പ്രതീകാത്മക ചിത്രം
ആലപ്പുഴ: നെൽവിത്തു ക്ഷാമം മൂലം കുട്ടനാട്ടിൽ രണ്ടാം കൃഷിക്ക് പിന്നാലെ പുഞ്ച ക്കൃഷിയും താളം തെറ്റുന്നു. കുട്ടനാടൻ കർഷകർ സർട്ടിഫൈഡ് നെൽവിത്ത് വാങ്ങാൻ പാലക്കാട്ടേക്കു പോകണമെന്ന് ഉത്തരവിറക്കി കൃഷിവകുപ്പ്.
കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അഥോറിറ്റി വഴി സർക്കാരാണ് ഒരേക്കറിന് 40 കിലോ നെൽവിത്ത് കർഷകർക്ക് നൽകുന്നത്. എന്നാൽ ഇങ്ങനെ നൽകാൻ നെൽവിത്ത് പായ്ക്ക് ചെയ്യുന്നതിലുണ്ടാ യ കാലതാമസമാണ് നെൽവിത്ത് വിതരണത്തിൽ വന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പുഞ്ചക്കൃഷിക്കുള്ള വിത സമയം പിന്നിട്ടതോടെ കർഷകരിൽനിന്നുള്ള പ്രതിഷേധം ശക്തമായതിനെത്തുടര്ന്നാണ് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി പുതിയ നിർദേശമിറക്കിയത്.
കർഷകർ പാടശേഖരസമിതികൾ വഴി വാഹനം ഏർപ്പാടാക്കി പാലക്കാട് സീഡ് അഥോറിറ്റിയുടെ ഗോഡൗണിൽ കൃഷി ഓഫീസറുടെ ലെറ്ററുമായി എത്തിയാൽ വിത്ത് നൽകുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതിനു ചെലവാകുന്ന വാഹന കൂലി സീഡ് അഥോറിറ്റി അംഗീകരിച്ച നിരക്കിൽ പാടശേഖരസമിതിയുടെ ലെറ്റർപാഡിൽ ആവശ്യപ്പെട്ടാൽ പിന്നീട് നൽകാമെന്നാണ് ഉത്തരവിലുള്ളത്. വിത്ത് വാഹനത്തിലേക്കു കയറ്റുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കും. ഇറക്കുന്നതിനുള്ള കൂലി കർഷകർ തന്നെ നൽകണം. കിലോഗ്രാമിന് 42 രൂപ നിരക്കും നിശ്ചയിച്ചിട്ടുണ്ട്.
വണ്ടിക്കൂലിയും ഇറക്കുകൂലിയും കഴിഞ്ഞാൽ കർഷകന് പിന്നെ എന്തു ലഭിക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം തുലാം പത്തിനു മുന്പ്, അതായത്, ഒക്ടോബർ 25നു മുന്പാണ് വിത തീർക്കേണ്ടത്. എങ്കിലേ കൃത്യസമയത്ത് വിളവെടുപ്പ് പൂർത്തിയാക്കാനാകൂ.
കുട്ടനാട്ടിൽ ഒരേക്കറിന് 50- 60 കിലോ വിത്താണ് വിതയ്ക്കാൻ ആവശ്യമുള്ളത്. എന്നാൽ, സർക്കാർ നൽകുന്നത് 40 കിലോ മാത്രമാണ്. ബാക്കി വരുന്ന വിത്ത് കർഷകർ പണം മുടക്കിയാണ് വാങ്ങുന്നത്. ഇങ്ങനെ വാങ്ങിയതിന്റേത് ഉൾപ്പടെ സർക്കാർ നൽകിയ പല വാഗ്ദാനങ്ങളുടെയും 2024 മുതലുള്ള തുക കർഷകർക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു.
24,800 ഹെക്ടറിലാണ് കുട്ടനാട്ടിൽ ഇത്തവണ പുഞ്ചക്കൃഷി നടക്കുന്നത്. ഇതിൽ 80 ശതമാനം പാടശേഖരങ്ങളിലും വിത കഴിഞ്ഞതായാണ് കൃഷിവകുപ്പ് പറയുന്നത്. എന്നാൽ കുട്ടനാട്ടിലെ രണ്ടാം കൃഷിയും പുഞ്ചക്കൃഷിയും ചെയ്യുന്ന നെടുമുടി കൃഷിഭവനു കീഴിലെ കർഷകർ പലരും കൃഷി ഉപേക്ഷിക്കുകയാണ്. 36 പാടശേഖരങ്ങളിലായി 5000 ഏക്കറിൽ കൃഷി നടക്കുന്ന ഇവിടെ പത്തുപാടശേഖരങ്ങളിലായി 1000 ഏക്കറിൽ മാത്രമാണ് ഇത്തവണ പുഞ്ച ക്കൃഷി ഇറക്കുന്നത്. 26 പാടശേഖരങ്ങളിലെ 4000 ഏക്കറിലെ കൃഷിയാണ് കർഷകർ ഉപേക്ഷിച്ചത്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഡിസംബർ 15നാണ് അടയ്ക്കുന്നതെങ്കിലും തകർന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേ വഴി വരുന്ന ഉപ്പുവെള്ളം കൃഷി നശിപ്പിക്കുന്നതിനാലാണ് നെടുമുടി, കൈനകരി, അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കർഷകർ പുഞ്ചക്കൃഷി ഉപേക്ഷിക്കുന്നത്.
പ്രകൃതിദുരന്തമായി കണക്കാക്കാത്തതിനാൽ ഉപ്പു ജലം കയറിയുള്ള കൃഷിനാശത്തിന് വിള ഇൻഷ്വറൻസ് പ്രകാരമുള്ള നഷ്ടപരിഹാരവും ലഭിക്കില്ല. ഉപ്പുജലം കയറുന്നതിന് പരിഹാരം ഉണ്ടായാൽ ഏക്കർകണക്കിന് പാടങ്ങളിൽ പുഞ്ചക്കൃഷി നടക്കും. കഴിഞ്ഞ രണ്ടാം കൃഷിക്കും വിത്ത് എത്താൻ താമസിച്ചതിനാൽ കൃഷി താമസിച്ചിരുന്നു. കാർഷിക കലണ്ടർ താളം തെറ്റുന്നതിനാൽ മഴയിലും മറ്റും കൃഷിനാശം ഉണ്ടായി പറയാനാവാത്ത നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്.
കെഎസ്എസ്ഡിഎ പ്രവർത്തനം താളംതെറ്റി
കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അഥോറിറ്റി (കെഎസ്എസ്ഡിഎ) പാലക്കാട്ടുനിന്നു സംഭരിക്കുന്ന വിത്തുകൾ സംസ്കരിച്ച് ഏതു പാടശേഖരത്തിലെ വിത്തെന്നു രേഖപ്പെടുത്തിയായിരുന്നു കുട്ടനാട്ടിലേക്ക് എത്തിച്ചിരുന്നത്. ഇവിടെ കരാറുകാർ വിത്തു സംസ്കരിച്ചു വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതാണ് കുട്ടനാട്ടിലെ കർഷകർക്കു വെല്ലുവിളിയായത്. കർഷകർ നേരിട്ടു വിത്തെടുക്കാൻ പോകുമ്പോൾ വിത്തിന്റെ കൃത്യത ഉറപ്പാക്കാനാകില്ല.
Tags : Kuttanad Puncha Cultivation Disrupted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash