പ്രതീകാത്മക ചിത്രം
ദിസ്പൂർ: ആസാമിൽ കൂട്ടക്കൊലപാതക കേസിലെ പ്രതി പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ഗുവാഹത്തിയിലെ ഹോട്ടൽ ബിലാസിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായ ഘനകാന്ത ഗൊഗോയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ശിവസാഗർ ജില്ലയിലെ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ സെൻട്രൽ ജയിലിലേക്ക് അയച്ചിരുന്നു. ഇതിനുശേഷമുള്ള മാറ്റത്തിനിടയിലാണ് സംഭവം. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ വിശ്രമത്തിനായി പുറത്തിറക്കിയ സമയത്ത് പ്രതി പൊലിസിന്റെ തോക്ക് പിടിച്ചുവാങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തോക്ക് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഷാർപ്പ് ഷൂട്ടറാണ് ഘനകാന്ത ഗൊഗോയ് എന്ന് പൊലിസ് വ്യക്തമാക്കി. പ്രതിയുടെ ആക്രമണത്തിൽ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേൽക്കുകയും പൊലിസ് വാഹനത്തിൽ രണ്ട് വെടിയുണ്ടകൾ പതിക്കുകയും ചെയ്തു. പൊലിന്റെ തിരിച്ചടിയിൽ വെടിയേറ്റ പ്രതിയെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഒക്ടോബർ 26-നാണ് ഗുവാഹത്തിയിലെ ഹോട്ടലിനാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്. സ്വത്ത് തർക്കത്തെ തുടർന്നുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹോട്ടലിൽ അതിക്രമിച്ചു കയറിയ പ്രതി നടത്തിയ നടുക്കുന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയായിരുന്നു.