മരിച്ച അഭിരാം
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുമായി പൊലിസ്. പ്രതിയായ 17കാരനും അയാളുടെ മുൻ കാമുകിയും തമ്മിലുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലിസ് കണ്ടെത്തി.
ഇവർ ലക്ഷ്യംവച്ചത് അഭിരാമിന്റെ സുഹൃത്തിനെയെന്നും പൊലിസ് വ്യക്തമാക്കുന്നു. ഇവർ ഒരുക്കിയ കെണിയിൽ അറിയാതെ വന്നു വീണതാണ് അഭിരാം. അഭിരാമിന്റെ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു പതിനേഴുകാരന്റെ യഥാര്‍ഥ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തിനെ ഭീഷണിപ്പെടുത്തി സ്ഥലത്തെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അഭിരാം വിളിച്ചിട്ടും സുഹൃത്ത് എത്തിയില്ല. ഇതോടെ അഭിരാമിനെത്തന്നെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകിയായ 17കാരന് നേരത്തേ ഒരു കാമുകിയുണ്ടായിരുന്നു. പ്രതി ആ കാമുകിയുമായി പിരിഞ്ഞശേഷം കൊല്ലപ്പെട്ട അഭിരാമിന്റെ പെണ്‍സുഹൃത്തുമായി പ്രണയത്തിലായി. ഈ പെണ്‍കുട്ടി തിരുവനന്തപുരം മണക്കാട് സ്വദേശിനിയാണ്. ഇതിനു പിന്നാലെ കൊലപാതകിയായ 17കാരന്റെ പഴയ കാമുകി അഭിരാമിന്റെ സുഹൃത്തുമായി സൗഹൃദത്തിലായി.
ഇതിനു പിന്നാലെ ഈ പെണ്‍കുട്ടി പുതിയ ആണ്‍സുഹൃത്തുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും കൊലപാതകിയായ 17കാരന് അയച്ചുകൊടുക്കുന്നു. ഇതു പഴയ കാമുകനെ പ്രകോപിപ്പിച്ച് വൈരാഗ്യം തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഇതോടെ പ്രകോപിതനായ പ്രതിയായ 17കാരന് തന്റെ പഴയ കാമുകിയുടെ പുതിയ സൃഹൃത്തായ അഭിരാമിന്റെ കൂട്ടുകാരനെ കൊല്ലാന്‍ തീരുമാനിച്ചു.
ഇതിനായി പെൺകുട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രതി രണ്ടു ദിവസത്തേക്ക് വാങ്ങിവയ്ക്കുകയും പെൺകുട്ടിയുടെ ഐഡിയില്‍നിന്ന് അഭിരാമിന് നിരന്തരം മെസേജുകളും ചാറ്റുകളും അയയ്ക്കുകയും ചെയ്തു. പെൺകുട്ടിയാണ് അഭിരാമിനെ വിളിച്ചുവരുത്തുന്നത്. എന്നാൽ അഭിരാം ഇവിടെ എത്തിയപ്പോഴാണ് പ്രതി തന്നെയാണ് വിളിച്ചതെന്ന് അറിയുന്നത്.
അഭിരാമിന്റെ സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു ലക്ഷ്യം. പ്രതിയായ പതിനേഴുകാരൻ പലപ്രാവശ്യം വിളിച്ചെങ്കിലും കാമുകിയുടെ സുഹൃത്ത് വരാൻ തയാറായില്ല. ഇതിനെത്തുടർന്നാണ് അഭിരാമിനെ വിളിച്ചുവരുത്തുന്നത്. ഇവരിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ ആക്രമിക്കുകയായിരുന്നു.
പ്രതിയും അഭിരാമും ഈ ഭാഗത്തേക്ക് നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പൊലിസിനു ലഭിച്ചു. അതോടൊപ്പം ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും മെസേജുകളും വീണ്ടെടുത്തിട്ടുണ്ട്.
മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറ കൊലപാതക കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി. കൃഷ്ണ അറിയിച്ചു.
കേസില്‍ മൂന്നു പേരാണ് ഇതുവരെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട മുഖ്യപ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
അറസ്റ്റിലായ രണ്ടാം പ്രതി ശ്രീകാര്യം കല്ലമ്പള്ളി പുതുവല്‍ പുത്തന്‍വീട്ടില്‍ ഉമര്‍ മുഫ്താര്‍ എസ്. റൗഡി ലിസ്റ്റിലുള്ളയാളും കാപ്പ നിയമപ്രകാരം നടപടികള്‍ നേരിട്ടയാളുമാണ്.
സെപ്റ്റംബര്‍ ഒന്നിന് കാപ്പ കരുതല്‍ തടങ്കലില്‍നിന്ന് മോചിതനായ ഇയാള്‍ക്ക് കേസിലുള്ള പങ്കിനെ സംബന്ധിച്ച് വിശദമായ അന്വേഷണ നടത്തുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു.
മൂന്നാം പ്രതിയായ തിരുവനന്തപുരം ശ്രീവരാഹം വാര്‍ഡിലെ മണക്കാട് സ്വദേശി ആനന്ദയാണ് അറസ്റ്റിലായ മൂന്നാമത്തെയാള്‍. കുറ്റകൃത്യത്തെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
Tags : Abhiram Target Murder Friend Pangappara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash