രോഹിത് ശര്‍മ, വിരാട് കോഹ്ലി
ഓക്ലന്‍ഡ്: ടീം ഇന്ത്യയുടെ കുട്ടിക്രിക്കറ്റിന്റെ നവമുഖങ്ങള്ക്കു വിശ്രമദിനങ്ങള്‍... കുട്ടിക്രിക്കറ്റിലും ഒരുനാള്‍ പോരാട്ടത്തിലും അഞ്ചുദിന പരീക്ഷയിലുമെല്ലാം ഇന്ത്യന്‍ ആരാധകരുടെ ആവേശമായിരുന്ന ആശാന്മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്നു വീണ്ടും കളത്തില്‍. ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് കോഹ്ലിയും രോഹിത്തും ഇന്ത്യന്‍ ജഴ്സിയില്‍ ഇറങ്ങുന്നതെന്നതും പ്രത്യേകത.
ഇന്ത്യ x ന്യൂസിലന്‍ഡ് അഞ്ചു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യപോരാട്ടം ഇന്ന്. ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍, ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് മത്സരം. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യന്‍ ഏകദിന പുരുഷസംഘം കളത്തിലെത്തുന്നത്. ന്യൂസിലന്‍ഡിന്റെ ടീമിനെ നയിക്കുന്നത് സ്പിന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ സാന്റ്നര്‍.
കോണ്‍വെ ഇല്ലാതെ കിവീസ്
സൂപ്പര്‍ ബാറ്ററായ ഡെവോണ്‍ കോണ്‍വെ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പരിശീലനത്തിനിടെ സഹതാരമായ മാറ്റ് ഹെന്റിയുമായി കൂട്ടിയിടിച്ചുണ്ടായ പരിക്കിനെത്തുടര്‍ന്നാണ് കോണ്‍വെയ്ക്കു പരിക്കേറ്റത്. ക്യാച്ചിംഗ് പരിശീലനത്തിനിടെയായിരുന്നു കൂട്ടിയിടിയുണ്ടായതെന്നതും ശ്രദ്ധേയം.
പരമ്പരനേട്ടത്തിന് ഇന്ത്യ
ട്വന്റി-20 ക്രിക്കറ്റ് പരമ്പര 3-2നു സ്വന്തമാക്കിയശേഷമാണ് ടീം ഇന്ത്യയുടെ ഏകദിന സംഘം ഇന്നു മുതല്‍ കളത്തിലെത്തുന്നത്. ട്വന്റി-20 പരമ്പരയില്‍ ആദ്യത്തെ മൂന്നു മത്സരങ്ങള്‍ ജയിച്ചെങ്കിലും അവസാന രണ്ടിലും പരാജയപ്പെട്ടിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് എതിരേ സെപ്റ്റംബര്‍-ഒക്ടോബറില്‍ നടന്നതായിരുന്നു ഇന്ത്യയുടെ അവസാന ഏകദിന പരമ്പര.
2018-19ല്‍ ആണ് ന്യൂസിലന്‍ഡില്‍ അവസാനമായി ടീം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയത്. അന്ന് അഞ്ചു മത്സര പരമ്പര ഇന്ത്യ 4-1നു നേടി. പിന്നീട് 2019-20ലും (3-0) 2022-23ലും (1-0) ന്യൂസിലന്‍ഡ് പര്യടനം നടത്തിയെങ്കിലും ജയം നേടാന്‍ ഇന്ത്യക്കു സാധിച്ചില്ല.
കോഹ്ലി + രോഹിത്
തലമുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനു കരുത്തേകുമെന്നതില്‍ തര്‍ക്കമില്ല. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയുമായിരിക്കും ഇന്ത്യന്‍ ഓപ്പണര്‍മാര്‍. കോഹ്ലി മൂന്നാം നമ്പറില്‍ എത്തും. മധ്യനിര സ്ഥാനത്തിനായി ഋതുരാജ് ഗെയ്ക്വാദാണ് രംഗത്തുള്ളത്.
പ്രത്യേകിച്ച്, ട്വന്റി-20 ക്യാപ്റ്റനായ ശ്രേയസ് അയ്യറിനു വിശ്രമം അനുവദിച്ച പശ്ചാത്തലത്തില്‍. വിക്കറ്റ് കീപ്പറായ കെ.എല്‍. രാഹുലും മധ്യനിര ബാറ്റിംഗില്‍ കരുത്തേകും. ട്വന്റി-20 പരമ്പരയില്‍ വിസ്ഫോടനം സൃഷ്ടിച്ച നമാന്‍ ധിറിനെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മിന്നും ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്. രോഹിത് 32, 101, 92 എന്നിങ്ങനെ 225 റണ്‍സ് നേടി. കോഹ്ലിയാണെങ്കില് 139*, 29, 0 എന്നിങ്ങനെ 168 റണ്‍സും.
Tags : ODIseries NewZealand India CricketMatch Sports