പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരേ പ്രതിഷേധിക്കുകയും വഴിതടയുകയും ചെയ്ത കേസിൽ എസ്എഫ്ഐ നേതാക്കളായ രണ്ടുപേർ അറസ്റ്റിൽ .
മഹാരാജാസ് കോളജ് എസ്എഫ്ഐ മുൻ ഭാരവാഹിയും കടവന്ത്ര കെ.പി. വള്ളോൻ റോഡിൽ നേത്രമംഗലത്ത് വീട്ടിൽ സിദ്ധാർഥ് സുനിൽ (22), കൊല്ലം സ്വദേശിയായ എസ്എഫ്ഐ പ്രവർത്തകൻ ആദിൽ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ മഹാരാജാസ് കോളജ് പരിസരത്തുനിന്നാണ് സിദ്ധാർഥിനെ കസ്റ്റഡിയിലെടുത്തത്. ആദിലിനെ കൊല്ലത്തുനിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. മഹാരാജാസ് കോളജിലെ ഹിസ്റ്ററി വിഭാഗം പ്രഫസറായ വിനോദ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലിസ് നടപടി.
കണ്ടാലറിയാവുന്ന 40ഓളം വരുന്ന പ്രതികൾ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ബിരുദദാന ചടങ്ങ് തടസപ്പെടുത്തുകയും മന്ത്രി റോജി എം. ജോണിന്റെ കാറിനു കുറുകെ ചാടി യാത്രാതടസം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. മറ്റു പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി.
Tags : RojiMJohn Protest SFI Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash