തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവ്. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കെഎസ്ടിപി റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം. 2007ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം.
ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെൻ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം.
എൻജിനീയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ അകാരണമായി തടഞ്ഞുവച്ചിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ ആദ്യ അന്വേഷണത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.
Tags : Bribery allegation Gyanesh Kumar Vigilance inquiry Home Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash