Business
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ഇ-പഠനകേന്ദ്രം നടത്തുന്ന കൂണ്കൃഷി വിഷയത്തിലെ സൗജന്യ ഓണ്ലൈൻ കോഴ്സിന്റെ പുതിയ ബാച്ച് 27ന് ആരംഭിക്കും.
കാർഷിക സർവകലാശാലാ ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന കോഴ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://celkau.in/elearning/reg.php എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
ജൂലൈ ഏഴിനുശേഷമുള്ള രജിസ്ട്രഷേൻ സ്വീകരിക്കില്ല.
20 ദിവസം ദൈർഘ്യമുള്ള കോഴ്സ് മലയാളത്തിലാണ്. ഒന്പതു സെഷനുകളിലായി തയാറാക്കിയ കോഴ്സ് കെഎയു എംഒഒസി പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർഥം പ്രയോജനപ്പെടുത്താം. ഇതിനായി കംപ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിക്കാം.
ഫൈനൽ പരീക്ഷ പാസാവുന്നവർക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റിനു നിശ്ചിത ഫീസ് ഈടാക്കും. രജിസ്റ്റർ ചെയ്തവർക്ക് 27 മുതൽ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാം. ഫോണ് : 0487-2438566.
Kerala
കല്പ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെ വയനാട്ടില് കാപ്പിക്കൃഷി മേഖലയുടെ ആധുനികവത്കരണത്തിനും ഉത്പാദനക്ഷമത വര്ധിപ്പിക്കുന്നതിനും 25 കോടി രൂപയുടെ പദ്ധതിയൊരുങ്ങുന്നു. ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളില് പുതിയ തൈകള് വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായധനമാണ് പദ്ധതിയുടെ പ്രധാന ആകര്ഷണം. ഹെക്ടറിന് 1,10,000 രൂപയാണ് സഹായം.
25 സെന്റ് മുതല് 10 ഹെക്ടര് വരെ കാപ്പിക്കൃഷിയുള്ളവര്ക്ക് അപേക്ഷിക്കാമെങ്കിലും ഒരാള്ക്ക് പരമാവധി 2.2 ലക്ഷം രൂപയാണ് സഹായം. ഹെക്ടറിന് 77,000 രൂപ ആദ്യവര്ഷവും 33,000 രൂപ രണ്ടാംവര്ഷവും വിതരണം ചെയ്യും.
കാപ്പിക്കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങള് ഒരുക്കുന്നതിന് ഹെക്ടറിന് 50,000 രൂപ വരെ സഹായം നല്കും. ജലസംഭരണി നിര്മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ളര് യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേന്മയുള്ള സര്ട്ടിഫൈഡ് തൈകള് ഉത്പാദിപ്പിക്കുന്ന 30 നഴ്സറികള്ക്ക് ആറ് ലക്ഷം രൂപ വീതം നല്കി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കും.
വയനാടന് കാപ്പിയുടെ വിപണി മൂല്യം ഉയര്ത്തുന്നതിന് നാഷണല്/ഇന്റര്നാഷണല് സര്ട്ടിഫിക്കേഷന്, ജിഐ ടാഗിംഗ് എന്നിവയ്ക്ക് ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) കര്ഷകര്ക്കും എഫ്പിഒകള്ക്കും റീഇംബഴ്സ്മെന്റായി നല്കും. പുനര്നടീലിനും ഡ്രിപ് ഇറിഗേഷനും കുറഞ്ഞ നിരക്കില് ടേം ലോണ് ലഭ്യമാക്കാന് പിസിജിഎസ് പദ്ധതി നടപ്പാക്കും.
കര്ഷകര്ക്ക് നേരിട്ട് സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനും കേര ഫീല്ഡ് ഓഫീസര്മാരുടെ സേവനം ലഭ്യമാണ്. കോഫീ ബോര്ഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കര്ഷകര്ക്ക് ബോധത്കരണ പരിപാടികളും 16,000 കര്ഷകര്ക്ക് ഗ്രാമതല ശില്പശാലകളും 3,400 കര്ഷകര്ക്ക് ശാസ്ത്രീയ കൃഷിരീതികളില് സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമാണ്.
താത്പര്യമുള്ള കര്ഷകര് https://keraplantation.kerala.gov.in എന്ന പോര്ട്ടല് വഴി ഓണ്ലൈനായി അപേക്ഷിക്കണം. കൂടുതല് വിവരത്തിന് 8089775400 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
Agriculture
കൃത്യതാ കൃഷിയിലൂടെ തണ്ണിമത്തൻ കൃഷി ചെയ്തു വിജയം കൈവരിച്ചിരിക്കുകയാണ് പിറവംകാരനായ എസ്. സനിൽ കുമാർ എന്ന യുവ കർഷകൻ. പിറവം മുനിസിപ്പാലിറ്റിയുടെ ഈ വർഷത്തെ യുവ കർഷക അവാർഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.
ഒന്നര ഏക്കറിൽ നാല് ടണ്ണിനടുത്ത് തണ്ണിമത്തൻ സനിൽ കൃഷി ചെയ്തു വിളവെടുത്തു. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചിംഗ് ഷീറ്റും ഡ്രിപ്പ് ലൈനും നൽകി, കൃത്യമായ ഇടവേളകളിൽ നനച്ചും വളമിട്ടും മതിയായ കളനിയന്ത്രണങ്ങൾ ചെയ്തും സനിൽ തന്റെ പറമ്പിൽ തണ്ണിമത്തൻ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുകയാണ്.
മുന്നൊരുക്കം
കൃഷിയിടം ടാക്ടർ ഉപയോഗിച്ച് ഉഴുതശേഷം നിലം ചെറിയ വരന്പുകളായി മാറ്റിയെടുക്കും. അതിലേക്ക് ആദ്യം കോഴിവളം ഇടും. ഇതിനു ശേഷം മണ്ണിട്ട് ഡോളോമെറ്റ് വിതറും. പിന്നെ അതിനു മുകളിൽ മണ്ണിട്ടശേഷം ഡ്രിപ്പ്ലൈൻ ഓസ് വലിക്കും.
ഇതിനുശേഷം പോളിത്തീൻ മൾച്ചിംഗ്ഷീറ്റ് വിരിക്കും. എത്ര അകലത്തിലാണോ തൈ നടുന്നത് അതനുസരിച്ച് ഷീറ്റിൽ ദ്വാരങ്ങളുണ്ടാക്കും. ഒന്നര ഇഞ്ച് പിവിസി പൈപ്പ് ഉപയോഗിച്ചാണ് ദ്വാരമിടുന്നത്.
വിത്തു പാകി തൈ മുളപ്പിക്കും
മുക്കാസോ, സൂപ്പർ ക്വീൻ, ഷുഗർ ക്വീൻ ഇനങ്ങളാണ് നടുന്നത്. പെരുന്പളത്തെ ശ്രീഅഗ്രി ഫാമിൽനിന്നാണ് പ്രധാനമായും വിത്ത് എടുക്കുന്നത്. വിത്തുപാകുന്നതിനായി ചകിരിച്ചോറ്, ജൈവവളം, സ്യൂഡോമോണസ് എന്നിവ മിക്സ് ചെയ്തത് ട്രേയിൽ നിറയ്ക്കും.
ഇതിൽ വിത്ത് പാകും. പത്തോ പതിനഞ്ചോ ദിവസത്തിനുശേഷം മുളപൊട്ടി തൈ ആകും. ഈ തൈയാണ് തോട്ടത്തിൽ നടുന്നതിന് ഉപയോഗിക്കുന്നത്. തണ്ണിമത്തൻ കൃഷിക്ക് പ്രധാനമായും കോഴിവളമാണ് ഇടുന്നത്. അടുത്തുള്ള കോഴിഫാമിൽനിന്നുമാണ് കൃഷിക്ക് ആവശ്യമായ വളം ശേഖരിക്കുന്നത്.
കൃഷിസ്ഥലത്ത് മാപ്പിംഗ് നടത്തിയാണ് ജലസംവിധാനം ഒരുക്കുന്നത്. ഇതിനായി വെഞ്ച്വറി പൈപ്പ്, ഫിൽട്ടർ എന്നിവ എവിടെയൊക്കെ വേണമെന്ന് നേരത്തെ സെറ്റ് ചെയ്തു വയ്ക്കും. ഡ്രിപ്പ്ലൈനിൽ ഒരേ മർദത്തിലാണ് വെള്ളം ചെടിയുടെ വേരുകളിലേക്ക് എത്തുന്നത്.
തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി കൃഷികളും സനിൽ ചെയ്യുന്നുണ്ട്. ഓണവിപണിയെ ലക്ഷ്യമിട്ടു 2500 വാഴ നട്ടിട്ടുണ്ട്. നേന്ത്രവാഴയും റോബസ്റ്റയുമാണ് പ്രധാന ഇനങ്ങൾ. ടിഷ്യു കൾച്ചർ വിത്താണ് നട്ടിരിക്കുന്നത്. ഒരു തടത്തിൽ രണ്ട് തൈകൾ വീതമാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്.
ഉമ ഇനത്തിൽപ്പെട്ട നെല്ലും കൃഷിചെയ്യുന്നു. വെണ്ട, പാവൽ ചീര, പയർ, മത്തൻ ഇങ്ങനെ പോകുന്നു മറ്റ് കൃഷികൾ. വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും സനിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ പച്ചക്കറി വിളവെടുക്കും.
വെല്ലുവിളികൾ എന്തൊക്കെ
വിപണി കണ്ടെത്തുക എന്നതാണ് കൃഷിയിൽ പ്രയാസകരമായ കാര്യം. മികച്ച കാലാവസ്ഥയും ജലലഭ്യതയുമുണ്ടെങ്കിൽ കൃഷി രക്ഷപ്പെടുമെങ്കിലും ഓരോ വിത്തിനും ഓരോ സീസണ് ഉണ്ട്.
അതനുസരിച്ച് കൃത്യമായ പ്ലാനിംഗോടെ വിത്ത് ഇറക്കിയാൽ ലാഭകരമായി മാറും. വളങ്ങളുടെ വില വർധനവും ലഭ്യതക്കുറവും മറ്റൊരു വെല്ലുവിളിയാണ്.
തൊഴിലാളികളുടെ എണ്ണം കുറവായതുകൊണ്ട് കൂലിച്ചെലവ് കുറയ്ക്കാൻ സാധിക്കും. മൾച്ചിംഗ് ഷീറ്റ് ഇട്ട് തൈ നട്ടതിനാൽ കള ശല്യം ഉണ്ടാവുകയില്ല. തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി, തെങ്ങ് കൃഷിയും ചെയ്യുന്നുണ്ട്.
ഫോണ്: 9544242120
National
റായ്പുർ: ഛത്തീസ്ഗഡിൽ കറുപ്പ് കൃഷി ചെയ്ത ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി പ്രാദേശിക നേതാവും ബിജെപി കിസാൻ മോർച്ചയുടെ റൈസ് മിൽ പ്രോസസിംഗ് പ്രോജക്ടിന്റെ സംസ്ഥാന കൺവീനറുമായ വിനയ് തമ്രാകറിനെതിരെയാണ് നടപടി.
ദുർഗ് ജില്ലയിൽ സമോദ ഗ്രാമത്തിലെ ഫാം ഹൗസിലാണ് ഒന്നര ഏക്കറിലധികം സ്ഥലത്ത് കറുപ്പ് കൃഷി ചെയ്തതായി കണ്ടെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വമാണ് വിനയ് തമ്രാകറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
പാർട്ടിയുടെ പേരിന് കളങ്കം സൃഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു തമ്രാകറിനെതിരെ സംസ്ഥാന പ്രസിഡന്റ് കിരൺ സിംഗ് ദിയോയുടെ നിർദേശപ്രകാരം ബിജെപി സംസ്ഥാന ഓഫീസ് ശനിയാഴ്ച സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
കറുപ്പ് കൃഷി കണ്ടെത്തിയതിന് പിന്നാലെ വിനയ് തമ്രാകർ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കറുപ്പ് കൃഷി കണ്ടെത്തിയ ഭൂമി തന്റേതല്ലെന്നും തനിക്ക് ഇതേ കുറിച്ച് അറിവില്ലെന്നുമാണ് വിനയ് തമ്രാകറുടെ വാദം.
Agriculture
സ്വർഗീയ ഫലം എന്നറിയപ്പെടുന്ന ഉഷ്ണമേഖലാ പഴവർഗമാണ് കൈതച്ചക്ക. 1493ൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനുശേഷമാണ് കൈതച്ചക്കയെകുറിച്ച് പുറംലോകമറിയുന്നത്.
ബ്രസീലിന്റെ തെക്കുവടക്ക് ഭാഗങ്ങളിലും വടക്കൻ അർജന്റീനയിലും പരാന-പരാഗ്വേ എന്നിവിടങ്ങളിലുമാണ് കൈതച്ചക്ക ഉത്ഭവിച്ചതെന്നാണ് ശാസ്ത്രനിഗമനം. 550കളിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിലേക്കു കൈതച്ചക്ക എത്തിച്ചത്.
രണ്ടു പതിറ്റാണ്ടായി കേരളത്തിൽ കൈത കൃഷിക്ക് പ്രചാരമേറുകയാണ്. നിലവിൽ സംസ്ഥാനത്ത് അറുപതിനായിരം ഹെക്ടറിൽ കൈതകൃഷിയുണ്ട്. ഓരോ വർഷവും ആറു ലക്ഷം ടണ് പൈനാപ്പിൾ വിളയിക്കുന്നതിലൂടെ ഇപ്പോൾ വരുമാനം വരുമാനം രണ്ടായിരം കോടി രൂപ.
പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം വഴിയാണ് കേരളത്തിന്റെ പൈനാപ്പിൾ പെരുമ വണ്ടികയറുന്നത്. ഭൗമസൂചകാ പദവി ലഭിച്ച വാഴക്കുളം പൈനാപ്പിളിന്റെ മണവും രുചിയും വലിപ്പവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
പ്രാദേശിക വിപണിക്കു പുറമേ വടക്കേ ഇന്ത്യയാണ് പൈനാപ്പിളിന്റെ പ്രധാന വിൽപനകേന്ദ്രം. എ, ബി, സി, ഡി എന്നീ ഗ്രേഡുകളിലാണ് വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡ്. 600 ഗ്രാം മുതൽ ഒരു കിലോവരെ ബി ഗ്രേഡും അതിനുതാഴെ സി, ഡി ഗ്രേഡുകളും.
ഗ്രേഡ് അനുസരിച്ചാണ് വില. ഏക്കറിന് ഒൻപതിനായിരം തൈകളാണ് നടുക. 12 ടണ്വരെ വിളവു കിട്ടും. ഒന്നാം വർഷം മുതൽ വിളവെടുക്കാം. നട്ടാൽ മൂന്നുവർഷം വരെ തുടരെ വിളവെടുക്കാം.
പൈനാപ്പിൾ കൃഷിയിലേക്ക് കർഷകർ ആകർഷിക്കപ്പെടുന്നതിന്റെ കാരണം വരുമാനം പെട്ടെന്ന് ലഭിക്കുമെന്നതാണ്. ഇന്ത്യൻ മാർക്കറ്റിലേക്കുപോലും ആവശ്യത്തിന് പൈനാപ്പിൾ നൽകാൻ നിലവിൽ സാധിക്കുന്നില്ല.
ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗവും പരീക്ഷണാടിസ്ഥാനത്തിൽ പൈനാപ്പിൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പൈനാപ്പിൾ കയറ്റി അയച്ചത്.
കപ്പലിൽ ചെലവ് കിലോ 20 രൂപ മാത്രം. പരീക്ഷണം വിജയിച്ചാൽ ഗൾഫിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.
ക്യൂൻ എന്നറിയപ്പെടുന്ന ക്യൂ ഇനവും മൗറീഷ്യസ് ഇനവുമാണ് കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്. ഒരു ചെടിയിൽനിന്ന് ഒന്നാം വിളവെടുത്ത് കഴിഞ്ഞാൽ അതിൽനിന്ന് പൊട്ടിമുളക്കുന്ന തൈയിൽനിന്ന് പിന്നീടും വിളവെടുക്കാം.
ഇത്തരത്തിൽ പരമാവധി മൂന്ന് വർഷംവരെ വിളവ് ലഭിക്കും. അത്യുൽപാദനശേഷിയുള്ള എംഡി 2 ഇനം പോലുള്ള പുതിയ സാധ്യതകളിലേക്കു ഒരു വിഭാഗം കർഷകർ മാറിയിട്ടുണ്ട്. ഗോൾഡൻ റൈപ്, സൂപ്പർ സ്വീറ്റ് എന്നെല്ലാം വിശേഷണമുള്ള എംഡി 2 വിന് പെനാപ്പിൾ വിപണിയിൽ വലിയ മൂല്യമുണ്ട്.
മൗറീഷ്യസ് ഇനം പാകമായാൽ അപ്പോൾതന്നെ വിളവെടുക്കണം. വിപണി അനുകൂലമല്ലെങ്കിൽ നഷ്ടം വരുത്തും. ഇത് വരുമാനത്തെയും കയറ്റുമതിയെയും ബാധിക്കും.
മൗറീഷ്യസിനേക്കാൾ കൂടുതൽ സൂക്ഷിപ്പുകാലമുള്ള എംഡി 2 ഇനം കൂടി കൃഷി ചെയ്യാനായാൽ കയറ്റുമതി വിപണി കൂടി പ്രയോജനപ്പെടുത്താനാകുമെന്നതാണ് നേട്ടം. സിലിണ്ട ർ ആകൃതിയുള്ള എംഡി 2വിന്റെ മൂല്യവർധന എളുപ്പമാണ്.
മൗറീഷ്യസിന്റെ തൊലിക്കു താഴെയുള്ള കണ്ണിന് ആഴം കുടുതലായതിനാൽ കൂടുതൽ കനത്തിൽ തൊലി ചെത്തി നീക്കേണ്ടിവരും. എഡി 2വിന് അതു കുറവയതിനാൽ തൊലി നീക്കുന്പോൾ നഷ്ടം 30 ശതമാനം വരെ കുറയും. രുചിയിലും മധുരത്തിലും എംഡി 2 ഏറെ മെച്ചവുമാണ്.
മൗറീഷ്യസ് ഇനം കാനി നട്ട് 12 മാസം പിന്നിടുന്നതോടെ ആദ്യ വട്ടം വിളവെടുപ്പു നടക്കും. എംഡി 2 ഇനത്തിനത് 18 മാസം വരെയെടുക്കും. മുളയ്ക്കുന്ന കാനികളുടെ എണ്ണവും കുറവായിരിക്കും. ഇതും കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്.
അതേസമയം എംഡി 2 കൃഷി വ്യാപകമായാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാകും. മൗറീഷ്യസ് ഇനം ഏക്കറിൽ 10,000 തൈകളാണ് നടുന്നത്. എന്നാൽ മുള്ളില്ലാത്ത ഇനമായ എംഡി 2 കൂടുതൽ അടുപ്പിച്ച് 18,000-25,000 വരെ തൈകൾ നടാം. അത്തരത്തിൽ ഉൽപാദനവും ഇരട്ടിയാകും.