National
ന്യൂഡൽഹി: ഡൽഹിയിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സെമിത്തേരി സൗകര്യമില്ലെന്ന ഹർജിയിൽ ഡൽഹി സർക്കാർ, മുനിസിപ്പൽ കോർപറേഷൻ, ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി എന്നിവരോട് ഹൈക്കോടതി റിപ്പോർട്ട് തേടി.
ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പൗരന്മാർക്കു ശ്മശാന സൗകര്യം ഉറപ്പാക്കുന്നത് എംസിഡിയുടെ പ്രാഥമിക ചുമതലയാണെന്നു നിരീക്ഷിച്ച കോടതി, ഡൽഹിയിലെ സെമിത്തേരികളുടെ വിവരങ്ങളും സ്ഥലസൗകര്യവും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.
തലസ്ഥാനത്തെ സെമിത്തേരികൾ നിറഞ്ഞതിനാൽ സംസ്കാര ചടങ്ങുകൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ലീഗൽ ക്രിസ്റ്റ്യൻസ് ആക്ഷൻ കമ്മിറ്റിയാണു കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (യുഎപിഎ) പ്രകാരമുള്ള കേസുകളിൽ സ്വഭാവിക ജാമ്യത്തിനുള്ള പരിധി 90 ദിവസമല്ല 180 ദിവസമായി തുടരുന്നുവെന്ന് ഡൽഹി ഹൈക്കോടതി.
കഴിഞ്ഞവർഷം നവംബറിലെ ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതി ജസീർ ബിലാൽ വാനി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു ജസ്റ്റീസുമാരായ പ്രതിഭ എം. സിംഗ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ വന്ന സാഹചര്യത്തിൽ യുഎപിഎ നിയമത്തിൽ മാറ്റങ്ങൾ വരുത്താത്തതിനാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
National
ന്യൂഡൽഹി: തലസ്ഥാനനഗരിയുടെ മധ്യഭാഗത്തുള്ള ജന്തർ മന്തർ സമരവേദിയായി ഉപയോഗിക്കുന്നത് നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി.
നഗരത്തിനുള്ളിൽ ഇത്തരം പ്രതിഷേധങ്ങൾ നടക്കേണ്ടതുണ്ടോയെന്നു ചോദ്യമുന്നയിച്ച ജസ്റ്റീസ് അമിത് മഹാജൻ, എന്തിന് നഗരവാസികളെ വെറുതെ ബുദ്ധിമുട്ടിക്കണമെന്നും വാദത്തിനിടെ വാക്കാൽ ചോദിച്ചു.
ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കാൻ ഡൽഹി പോലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ദളിത് ക്രിസ്ത്യൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നഗരമധ്യത്തിൽ തുടർച്ചയായി നടക്കുന്ന പ്രകടനങ്ങളും ധർണകളും സാധാരണക്കാരുടെയും രോഗികളുടെയും സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നുണ്ടെന്നും നഗരവാസികളെ മുഴുവൻ ഇത്തരത്തിൽ ബുദ്ധിമുട്ടിലാക്കരുതെന്നും ജസ്റ്റീസ് അമിത് മഹാജൻ നിരീക്ഷിച്ചു.
നഗരത്തിനുള്ളിൽ പ്രകടനങ്ങൾ നടത്തുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നു വ്യക്തമാക്കിയ കോടതി, അതേസമയം ക്രമസമാധാനം പോലീസിന്റെയും സർക്കാരിന്റെയും പരിധിയിൽ വരുന്ന വിഷയമായതിനാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതു ഭരണകൂടമാണെന്നും വ്യക്തമാക്കി.
ഡൽഹിയിലെ മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലേക്കു സമരങ്ങൾ മാറ്റണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
സോനം വാംഗ്ചുക്കിനെ ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിലും തടസമില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് നീക്കം. ഉത്തരവിന് പിന്നാലെ കോടതിക്ക് നന്ദി അറിയിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി.
ആരോഗ്യനില വഷളായിരുന്ന സോനത്തെ സമരക്കാർക്കിടയിൽ നിന്ന് കഴിഞ്ഞ ദിവസം ബലപ്രയോഗത്തിലൂടെ ആയിരുന്നു പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സോനത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഗീതാഞ്ജലി ആംഗ്മോ ആയിരുന്നു കോടതിയെ സമീപിച്ചത്.
അതേസമയം തിങ്കളാഴ്ച ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 70 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പോലീസ് അടിച്ചോടിച്ചിരുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയവർ പ്രതിഷേധം തുടരുകയാണ്.
അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി.
വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളാകുകയാണെന്നും അതിനാൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് മിനി പുഷ്കർണയുടെ ഉത്തരവ്. കേസ് കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, അടുത്ത വാദം കേൾക്കൽ ജൂലൈ 24 ലേക്ക് മാറ്റി.
സോനം വാംഗ്ചുക് നിയമവിരുദ്ധ തടങ്കലിലല്ലെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, അളിയൻ എന്നിവർക്ക് ആശുപത്രിയിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. അതേസമയം, വാംഗ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ആശുപത്രിയിലെ ചികിത്സയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, ആരോഗ്യം കൂടുതൽ വഷളാകുന്നതിനു മുൻപ് സ്വന്തം താൽപര്യപ്രകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാൻ അനുവദിക്കണമെന്നുമാണ് ഭാര്യ ഗീതാഞ്ജലി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
വാംഗ്ചുക്കിന്റെ സ്വന്തം ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അനുവാദം നൽകുന്നില്ലെന്നും എന്ത് മരുന്നുകളാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്നില്ലെന്നും അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
ഇന്ത്യയിലെ ഒരു പൗരന് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേയെന്നും കപിൽ സിബൽ ചോദ്യമുന്നയിച്ചു. നൂറിലധികം പോലീസുകാർ കാവൽ നിൽക്കുന്ന ആശുപത്രി അന്തരീക്ഷം ചികിത്സയല്ല, മറിച്ച് നിയമവിരുദ്ധമായ തടങ്കലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ 19 ദിവസമായി നിരാഹാരമിരിക്കുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ ഹർജി.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് ഹർജി കേൾക്കുമെന്നു വ്യക്തമാക്കിയ കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും പ്രതികരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി അഭിഷേക് ബച്ചൻ. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയിൽ ചൂണ്ടികാണിച്ചു.
ഡൽഹി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്റെ ഹർജി പരിഗണിക്കുന്നത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.
അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഐശ്വര്യ റായ് നൽകിയ ഹർജിയിൽ അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസ് വിശദമായ വാദത്തിന് 2026 ജനുവരി 15 ലേക്ക് മാറ്റി.