകരെല്ലാം പാവപ്പെട്ടവർ. 70 കോടി ജനങ്ങൾ കൃഷിയെ ആശ്രയിച്ചു കഴിയുന്നു. ആധുനിക സാങ്കേതികവിദ്യകൾ എത്തിനോക്കുന്നതേയുള്ളൂ. ഇന്ത്യൻ കാർഷികവിപണി അമേരിക്കൻ ഉത്പന്നങ്ങൾക്കു തുറന്നുകൊടുത്താൽ അത്താഴപ്പട്ടിണിക്കാരായ നമ്മുടെ 70 കോടി കർഷകരുടെ സ്ഥിതി വഷളാകും. വലിയ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളുണ്ടാകും. ഇരുകൂട്ടരും ഇങ്ങനെ ബലംപിടിച്ചുനിൽക്കുന്നു. നമ്മുടെ കർഷകരെ ബാധിക്കാത്തതും അതേസമയം, ട്രംപിന് ഒരു വലിയ കൈത്താങ്ങായിത്തീരുന്നതുമായ ഒരു കാര്യം ഇവിടെ പ്രസക്തമാണ്. ഭക്ഷ്യഎണ്ണയുടെ കാര്യമാണത്.
ഇന്ത്യയിൽ ഇന്ന് പെട്രോളിയം, സ്വർണം ഇവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവാക്കി നാം ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് ഭക്ഷ്യ എണ്ണ. പാംഓയിൽ, സോയാബീൻ ഓയിൽ മുതലായവയാണ് ഇങ്ങനെ ഇറക്കുമതി ചെയ്യുന്നത്.
ഭക്ഷ്യ എണ്ണ ഇറക്കുമതി
ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ ഡിമാൻഡ് ആണ്ടുതോറും ഉയരുന്നു. ലോകത്തിൽ ഏറ്റവും വലിയ സോയാബീൻ ഉത്പാദകർ അമേരിക്കയാണ്. അവരുടെ സോയാബീൻ മുഴുവൻ ചൈനയാണു വാങ്ങിക്കൊണ്ടിരുന്നത്. പക്ഷേ, ഇക്കൊല്ലം ട്രംപ് അധികാരമേറ്റയുടനെ ചുങ്കനിരക്കുകളെല്ലാം ഉയർത്തി താരിഫ് യുദ്ധം തുടങ്ങിയപ്പോൾ കുപിതരായ ചൈനക്കാർ സോയാബീൻ ഇറക്കുമതി ചെയ്യാൻ അമേരിക്കയുമായി ഉണ്ടാക്കിയ കരാറുകളെല്ലാം റദ്ദ് ചെയ്തു. പകരം അവർ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നു സോയാബീൻ വാങ്ങി. അപ്പോൾ ഏറ്റവുമുധികം സോയാബീൻ ഉത്പാദിപ്പിക്കുന്ന അമേരിക്കയിൽ പ്രതിസന്ധിയായി, വിൽക്കാൻ കഴിയുന്നില്ല. ഈ വിഷമാവസ്ഥയിൽ നാം അമേരിക്കൻ സോയാബീൻ ഇറക്കുമതി ചെയ്താൽ പാചകത്തിനാവശ്യമായ എണ്ണ ലഭിക്കും. കാലിത്തീറ്റയ്ക്കു സോയാപ്പിണ്ണാക്കും ലഭിക്കും. തുറമുഖങ്ങൾക്കടുത്തു സോയാബീനിൽനിന്നും എണ്ണ പിഴിഞ്ഞെടുക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
പക്ഷേ, സോയാബീൻ ഇറക്കുമതി ചെയ്യാൻ രണ്ടു പ്രതിബന്ധങ്ങളാണ് നമ്മുടെ മുന്നിൽ. ഒന്ന്, അമേരിക്കൻ സോയാബീൻ കൃഷി മിക്കവാറും അത്യുത്പാദന ശേഷിയുള്ള ജിഎം (Genetically Modified) വിത്തുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷകർക്കു ജനിതകമാറ്റം വരുത്തിയ വിത്തുകളോടു വിരോധമാണ്.
വിപ്ലവം സൃഷ്ടിച്ച ജിഎം വിത്തുകൾ
പക്ഷേ, പരുത്തി ഉത്പാദനമേഖലയിൽ ജിഎം വിത്തുകൾ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് ചരിത്രം. അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യക്ക് ലോകത്തിൽ ഒന്നാംസ്ഥാനം നേടിക്കൊടുത്തത്, ബിടി കോട്ടണ്‍ എന്ന ജനതികമാറ്റം വരുത്തിയ പരുത്തിവിത്തുകളാണ്. ഈ വിത്ത് കൂടുതൽ ഉത്പാദനം നൽകുന്നു. പരുത്തിച്ചെടിയുടെ വലിയ ശത്രുവായ ബോൾ വോം എന്ന പുഴുവിനെയിത് ചെറുക്കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ വരവോടെ കർഷകർക്കു കീടനാശിനിച്ചെലവ് ഒഴിവായിക്കിട്ടി. അതേസമയം, ഉത്പാദനം പെരുകി. പക്ഷേ, ആണ്ടുതോറും പുതിയ വിത്ത് വാങ്ങണം. മുന്‍പ് ചെയ്തിരുന്നതുപോലെ പരുത്തിവയലിൽനിന്ന് ശേഖരിക്കുന്ന വിത്ത് ഉപയോഗിച്ചാൽ മേൽപ്പറഞ്ഞ പ്രയോജനങ്ങളൊന്നും ലഭിക്കില്ല.
സർക്കാർ പരീക്ഷണാർഥം ഉപയോഗിക്കാൻ േണ്ടി മാത്രം ബിടി കോട്ടണ്‍ വിത്തുകൾ വിതരണം ചെയ്തു. പുതിയ വിത്തുകൾ വച്ചു നടത്തിയ കൃഷിയുടെ ഗുണഫലങ്ങൾ നേരിട്ടു കണ്ട കർഷകർ സർക്കാരിന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ മോണ്‍സാന്റോ കന്പനിയുടെ വിത്ത് വാങ്ങി എല്ലായിടത്തും ബിടി കോട്ടണ്‍ കൃഷി തുടങ്ങി. പിന്നീടു സംഭവിച്ചത് ചരിത്രമാണ്. ഇന്ത്യക്ക് പരുത്തി ഉത്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാനം. മറ്റു പല കൃഷികൾക്കും ജനിതക വിത്തുകൾ വികസിപ്പിച്ചെടുത്തെങ്കിലും (വഴുതന) പ്രചരിപ്പിക്കാൻ സർക്കാരിന്റെ അനുവാദം ഇതുവരെ കിട്ടിയിട്ടില്ല. ബ്രസീലിൽനിന്നും അർജന്റീനിയിൽനിന്നും മുൻ വർഷങ്ങളിൽ ഇറക്കുമതി ചെയ്തിരുന്ന സോയാ എണ്ണ ആ രാജ്യങ്ങളിൽ കൃഷി ചെയ്തുണ്ടാക്കിയ ജനിതകമാറ്റം വരുത്തിയ സോയാപ്പയറിൽനിന്നും സംസ്കരിച്ചെടുത്ത എണ്ണയായിരുന്നു എന്ന കാര്യം ഇപ്പോൾ പ്രസക്തമാകുന്നു.
ഇനി രണ്ടാമത്തെ പ്രശ്നം. ഇന്ന് ക്രൂഡ് പാംഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് അതു ശുദ്ധീകരിച്ച് പാംഓയിൽ വിതരണം ചെയ്യുന്ന പ്രധാന കക്ഷി നമ്മുടെ അദാനി ഗ്രൂപ്പിന്റെ ഒരു കന്പനിയാണ്. അവരുടെ പ്രശ്നം മറികടക്കാൻ പ്രയാസമുണ്ടാകില്ല, അമേരിക്കയിൽനിന്നു വരുന്ന സോയാബീൻ പിഴിഞ്ഞെടുത്ത് എണ്ണ ഉത്പാദിപ്പിക്കുന്ന ദൗത്യം അദാനിയെ ഏൽപ്പിച്ചാൽ മതിയല്ലോ.
അങ്ങനെ തെക്കേ അമേരിക്കയിൽ ബ്രസീലിൽനിന്ന് ജനതികമാറ്റം വരുത്തിയ സോയാബീനിൽനിന്ന് പിഴിഞ്ഞെടുക്കുന്ന സോയാ എണ്ണ വാങ്ങി ഉപയോഗിക്കുന്നതിനു പകരം വടക്കേ അമേരിക്കയിൽനിന്നു ജനിതകമാറ്റം വരുത്തിയ സോയാപ്പയർ വാങ്ങി നമ്മൾതന്നെ സംസ്കരിച്ച് ഭക്ഷ്യ എണ്ണ ജനങ്ങൾക്കു ലഭ്യമാക്കുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ലല്ലോ.
അതേസമയം, നമുക്ക് ട്രംപിനെ ഒരു പ്രതിസന്ധിയിൽ രക്ഷിച്ചു എന്ന് അവകാശപ്പെടാം. കാർഷികമേഖല മുഴുവൻ അമേരിക്കയ്ക്കു തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ട്രംപിന് അതു മുഴുവൻ സാധിച്ചുകൊടുത്തില്ലെങ്കിലും സോയാബീൻ എങ്കിലും നാം വാങ്ങുന്നുണ്ടല്ലോ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് കരാർ ഉണ്ടാക്കി മുന്നോട്ടു പോകുകയും ചെയ്യാം.