എക്സൈസ് മന്ത്രി എം. ലിജു
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചശേഷം മാത്രമേ ബാർ ലൈസൻസുകൾ നൽകുകയുള്ളുവെന്ന് എക്സൈസ് മന്ത്രി എം. ലിജു.
ഇതുവരെ നൽകിയ ലൈസൻസുകളെ സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. സർക്കാർ അറിയാതെ താഴെത്തട്ടിൽ തീരുമാനമെടുക്കാനാണ് മുൻ സർക്കാർ ഉണ്ടാക്കിയ ചട്ടം. അത് പൊളിച്ചെഴുതുമെന്നും മന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥരെ മാറ്റുന്നത് സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. സർക്കാരിനെ അറിയിക്കാതെ ബാർ ലൈസൻസിന് അനുമതി നൽകിയ എക്സൈസ് കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. ചുമതല ഏറ്റെടുത്ത ആദ്യനാളുകളിൽ എക്സൈസ് കമ്മിഷണർക്ക് ധാരണ കിട്ടാത്തതാകാമെന്നും മന്ത്രി പറഞ്ഞു.
എഫ് എൽ സെവൻ ലൈസൻസ് നൽകുന്നത് സർക്കാർ നയത്തിനു ശേഷം മതിയെന്ന് അറിയിച്ചിരുന്നു. സർക്കാർ നയത്തിന്റെ തുടർച്ചയായി കമ്മിഷണർ ലൈസൻസ് അനുവദിച്ചിരുന്നു. എങ്കിലും സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു. സർക്കാർ നടത്തിയ പരിശോധനയിലാണ് ബാർ ലൈസൻസുകളുടെ കാര്യത്തിൽ വീഴ്ചകൾ കണ്ടെത്തിയത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ ബാർ ലൈസൻസുകളെല്ലാം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ വീഴ്ചകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാരെ സസ്പെൻഡ് ചെയ്തത്.
മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് തൃപ്തനായ മന്ത്രിയും താൻ അതൃപ്തനായ മന്ത്രിയുമാണ്. നാട് മുഴുവൻ ബാറുകൾക്ക് ലൈസൻസ് നൽകിയ ഇടത് സർക്കാരിനോടും മുൻ മന്ത്രി എം.ബി. രാജേഷിനോടും അസംതൃപ്തിയും അതൃപ്തിയും തനിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Tags : Licenses Announced MinisterMLiju LiquorPolicy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash