പ്രതീകാത്മക ചിത്രം - എഐ
നെന്മാറ: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയുടെ റാബി ഒന്നാം സീസണിലേക്കുള്ള രജിസ്ട്രേഷന്റെ സമയപരിധി 15 വരെ നീട്ടി. നേരത്തേ മൂന്നു ദിവസം മാത്രമാണു രജിസ്ട്രേഷന് അവസരം നൽകിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് 24,460 കർഷകർക്കു മാത്രമാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായത്. സാധാരണ 60,000ത്തോളം കർഷകർ പദ്ധതിയിൽ ചേരുന്ന സാഹചര്യത്തിലാണ് ഇത്തവണ രജിസ്ട്രേഷൻ ഇത്രയും കുറഞ്ഞത്.
കഴിഞ്ഞ 28നാണു റാബി ഒന്നാം സീസണിലേക്കുള്ള രജിസ്ട്രേഷനായി പോർട്ടൽ തുറന്നത്. 31നുതന്നെ അവസാനിപ്പിക്കുകയും ചെയ്തു. ചുരുങ്ങിയ സമയപരിധി കാരണം ഒട്ടേറെ കർഷകർക്ക് അപേക്ഷ സമർപ്പിക്കാനായില്ല. സമയപരിധി നീട്ടണമെന്ന കർഷകരുടെയും അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനി അധികൃതരുടെയും ആവശ്യം ശക്തമായതിനെത്തുടർന്നാണ് പോർട്ടൽ വീണ്ടും തുറക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമാക്കി.
റാബി ഒന്നാം സീസണിൽ നെല്ലിനും പച്ചക്കറികൾക്കുമാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. നെല്ലിന് ഹെക്ടറിന് 80,000 രൂപയും പച്ചക്കറികൾക്ക് 40,000 രൂപയുമാണ് ഇൻഷ്വറൻസ് പരിരക്ഷ.
പരിശോധന നിർബന്ധം
പദ്ധതിയിൽ അനർഹർ ആനുകൂല്യം നേടുന്നതു തടയുന്നതിനായി ഇത്തവണ കൃഷിവകുപ്പിന്റെ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന കൃഷിയിടങ്ങൾ കൃഷി ഓഫിസർമാർ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകണം. തുടർന്ന് ബ്ലോക്ക് തലത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പരിശോധന നടത്തി അനുമതി നൽകിയാൽ മാത്രമേ ഇൻഷ്വറൻസ് ആനുകൂല്യത്തിന് അർഹത ലഭിക്കൂ.
കൃഷിയില്ലാത്ത ഭൂമിക്കും ആനുകൂല്യം ലഭിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധനാ ചുമതല കൃഷിവകുപ്പിനും നൽകിയിരിക്കുന്നത്. നേരത്തേ അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥരാണു വിവരങ്ങൾ പരിശോധിച്ചിരുന്നത്.
കൊയ്ത്ത് കഴിഞ്ഞത് പരിശോധനയ്ക്കു വെല്ലുവിളി
ഒന്നാംവിളയുടെ കൊയ്ത്ത് പൂർത്തിയായ സാഹചര്യത്തിൽ കൃഷി നടന്നിരുന്ന സ്ഥലവും വിളയുടെ വിവരങ്ങളും നേരിട്ടുപരിശോധിക്കുന്നത് ഉദ്യോഗസ്ഥർക്കു പ്രായോഗിക വെല്ലുവിളിയായിട്ടുണ്ട്. പച്ചക്കറി ഉൾപ്പെടെയുള്ള ഹ്രസ്വകാല വിളകളുടെ വിളവെടുപ്പും പൂർത്തിയായതിനാൽ കൃഷി നടന്നിരുന്നുവെന്ന് സ്ഥലപരിശോധനയിലൂടെ സ്ഥിരീകരിക്കുന്നതിലും ബുദ്ധിമുട്ടുണ്ട്.
അർഹരായവരുടെ കൃഷി കൃത്യമായി സ്ഥിരീകരിച്ച് സമയബന്ധിതമായി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags : WeatherBased CropInsurance Registration Extended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash