National
ബംഗളൂരു: നടൻ പ്രകാശ് രാജിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു മജിസ്ട്രേറ്റ് കോടതി. ഒരേ സമയം ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്.
കേസിൽ തുടർച്ചയായി സമൻസുകൾ അയച്ചിട്ടും പ്രകാശ് രാജ് പ്രതികരിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. ഇതേ തുടർന്നാണ് കോടതി നടപടി. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ ഒരേസമയം വോട്ടർ പട്ടികയിൽ പേരുണ്ടെന്നാണ് ആരോപണം.
2019ൽ ബംഗളൂരുവിലെ ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ അഭിഭാഷകനായ ദിലീപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രകാശ് രാജ് നിഷേധിച്ചിരുന്നു. താൻ തമിഴ്നാട്ടിൽ മാത്രമാണ് വോട്ട് ചെയ്യാറുള്ളതെന്ന് പ്രകാശ് രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ ശ്വേതയും പങ്കാളി കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിലവിൽ ഇരുവരും ഒളിവിലാണ്. ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞ് പോലിസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശ്വേതയെയും കെന്നത്തിനെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശ്വേതയ്ക്ക് 30 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് ശ്വേതയും മാതാപിതാക്കളും തമ്മിൽ തർക്കങ്ങൾക്ക് കാരണമായി. തിങ്കളാഴ്ച ശ്വേതയും കെന്നത്തും വീട്ടിലെത്തിയപ്പോൾ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും ചേർന്ന് മുത്തുലക്ഷിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
പിന്നീട് സോമസുന്ദറും സുപ്രിയയും തിരിച്ചെത്തി. സുപ്രിയയെ കെന്നത്ത് കൊലപ്പെടുത്തിയ ശേഷം സോമസുന്ദറിനെയും ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം പുറത്തിറങ്ങി നിലവിളിച്ചു. അയൽവാസികൾ ഓടിയെത്തി പോലീസിനെ വിവരം അറിയിച്ചു. അപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന ശ്വേതയ്ക്കും കെന്നത്തിനുമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം പോലീസ് പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
National
ബംഗളൂരു: മല്ലേശ്വരത്ത് വാക്കുതർക്കത്തിനിടെ പെൺസുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്. ലിവ് ഇൻ പങ്കാളിയായ അനുഷ (20)യെ ശരത്ത് (27) ആണ് കൊലപ്പെടുത്തിയത്. ഇരുവരും ഹാസൻ ജില്ലയിലെ സക്ലേഷ്പുർ സ്വദേശികളാണ്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷയും ശരത്തും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സൗഹൃദം പ്രണയത്തിലേക്കെത്തിയതോടെ മല്ലേശ്വരത്ത് വീട് വാടകയ്ക്കെടുത്തു. കഴിഞ്ഞ ആറുമാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ശരത് അഭിഭാഷകനെ കണ്ട് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
National
ബംഗളൂരു: കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ബംഗളൂരുവിലെ മഹാദേവപുരയിലാണ് സംഭവം.
മഹാദേവപുര പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന മഞ്ജുള(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പ്രദീപ് ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്നും ഇത് കുടുംബകലഹങ്ങൾക്ക് കാരണമായെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
മഞ്ജുളയുടെ സ്വഭാവത്തെ സംശയിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. പീഡനം സഹിക്കാൻ വയ്യാതെ, കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളുമായി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലെത്തിയ പ്രദീപ്, തന്റെയൊപ്പം മടങ്ങി വരണമെന്ന് മഞ്ജുളയോട് അപേക്ഷിച്ചു. കൂടാതെ മഞ്ജുളയുടെ കാലിൽ വീണ് തന്റെ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിച്ചു.
എന്നാൽ പെട്ടന്ന് അക്രമാസക്തനായ പ്രദീപ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് മഞ്ജുളയെ കുത്തി. 20 ലധികം പ്രാവശ്യം പ്രദീപ്, മഞ്ജുളയെ കുത്തിയെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തുന്നതിന് മുമ്പ്, പ്രദീപ് ഫോണിൽ ഒരു വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. വാതുവെപ്പ് ആസക്തി തന്റെ കുടുംബത്തെ തകർത്തുവെന്ന് പറഞ്ഞ പ്രദീപ്, താൻ മഞ്ജുളയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചു. വൈകുന്നേരം അവൾ ജോലി കഴിഞ്ഞ് തിരിച്ചെത്തും. ഞാൻ വീണ്ടും അവളോട് എന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടും. അവൾ ഇനി സമ്മതിക്കില്ലെന്ന് പറഞ്ഞാൽ ഞാൻ അവളെ അവിടെ വച്ച് കൊല്ലും എന്ന് വീഡിയോയിൽ പറയുന്നുണ്ട്.
ആക്രമണത്തിന് ശേഷം, പ്രദീപ് കത്തി ഉപയോഗിച്ച് സ്വന്തം കൈയുടെ ഞരമ്പ് മുറിച്ചിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
National
ബംഗളൂരു: സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറത്തു കൊന്നു. അതി ഹാംഗ്മ സുബ്ബ(22) ആണ് കൊല്ലപ്പെട്ടത്. ഡാർജിലിംഗ് സ്വദേശിയായ പുർബ ലെപ്ച ആണ് കേസിലെ പ്രതി.
ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഒരു ഹോട്ടലിലെ വെയ്റ്ററാണ് പുർബ ലെപ്ച.
പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് ബംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും.
ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള സംസാരം വാക്കുതർക്കത്തിലെത്തി. ഇതിനിടെ പുർബ ലെപ്ച കത്തി ഉപയോഗിച്ച് അതി ഹാംഗ്മ സുബ്ബയെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വച്ചുതന്നെ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ ബെല്ലന്ദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. നഴ്സിംഗ് വിദ്യാര്‍ഥികളായ അതുല്‍ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്. ഇരുവരും ബി.ജി.എസ്. കോളജിലെ നാലാം വര്‍ഷ വിദ്യാർഥികളാണ്.
കെങ്കേരിയിലെ ആർ.ആർ. ഡെന്റല്‍ കോളജിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വിദ്യാർഥികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sports
ബംഗളൂരു: ഐപിഎൽ 2026ൽ കിരീടം നിലനിർത്തി ചരിത്രനേട്ടം കുറിച്ചെങ്കിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന് നഗരത്തിൽ വിജയഘോഷയാത്ര നടത്താൻ സാധിച്ചേക്കില്ല. സുരക്ഷാ പ്രശ്നങ്ങളും പോലീസ് മാർഗനിർദേശങ്ങളും കണക്കിലെടുത്ത് പൊതുവായ ആഘോഷങ്ങൾ വേണ്ടെന്നുവയ്ക്കാൻ ഫ്രാഞ്ചൈസി തീരുമാനിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർസിബി തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായത്.2025ൽ ആർസിബിയുടെ ആദ്യ കിരീടനേട്ടത്തിന് പിന്നാലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു.
Sports
അഹമ്മദാബാദ്: മാര്‍ച്ച് 28ന് ആരംഭിച്ച ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ക്ലൈമാക്സ് ഫൈറ്റ് ഇന്ന്. 10 ടീമുകള്‍ തുടങ്ങിയ പോരാട്ടം രണ്ടു ടീമുകള്‍ തല്ലിത്തീര്‍ക്കുന്ന ഫൈനലില്‍ എത്തിനില്‍ക്കുന്നു.
19-ാം സീസണ് ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു കൊമ്പുകോര്‍ക്കും. ഏറും തല്ലുമായുള്ള ബലപ്രയോഗത്തില്‍ ഒരു ടീം കപ്പില്‍ ചുംബിക്കും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ ഡാന്‍സ്.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്‍റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ്‍ റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്‍ക്കുനേര്‍
2026 സീസണില്‍ ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില്‍ രണ്ടു ജയം ആര്‍സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍വച്ചു നടന്ന ആദ്യമത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം ധര്‍മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (722 റണ്‍സ്) സായ് സുദര്‍ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ്‍ സുന്ദര്‍ (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല്‍ പാണ്ഡ്യ (13), ഹെയ്സല്‍ വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ്‍ വേട്ടക്കാരില്‍ അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്‍സ്) ആര്‍സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (486), ദേവ്ദത്ത് പടിക്കല്‍ (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ്‍ ഹോള്‍ഡര്‍ (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
National
ബെംഗളൂരു: ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ പോസ്റ്റര്‍. മേയ് 24ന് ടൗണ്‍ ഹാള്‍ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി കര്‍ണാടക എന്ന പേരില്‍ പ്രചരിക്കുന്ന നോട്ടീസില്‍ പറയുന്നത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്കി. പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കന്നട ഭാഷയിലുള്ളതാണ് പോസ്റ്റര്‍.
പാറ്റകളുടെ ശക്തി ഓണ്‍ലൈനില്‍ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റീസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റൽ വിപ്ലവമായി മാറിയിരുന്നു. അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റഗ്രമിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോൺഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ പേജ് തുടങ്ങിയത്.
Kerala
ബംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവം വാർത്തയായതോടെ കർണാടക പോലീസ് വിഷയത്തിൽ ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
കേസ് മഡിവാളയിൽ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ ചുമതലയും നൽകി കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.
അതേസമയം പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
National
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.
ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് ഒടുവിൽ പോലീസ് കേസെടുക്കാൻ തയാറായതെന്നും യുവതി പറഞ്ഞു.
അതേസമയം, പോലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. മഡിവാള പോലീസും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടെന്നു യുവതി പറയുന്നു.
National
ബംഗളൂരു: മൊത്തക്കച്ചവടക്കാരെന്ന വ്യാജേനയെത്തി സ്വർണാഭരണ നിർമാണ കന്പനിയെ പറ്റിച്ച് മൂന്നു കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്നു.
ബംഗളൂരുവിലെ മല്ലേശ്വരത്ത് മേയ് 16നായിരുന്നു സംഭവം. തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരേ മല്ലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരേഷ് സോണി, ശ്യാം, ചന്ദ്രശേഖർ റാവു എന്നിവർക്കെതിരേയാണ് കേസ്. മേത്ത ഗോൾഡ് എന്ന കന്പനിയുടെ സെയിൽസ് മാനേജരും ജീവനക്കാരനും ചേർന്ന് മൊത്തക്കച്ചവടക്കാരനെന്നു പരിചയപ്പെടുത്തിയ പരേഷ് സോണിയുടെ ഓഫീസിൽ സ്വർണാഭരണങ്ങളുടെ സാന്പിളുകൾ എത്തിക്കുകയായിരുന്നു.
ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതിനിടെ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു
National
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് ബംഗളൂരുവിൽ മരിച്ചത്.
ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്. തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ വറ്റിയ തടാകത്തിൽനിന്നും സമീപപ്രദേശങ്ങളിൽ നിന്നുമായി ചിതറിയ നിലയിൽ എല്ലുകളും കണ്ടെത്തി. തലയോട്ടി, താടിയെല്ല്, മേൽ അവയവ അസ്ഥികൾ, കീറിയ സാരി, സ്ത്രീയുടെ ചെരുപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. താടിയെല്ല് തലയോട്ടിൽനിന്ന് വേർപെട്ട നിലയിലാണ്. മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ല. അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പോലീസ് സംശയിക്കുന്നത് അസ്ഥികൂട ഭാഗങ്ങൾ മുൻപ് തടാകത്തിൽ മുങ്ങിമരിച്ചയാളുടേതാകാമെന്നാണ്. വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് അവ പുറത്തുവന്നതാണെന്നും തടാകം വറ്റിയപ്പോൾ തെരുവുനായ്ക്കൾ അവ സമീപപ്രദേശങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് സാരി കഷ്ണം ലഭിച്ചതോടെയാണ് അസ്ഥികൂടം സ്ത്രീയുടേതാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയത്. 25നും 35നും ഇടയിൽ പ്രായമുള്ള യുവതിയുടേതാകാമെന്നാണ് നിഗമനം.
National
ബംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. ബംഗളൂരുവിലെ മർഫി ടൗൺ പ്രദേശത്താണ് സംഭവം. വീടിനുള്ളിൽ ചാർജ് ചെയ്യുന്നതിനിടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
ഹലസുരുവിലെ മർഫി ടൗൺ സ്വദേശി ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
മെയ് 11 ന് രാത്രി 11ഓടെ, ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഉറങ്ങി. പുലർച്ചെ മൂന്നോടെ, വാഹനം വീടിനുള്ളിൽ പൊട്ടിത്തെറിച്ചതായും വീടിന് തീപിടിക്കുകയും ചെയ്തു.
സംഭവസമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ലൂർഡ് നാഥന് ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ലൂർഡ് നാഥന്റെ മകൻ ഫ്രാങ്ക് ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2023 ലെ ബിഎൻഎസ്എസ് സെക്ഷൻ 194 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു.
ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ.
2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ പരാതി നൽകിയതിൽ തനിക്ക് ഭീഷണി നേരിട്ടുവെന്നും സുനിത ആരോപിച്ചിരുന്നു. ഞായറാഴ്ച ആയിരുന്നു ബംഗളൂരുവിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സുനിതയ്ക്ക് ക്രൂര മർദനമേറ്റത്.
ശരീരമാസകലം പരിക്കേറ്റ സുനിത വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആയിരുന്നു അന്ത്യം. മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
Kerala
കൊച്ചി: ബംഗളൂരുവില്‍ മര്‍ദനമേറ്റ മലയാളി യുവതി മരിച്ച സംഭവത്തിലെ പ്രതി ദീപക് കൃഷ്ണയ്ക്കെതിരെ എറണാകുളത്തും കേസ്. തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയുടെ മര്‍ദനമേറ്റ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) ആണ് മരിച്ചത്. ഇയാളുടെ ലൈംഗികാതിക്രമത്തെ ചെറുത്തതിനാണ് മര്‍ദിച്ചത്.
2024ല്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കീറി നശിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. പൊന്നുരുന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സൂ പെറ്റ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പാര്‍പ്പിച്ചിരുന്ന ദീപക്കിന്റെ നായകളില്‍ രണ്ടെണ്ണത്തിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ബില്ലടയ്ക്കണമെന്ന് സ്ഥാപനത്തിലെ വനിതാ ജീവനക്കാരി ആവശ്യപ്പെട്ടതാണ് പ്രതിയെ അന്ന് പ്രകോപിപ്പിച്ചത്.
ഇതേത്തുടര്‍ന്ന് 2024 ഒക്ടോബര്‍ 19ന് ജീവനക്കാരിയെ ഇയാള്‍ മൊബൈല്‍ഫോണിലൂടെ അസഭ്യം പറയുകയും ഇതിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിലുളള വിരോധത്താല്‍ 500 രൂപ നോട്ടുകള്‍ കീറിയെറിയുകയുമാണ് ഉണ്ടായത്. പൊതുഖജനാവിന് 4,500 രൂപയുടെ മൂല്യം നഷ്ടം വരുത്തിയതിനും പിഡിപിപി വകുപ്പ് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ അന്ന് കേസ് എടുത്തത്.
Kerala
തൃശൂര്‍: ബംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂര മര്‍ദനത്തിനിരയായ യുവതി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിനിയായ യുവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മൂന്നിന് ബംഗളൂരുവിലെ സുലിബെലെയില്‍ വെച്ചാണ് യുവതിക്കുനേരെ അതിക്രമം ഉണ്ടായത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്.
ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. കർണാടക പോലീസും തൃശൂരിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
National
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗളൂരു ബിടിഎൽ നഴ്സിംഗ് കോളജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സമ്മതിച്ചില്ലെന്നും സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർഥികളെ കോളജ് മാനേജുമെന്റ് അനുവദിച്ചില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം ആരോപണം നേരിടുന്ന അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആരോപണ വിധേയനായ അധ്യാപകന് ആദിത്യന്റെ മരണത്തിൽ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ആദിത്യന്റെ മരണത്തിൽ കോളജ് മാനേജ്മെന്റിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.
സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് ദുരൂഹമാണ്. ഇതെല്ലാം കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആദിത്യന്റെ കുടുംബം പറഞ്ഞു.
National
ബംഗളൂരു: ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ മതില് തകര്‍ന്ന് ഏഴ് പേര് മരിക്കാനിടയായ സംഭവത്തില്‍ കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് ബി.എസ്. പാട്ടീല്‍ മുന്നറിയിപ്പ് നല്കി.
ഇന്നലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച ലോകായുക്ത, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും ആലിപ്പഴം വീഴ്ചയിലുമാണ് ആശുപത്രിയുടെ മതില് തകര്‍ന്നു വീണത്.
രണ്ടു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തില്‍ മരിച്ചത്. മഴയില്‍ നിന്നും രക്ഷനേടാനായി മതിലിനോട് ചേര്‍ന്ന് അഭയം പ്രാപിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
National
ബംഗളൂരു: ബംഗളൂരുവിലെ ബിടിഎൽ നഴ്സിംഗ് കോളജിൽ മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയും തിരുവനന്തപുരം അരുവിക്കര സ്വദേശിയുമായ ആദിത്യൻ(19) ആണ് മരിച്ചത്.
ആദിത്യനെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ആദിത്യന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളജ് അധികൃതർ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതേ തുടർന്ന് ബംഗളൂരുവിലെത്തിയപ്പോഴാണ് കുടുംബം മരണ വിവരം അറിയുന്നത്.
തലേദിവസം വീഡിയോ കോൾ വഴി ആദിത്യൻ കുടുംബവുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നതായും ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും പിതാവ് ആരോപിക്കുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.
പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മന്ത്രി സമീര്‍ അഹമ്മദ് ഖാൻ ആണ് സഹായധനം പ്രഖ്യാപിച്ചത്. അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ നേരിട്ടെത്തി പണം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ കേരളത്തിലെ ചെലവും വഹിക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് സമീര്‍ അഹമ്മദ് ഖാന്റെ പ്രഖ്യാപനം. അതേസമയം ചികിത്സയിലുള്ള മലയാളികളുടെ ഡിസ്ചാര്‍ജ് വൈകും. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക.
NRI
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥി ആയിരുന്നു ആദിത്യൻ.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ബംഗളൂരു: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. അപകടത്തിൽ മരിച്ച ഏഴ് പേരിൽ രണ്ട് മലയാളികളും മരിച്ചിരുന്നു.
മരിച്ച ഏഴ് പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ ആണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.
പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് മലയാളികളുടെ നില മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
കുടുംബശ്രീ പ്രവർത്തകരായ മലയാളികൾ ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം.
National
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് എറണാകുളം രാമമംഗലം സ്വദേശികളായ രണ്ടുപേരുൾപ്പെടെ ഏഴുപേർക്കു ദാരുണാന്ത്യം.
അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം.
കുടുംബശ്രീ അമൃതം പൊടി നിര്‍മാണ കമ്പനിയില്‍നിന്നു വിനോദയാത്ര പോയ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില്‍ രഘുവിന്റെ ഭാര്യ സ്മിത (49), രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയില്‍ ലത (50) എന്നിവരാണു മരിച്ച മലയാളികൾ.
വിനോദയാത്രാസംഘത്തിലെ രാമമംഗലം സ്വദേശിനികളായ മായ മണികണ്ഠന്, പ്രീതി, സിജി എന്നിവര്‍ക്കാണു പരിക്കേറ്റത്. ആകെ 56 പേരാണ് വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ നെടുമ്പാശേരിയില്‍നിന്നു വിമാനമാര്‍ഗമാണു സംഘം ബംഗളൂരുവില്‍ വിനോദയാത്രയ്ക്കു പോയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ഷോപ്പിംഗിനായി സംഘം വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചുപേര്‍ ഒരു ഗ്രൂപ്പായാണ് സാധനങ്ങള്‍ വാങ്ങാൻ പോയത്. ഇവർ വൈകുന്നേരം ഷോപ്പിംഗിനിറങ്ങിയ സമയത്തു കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഇതോടെ രക്ഷതേടി ആശുപത്രിയുടെ മതിലിനോടുചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി. ഇതിനിടെയാണ് 12 അടി ഉയരമുള്ള മതിൽ ഇടിഞ്ഞുവീണത്.
ശിവാജി നഗർ ബസ്സ്റ്റാൻഡിനും മാർക്കറ്റിനും ഇടയിലുള്ള ആശുപത്രിയുടെ മതിലിനോടു ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമായ നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് മരിച്ച മറ്റുള്ളവർ. അപകടമുണ്ടായതിനു പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലം എംഎൽഎ റിസ്വാൻ അർഷാദും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. അപകടകാരണത്തെക്കുറിച്ച് അന്വേഷണത്തിനും അദ്ദേഹം നിർദേശം നൽകി.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിക്കെട്ടിടത്തിനു സമീപത്തുനിന്നു നീക്കംചെയ്ത മണ്ണ് മതിലിനുസമീപം കൂട്ടിയിട്ടിരുന്നു. മഴയിൽ മണ്ണ് കുതിർന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരു മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എംജി റോഡിലും റസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു.
National
ബംഗളൂരു: ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വലിയ ദുരന്തം. ശിവാജിനഗറിലെ പ്രശസ്തമായ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എറണാകുളും സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നഗരത്തിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടായത്. മഴയിൽ നിന്ന് രക്ഷപ്പെടാനായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ആശുപത്രി മതിലിനോട് ചേർന്ന് കെട്ടിയ ടാർപോളിൻ ഷീറ്റുകൾക്ക് താഴെ അഭയം തേടിയിരുന്നു.
എന്നാൽ കാറ്റിലും മഴയിലും പഴയ മതിൽ പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാരും ഫയർഫോഴ്സും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ മഴയും ആലിപ്പഴ വർഷവുമാണ് നഗരത്തിൽ നാശനഷ്ടങ്ങൾ വരുത്തിയത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെയും മതിലുകളുടെയും ബലം പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകി.
National
ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികൾ ഉൾപ്പടെ ഏഴു പേർ മരിച്ചു. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലാണ് സംഭവം.
പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ ഏഴു പേർ മതിലിന് സമീപത്ത് വന്നുനിന്നു. പെട്ടന്ന് മതിൽ ഇവരുടെമേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. മരിച്ചവരെല്ലാവരും തെരുവ് കച്ചവടക്കാരാണ്.
Kerala
ബംഗളുരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദശി സുബില്‍ പി.ടി(38), വയനാട് സ്വദേശി അജിത്ത്(36) എന്നിവരാണ് മരിച്ചത്.
ബംഗളൂരുവിലേക്കുള്ള യാത്രയിൽ രാംനഗരയിൽ വച്ച് ഇവർ സഞ്ചരിച്ച പിക്ക്അപ്പ് വാൻ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം അടക്കം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ബംഗളൂരു: ബംഗളൂരുവിന് സമീപം രാംനഗരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി പി.ടി.സുബില്‍ (37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരുവിലേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ബെംഗളൂരു: മലയാളി വിദ്യാർഥികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഘത്തിലെ ആറു പേരെ പിടികൂടി പോലീസ്. ബെംഗളൂരുവിലെ സ്വകാര്യ കോളജിലാണ് സംഭവം. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ആക്രമിക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർഥി വിളിച്ചുവരുത്തിയതായിരുന്നു അക്രമികളെയെന്ന് പോലീസ് വ്യക്തമാക്കി.
മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്നാട് സ്വദേശിയായ അഭിനേഷും തമ്മിലുള്ള തർക്കമാണ് ബെംഗളൂരു കൊണനകുണ്ടെയിൽ വീടുകയറിയുള്ള ആക്രമണത്തിലും മോഷണത്തിലും കലാശിച്ചത്. തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയായിരുന്നു.
അഭിനേഷിന്റെ ആവശ്യപ്രകാരം എത്തിയ അഞ്ചംഗ സംഘം വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറുകയും മർദിക്കുകയുമായിരുന്നു. സംഘം വീട്ടിനകത്തേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
11 വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത് എങ്കിലും നാലുപേർ വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിയിലുണ്ടായിരുന്ന ഇർഫാൻ മുഹമ്മദ്, ആദർശ്, ഡാർവിൻ, മൊഹമ്മദ് സൽമാൻ, ഉത്തരേഷ്, ബേസിൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ പക്കൽനിന്ന് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അക്രമികൾ അപഹരിച്ചു.
പരാതി ഉയർന്നതോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. അഭിനേഷ്, കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് മൂന്ന് ലക്ഷം രൂപ വില വരുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പകൾ എന്നിവ പിടിച്ചെടുത്തതായി കൊണനകുണ്ടെ പോലീസ് അറിയിച്ചു.
Sports
ബംഗളൂരു: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് അനായാസ ജയം. ഗുജറാത്ത് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ഏഴ് ബോളും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ബംഗളൂരു മറികടന്നു.
സ്കോർ: ഗുജറാത്ത് 205/3 ബംഗളൂരു 206/5 (18.5). കൂറ്റൻ വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ആർസിബിക്കായി വിരാട് കോഹ്ലിയും (81) ദേവ്ദത്ത് പടിക്കലും (55) അർധസെഞ്ചുറി നേടി. 44 പന്തില്‍ നാലു സിക്സും എട്ട് ഫോറും ഉള്‍പ്പടെയാണ് കോഹ്ലി 81 റണ്‍സെടുത്തത്.
ദേവ്ദത്ത് പടിക്കല്‍ ആറു സിക്സും രണ്ട് ഫോറും ഉള്‍പ്പടെയാണ് 55 റണ്‍സ് നേടിയത്. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന് രണ്ടുവിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ താരം 49 റണ്‍സ് വഴങ്ങി. നേരത്തേ സെഞ്ചുറി നേടിയ സായ് സുദർശനാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
താരം 58 പന്തിൽ നിന്നാണ് 100 റൺസെടുത്തത്. ഏഴ് കളിയില്‍ നിന്നും അഞ്ചു ജയത്തോടെ 10 പോയിന്റുമായി ആർസിബി പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. ഏഴ് കളിയില്‍ നിന്ന് മൂന്നുവിജയവുമായി ആറു പോയിന്റുമായി ഗുജറാത്ത് ഏഴാം സ്ഥാനത്താണ്.
Sports
ബംഗളൂരു: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 206 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. സെഞ്ചുറി നേടിയ സായ് സുദർശനാണ് (58 പന്തിൽ 100) ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
നായകന് ശുഭ്മാന്‍ ഗില്‍ 24 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പടെ 32 റണ്‍സെടുത്തു. ജോസ് ബട്ലര് 16 പന്തില്‍ 25 റണ്‍സ് കുറിച്ചു. ജേസണ്‍ ഹോള്‍ഡര്‍ ( പത്ത് ബോളിൽ 23) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ഈ ഐപിഎല്ലിലെ സായ് സുദർശന്റെ ആദ്യ സെഞ്ചുറിയാണിത്. ആര്‍സിബിക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
National
ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി യുവതി. കിരൺ(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തെക്കൻ ബംഗളൂരുവിലെ അഞ്ജനപുര സ്വദേശി പ്രേരണ ആണ് പിടിയിലായത്.
വേറിട്ട രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേനയാണ് കിരണിനെ പെൺസുഹൃത്തായ പ്രേരണ കസേരയിലിരുത്തി കെട്ടിയിട്ടത്. തുടർന്ന് കിരണിന്റെ കണ്ണുകളും കെട്ടി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ദേഹത്ത് കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തിയത്.
കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പോലീസ് പറഞ്ഞു. പ്രേരണയും കിരണും സഹപ്രവർത്തകരായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.
സമീപകാലത്തായി കിരൺ തനിക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും പ്രേരണയ്ക്ക് തോന്നിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കസ്റ്റഡിയിലെടുത്ത യുവതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
National
ബെംഗളൂരു: ബെൽഗാവിയിൽനിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട ഫ്ലൈ91 വിമാനത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതു യാത്രക്കാരെ മുൾമുനയിൽ നിർത്തിയത് നാലു മണിക്കൂർ. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് വിമാനം ആകാശത്തു വട്ടംചുറ്റിയത് പരിഭ്രാന്തി പരത്തി.
ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിന്റെ ചക്രങ്ങൾ പുറത്തേക്കു വരാൻ സഹായിക്കുന്ന ലാൻഡിംഗ് ഗിയർ സംവിധാനം പ്രവർത്തനരഹിതമായത്. ഇതോടെ പൈലറ്റ് ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിച്ചു.
വിമാനം ആകാശത്ത്തു ടർച്ചയായി വട്ടംചുറ്റുന്നതും സാങ്കേതിക തകരാറുള്ള വിവരവും അറിഞ്ഞതോടെ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി. വിമാനത്തിനുള്ളിൽ യാത്രക്കാർ കരയുന്നതിന്റെയും പ്രാർഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നു യാത്രക്കാർ പിന്നീടു പ്രതികരിച്ചു.
ഒടുവിൽ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും മൂലം വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതോടെയാണ് ആശങ്കകൾക്കു വിരാമമായത്.
National
ബംഗളൂരു: സെന്റ് ജോണ്‍സ് കോളജ് ഓഫ് നഴ്സിംഗിന്റെ കോളജ് ഡേ ആഘോഷവും 2026 ബാച്ചിന്റെ ഗ്രാജുവേഷനും നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഫാ.ഡോ. വിക്ടര്‍ ലോബോ എസ്ജെ മുഖ്യാതിഥിയായി.
സെന്റ് ജോണ്‍സ് അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ ഫാ. ജേസുദോസ് രാജമാണിക്കം അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.അജിത്ത് കെര്ക്കട്ട, ചീഫ് ഓഫ് നഴ്സിംഗ് സര്‍വീസസ് പ്രഫ.സാറാ ഉമ്മന്‍, പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
National
ബംഗളൂരു: ഐപിഎൽ ടിക്കറ്റുകൾ അമിത വിലയ്ക്ക് വിറ്റ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ. സ്റ്റേഡിയത്തിനുള്ളിലെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരൻ ചന്ദ്രശേഖർ ആണ് പിടിയിലായത്.
ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. 180 ലധികം ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ 15,000 മുതൽ 19,000 രൂപ വരെ വിലയ്ക്ക് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഏപ്രിൽ 15 ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർസിബി) ലക്നോ സൂപ്പർ ജയന്റ്സും (എൽഎസ്ജി) തമ്മിലുള്ള ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇയാൾ വിറ്റത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ, സ്റ്റേഡിയം പരിസരത്ത് ജോലി ചെയ്തിരുന്ന വ്യക്തികളെ പോലീസ് ചോദ്യം ചെയ്യുകയും ചന്ദ്രശേഖറിൽ അന്വേഷണം എത്തുകയുമായിരുന്നു.
Viral
ബംഗളൂരുവിലെ ബാഗലൂർ മേഖലയിൽ നിന്നുള്ള ഒരു ദൃശ്യം ഇപ്പോൾ രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഒരു കോളേജിന് സമീപമുള്ള വഴിയിൽ യാതൊരു ചലനവുമില്ലാതെ, പ്രതിമയെപ്പോലെ മണിക്കൂറുകളോളം നിലയുറപ്പിച്ച ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.
ചുറ്റും നടക്കുന്ന കാര്യങ്ങളോടോ തടിച്ചുകൂടിയ ആളുകളോടോ യാതൊരു വിധത്തിലും പ്രതികരിക്കാതെ നിൽക്കുന്ന ഇയാളുടെ അവസ്ഥ മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗം മൂലമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പടരുകയാണ്.
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ വ്യാപകമായ 'സോംബി ഡ്രഗ്' എന്ന് വിളിക്കപ്പെടുന്ന സൈലാസിൻ എന്ന രാസവസ്തു ബംഗളൂരുവിലും എത്തിയെന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്.
മൃഗങ്ങളെ മയക്കാൻ ഉപയോഗിക്കുന്ന ഈ മരുന്ന് മനുഷ്യർ ഉപയോഗിക്കുമ്പോൾ ശരീരം പാതി മരവിച്ച അവസ്ഥയിലാകുമെന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാണ് ഇത്തരമൊരു നിഗമനത്തിൽ ഓൺലൈൻ ലോകം എത്തിച്ചേർന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ചണ്ഡീഗഢിലെ സെക്ടർ 33 ബിയിൽ ഒരു ഡെലിവറി പങ്കാളി സമാനമായ രീതിയിൽ രണ്ട് മണിക്കൂറോളം റോഡരികിൽ നിശ്ചലനായി നിന്നതും ഈ ആശങ്ക വർധിപ്പിക്കുന്നു.
സംഭവം വിവാദമായതോടെ യെലഹങ്ക പോലീസ് കേസിൽ ഇടപെടുകയും ദൃശ്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മയക്കുമരുന്ന് ഉപയോഗമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ അധികൃതർക്ക് ലഭിച്ചിട്ടില്ല.
ഈ യുവാവിനെക്കുറിച്ചുള്ള വ്യക്തിവിവരങ്ങളോ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമോ നിലവിൽ ലഭ്യമല്ല. അതേസമയം, ഇത്തരം കാഴ്ചകളെ ലഹരിമരുന്നുമായി മാത്രം ബന്ധിപ്പിക്കരുതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കഠിനമായ മാനസികാഘാതം, അപസ്മാരം പോലെയുള്ള നാഡീസംബന്ധമായ രോഗങ്ങൾ, നിർജ്ജലീകരണം അല്ലെങ്കിൽ അമിതമായ ശാരീരിക തളർച്ച എന്നിവ മൂലവും മനുഷ്യർ ബോധരഹിതരാകാതെ തന്നെ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിൽ തുടരാൻ സാധ്യതയുണ്ട്.
വസ്തുതകൾ പുറത്തുവരുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആ വ്യക്തിക്ക് വൈദ്യസഹായമോ മാനസിക പിന്തുണയോ ആണ് ആവശ്യമെങ്കിൽ അത് നൽകുകയാണ് വേണ്ടതെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.
Sports
ബംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ ആര്‍സിബിക്ക് ജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 43 റണ്‍സിന്റെ തകർപ്പൻ ജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയത്.
സ്കോര്‍: ആര്‍സിബി 250/3, ചെന്നൈ 207/10 (19.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചപ്പോള്‍ ചെന്നൈയ്ക്ക് 19.4 ഓവറില്‍ 207 റണ്‍സിന് എല്ലാവരും കൂടാരം കയറി.
50 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ബംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്നും ജേക്കബ് ഡഫി, അഭിനന്ദൻ സിംഗ്, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്.
സിബി ദേവ്ദത്ത് പടിക്കലിന്റെയും (50) ടിം ഡേവിഡിന്റെയും (25 പന്തിൽ 70) രജത് പാട്ടീദാറിന്റെയും (48) മികവിലാണ് ആര്‍സിബി കൂറ്റൻ സ്കോറിലേക്കെത്തിയത്. ചെന്നൈയ്ക്കായി ഖലീൽ അഹമ്മദും അൻഷുൽ കംബോജും ശിവം ദുബെയും ഓരോവിക്കറ്റ് വീഴ്ത്തി.
ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി. ഐപിഎല്ലില്‍ ആദ്യമായാണ് സീസണിലെ ആദ്യ മൂന്നുകളികളും ചെന്നൈ തോല്‍ക്കുന്നത്.
Sports
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ആദ്യ മത്സരം ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാമതും ആദ്യ രണ്ട് കളികളും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുമാണ്. ആദ്യരണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
ടീം ചെന്നൈ സൂപ്പർ കിംഗ്സ് : സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, പ്രശാന്ത് വീർ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: ഫിൽ സാൾട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി.
Sports
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേക്കേറിയ തരംഗം ആവിയായി.
2026 സീസണ് ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടതോടെയാണിത്. ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കായി നിര്‍ണായകമായ മൂന്നു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ തിളക്കം നിലനിര്‍ത്താന്‍ സഞ്ജുവിനും കഴിഞ്ഞില്ല. 6, 7 എന്നതായിരുന്നു സിഎസ്കെ ജഴ്സിയിലെ സഞ്ജുവിന്റെ സ്കോര്‍.
തുടര്‍ച്ചയായ രണ്ടു തോല്‍വിക്കുശേഷം മൂന്നാം മത്സരത്തിനായി സിഎസ്കെ ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവാണ് സിഎസ്കെയുടെ എതിരാളികള്‍. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് സിഎസ്കെ x ആര്‍സിബി സൂപ്പര്‍ ക്ലാഷ്.
► രണ്ട് തോല്‍വി◄
ആദ്യമത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് എട്ട് വിക്കറ്റിനു പരാജയപ്പെട്ട ചെന്നൈ, ഹോം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങി. ആയുഷ് മാത്രെ (43 പന്തില്‍ 73), ശിവം ദുബെ (27 പന്തില്‍ 45 നോട്ടൗട്ട്), സര്‍ഫറാസ് ഖാന് (12 പന്തില്‍ 32) എന്നിവരിലൂടെ ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്തു. പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 39), ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50), പ്രഭ്സിമ്രന് സിംഗ് (34 പന്തില്‍ 43) എന്നിവരിലൂടെ പഞ്ചാബ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചെടുത്ത് ജയം സ്വന്തമാക്കി.
►ബൗളിംഗ് കരുത്തില്ല◄
പഞ്ചാബിനെതിരേ 209 റണ്‍സ് നേടിയിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിനു ഡിഫെന്‍ഡ് ചെയ്യാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം. സിഎസ്കെയുടെ ബൗളിംഗ് യൂണിറ്റിന്റെ ബലഹീനത ആദ്യ രണ്ടു മത്സരങ്ങളിലും വെളിപ്പെട്ടു. രണ്ട് മത്സരത്തിലായി 30.5 ഓവര്‍ ആണ് സിഎസ്കെ ബൗളര്‍മാര്‍ എറിഞ്ഞത്. 338 റണ്‍സ് വഴങ്ങി. വീഴ്ത്താനായത് വെറും ഏഴ് വിക്കറ്റ് മാത്രം.
പരിക്കേറ്റ നഥാന്‍ എല്ലിസിനു പകരം സ്പെന്‍സര്‍ ജോണ്‍സനെ സ്വന്തമാക്കി. എന്നാല്‍, താരം ഇതുവരെ ടീമില്‍ ചേര്‍ന്നിട്ടില്ല. ഖലീല്‍ അഹമ്മദ്, മാറ്റ് ഹെൻറി, അന്‍ഷുല്‍ കാംബോജ് എന്നീ പേസര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചില്ല. സ്പിന്നര്‍ നൂര്‍ അഹമ്മദിനും ആദ്യ രണ്ടു മത്സരവും പിഴച്ചു.
14.2 കോടി വീതം മുടക്കി സ്വന്തമാക്കിയ അണ്‍ക്യാപ്ഡ് യുവതാരങ്ങളായ കാര്‍ത്തിക് ശര്‍മയെയും പ്രശാന്ത് വീറിനെയും പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തില്‍ സിഎസ്കെ കളത്തിലിറക്കി. എന്നാല്‍, പരിചയസമ്പത്തിന്റെ അഭാവം ഇവരുടെ പ്രകടനത്തില്‍ നിഴലിച്ചു.
ഏതായാലും 19-ാം സീസണിലെ മൂന്നാം മത്സരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബംഗളൂരുവില്‍ ഇന്നിറങ്ങും. സഞ്ജു ബാറ്റിംഗില്‍ തിളങ്ങുമോ..? സീസണിലെ ആദ്യജയം നേടാന്‍ സിഎസ്കെയ്ക്കു സാധിക്കുമോ..? കണ്ടറിയാം...
National
ബംഗളൂരു: കർണാടകയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. വടക്കൻ ബംഗളൂരുവിലെ നാഗസാന്ദ്രയിലാണ് സംഭവം. ധരിയപ്പ എന്നയാളാണ് ഭാര്യ കാവ്യ(35)യെ കൊന്നത്.
വീട്ടുചെലവുകൾക്കായി മാറ്റിവച്ചിരുന്ന രണ്ട് ലക്ഷം രൂപയെച്ചൊല്ലി ധരിയപ്പ ഭാര്യ കാവ്യയുമായി രൂക്ഷമായ വഴക്കുണ്ടായിരുന്നു. ധരിയപ്പ ആ പണം സഹോദരന് നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
തർക്കം രൂക്ഷമായപ്പോൾ, ധരിയപ്പ ഭാര്യയെ ആക്രമിക്കുകയും പിന്നീട് കഴുത്തിൽ ചവിട്ടുകയും ചെയ്തു. ഇതേതുടർന്ന് ഇവർ മരിക്കുകയായിരുന്നു. ധരിയപ്പ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്.
10-ാംക്ലാസിൽ പഠിക്കുന്ന മകനും ജൂനിയർ കോളജിൽ പഠിക്കുന്ന മകളും ദമ്പതികൾക്കുണ്ട്. സംഭവസമയം കുട്ടികൾ വീട്ടിലില്ലായിരുന്നു.
National
ബംഗളൂരു: കർണാടകയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരനും പിതാവും പിടിയിലായി. കർണാടകയിലെ തുമകുരു സ്വദേശിയായ സ്റ്റാലിൻ(29) ആണ് കൊല്ലപ്പെട്ടത്.കേസിൽ സ്റ്റാലിന്റെ സഹോദരൻ നവീൻ ആണ് പിടിയിലായത്.
കൃത്യത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കുറ്റകൃത്യം മറച്ചുവച്ചതിനും ഇരുവരുടെയും പിതാവായ ജോൺ പോളിനെയും പോലീസ് പിടികൂടുകയായിരുന്നു. നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.
നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് നവീൻ സ്റ്റാലിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റാലിനെ പിതാവായ ജോൺ പോളാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ സ്റ്റാലിൻ വീണ് പരിക്കേറ്റെന്നായിരുന്നു ജോൺ പോൾ ആശുപത്രി അധികൃതരെ അറിയിച്ചത്. ചികിത്സയിലിരിക്കെ സ്റ്റാലിൻ മാർച്ച് 26ന് മരിച്ചു. പോലീസ് ജോൺപോളിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്.
Auto
വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തദ്ദേശീയമാക്കും. 2000ല്‍ 36 ശതമാനം മാത്രമായിരുന്ന തദ്ദേശനിര്‍മിത സാമഗ്രികളുടെ ഉപയോഗമെങ്കില്‍, 2024 ല്‍ ഇതു 92 ശതമാനമായെന്ന് കമ്പനി അറിയിച്ചു.
2030 ഓടെ ഇത് 98 ശതമാനത്തില്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാഹന നിര്‍മാണത്തില്‍ ദേശസാത്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.
ടൊയോട്ട വാഹനങ്ങളുടെ എന്‍ജിനുകളിലും സ്പെയര്‍ പാര്‍ട്സുകളിലും 87 ശതമാനം വീതവും ട്രാന്സ്മിഷനില് 89 ശതമാനം വരെയും ദേശസാത്കരണം നടപ്പാക്കി. ഫോര്‍ച്യൂണര്‍, ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകളില്‍ തദ്ദേശ നിര്‍മിത ഘടകങ്ങളുടെ ഉപയോഗം 83 ശതമാനമായിട്ടുണ്ട്.
ടോയോട്ടയും അനുബന്ധ കമ്പനികളും ചേര്‍ന്ന് 18000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ ഇതുവരെ നടത്തിയത്. ആഗോളതലത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ടൊയോട്ട വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്.
കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനായി ടൊയോട്ടയുടെ മള്‍ട്ടി-പാത്ത് വേ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ശക്തമായ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിവിധ ബദല്‍ ഊര്‍ജ വാഹനങ്ങള്‍ നിരത്തിലിറക്കാനും സാങ്കേതിക വിദ്യകളിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗത രീതി കൊണ്ടുവരാക്കുവാനും കമ്പനി മുന്‍തൂക്കം നല്‍കുന്നുണ്ട്.
1.4 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ യുവാക്കളില്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനു വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ മിഷന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ യുവാക്കളെ ഉയര്‍ന്ന നിലവാരമുള്ള ടെക്നീഷ്യന്മാരാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ടൊയോട്ട ടെക്നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിടിടിഐ) ആണ് പരിശീലന പരപാടികള്ക്കു നേതൃത്വം നല്‍കുന്നത്.
ഇതുവരെഏകദേശം 1.4 ലക്ഷം യുവാക്കള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഐടിഐകള്‍, പോളിടെക്നിക്കുകള് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വ്യവസായ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിശീലന പരിപാടികളും നടപ്പാക്കുന്നുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും കമ്പനി പിന്തുണ നല്‍കുന്നുണ്ട്.
National
ബംഗളൂരു: ഭാര്യ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്. ബംഗളൂരുവിലാണ് സംഭവം. ബൈറപ്പനാഹള്ളി സ്വദേശി ശ്രീനിവാസ്(30) ആണ് ഭാര്യ സഹോദരൻ രഞ്ജിത്തിനെ (24) കൊലപ്പെടുത്തിയത്.
സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. ശ്രീനിവാസിന്റെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തന്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ശ്രീനിവാസിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ച് രഞ്ജിത്തിനെ ശ്രീനിവാസ് ബന്നേര്ഘട്ടയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ രഞ്ജിത്ത് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പിന്നാലെ ശ്രീനിവാസ് മൃതദേഹം കാറില്‍ കയറ്റി ബന്നേര്‍ഘട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Viral
ഇന്ത്യക്കാരുടെ സിരകളിൽ ക്രിക്കറ്റ് ആവേശം അലയടിക്കുന്ന ഐപിഎൽ കാലത്ത്, ബംഗളുരു നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ ടീമിനോടുള്ള സ്നേഹം പ്രകടിപ്പിച്ച വേറിട്ട രീതി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
റോയൽ ചലഞ്ചേഴ്സ് ബംഗളുരു (ആർസിബി) എന്ന ടീമിനോട് ആരാധകർ വെച്ചുപുലർത്തുന്ന വൈകാരികമായ ബന്ധം കേവലം ഒരു മത്സരത്തിനപ്പുറം നഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.
പതിവ് യാത്രാ അറിയിപ്പുകൾക്ക് പകരം തന്റെ ഓട്ടോയിൽ അദ്ദേഹം പതിപ്പിച്ച ഒരു കുറിപ്പാണ് ഇന്റർനെറ്റ് ലോകം ഏറ്റെടുത്തത്. ആർസിബി ജേഴ്സി ധരിച്ചെത്തുന്ന യാത്രക്കാർക്ക് തന്റെ ഓട്ടോയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഈ ഡ്രൈവർ പ്രകടിപ്പിച്ച വലിയ മനസ് കായികപ്രേമികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റി.
മഹിക ജാദവ് എന്ന യാത്രക്കാരി പങ്കുവെച്ച ഈ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. 'ഈ സാല കപ്പ് നമ്മടെ' എന്ന ഉറച്ച വിശ്വാസത്തോടെ ടീമിനെ നെഞ്ചിലേറ്റുന്ന ബംഗളുരു നിവാസികളുടെ ആവേശത്തെ ഈ ചെറിയ പ്രവൃത്തി മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിതത്തിൽ ക്രിക്കറ്റ് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
സ്റ്റേഡിയത്തിലെ ഗാലറികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ നഗരത്തിലെ തെരുവുകളിലേക്കും സാധാരണക്കാരുടെ തൊഴിലിടങ്ങളിലേക്കും കളി ആവേശം പടരുന്ന കാഴ്ചയാണിത്. വെറുമൊരു വാണിജ്യ തന്ത്രമെന്നതിലുപരി, ഒരേ ടീമിനെ സ്നേഹിക്കുന്നവർക്കിടയിലുള്ള കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് ഇവിടെ ദൃശ്യമാകുന്നത്.
ഐപിഎൽ സീസണിൽ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും സേവനദാതാക്കളും ഇത്തരത്തിൽ ആരാധകർക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാറുണ്ടെങ്കിലും, ഒരു ഓട്ടോ ഡ്രൈവർ തന്റെ വരുമാനത്തെപ്പോലും വകവെക്കാതെ ഇത്തരമൊരു തീരുമാനമെടുത്തത് ആർസിബി ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. കായിക വിനോദം എങ്ങനെയാണ് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്നും ഒരു നഗരത്തിന്റെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
National
ബംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡിൽ മദ്യപിച്ചുകൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ഡോക്ടർമാർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി ജയദേവ ജംഗ്ഷനും ബിടിഎം ലേഔട്ടിനും ഇടയിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. മൂന്ന് പേർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതും പുറകിൽ ഇരിക്കുന്നയാൾ ബിയർ കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാഹനം വളഞ്ഞ്പുളഞ്ഞ് പോകുന്നതും കാണാം.
വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്, പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ധനുഷ് എസ്, അപൂർവ, അവിനാശ് എന്നിവരെ തിരിച്ചറിയുകയും ചെയ്തു. മൂന്നുപേരും ഓർത്തോപീഡിക് ഡോക്ടർമാരാണ്.
സ്കൂട്ടർ ഓടിച്ചിരുന്ന ധനുഷ് ചിക്കബനവാരയിലെ സപ്തഗിരി മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. അപൂർവ വൈദേഹി ആശുപത്രിയിലും, അവിനാഷ് രാമനഗര ജില്ലയിലെ ചാമുണ്ഡേശ്വരി മെഡിക്കൽ കോളജിലുമാണ് ജോലി ചെയ്യുന്നത്.
തിങ്കളാഴ്ച മൂവരെയും മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ട്രിപ്പിൾ റൈഡിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റ് ഇല്ലാത്ത യാത്ര, പൊതുസ്ഥലത്ത് മദ്യപിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Sports
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബംഗളൂരുവിന് തകർപ്പൻ ജയം. ഇന്റർകാശിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ബംഗളൂരു പരാജയപ്പെടുത്തി. ആറ് മത്സരത്തിൽനിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്താണ് ബംഗളൂരു.
മറ്റൊരു മത്സരത്തിൽ ചെന്നൈയ്നും ഗോവയും 1-1 സമനിലയിൽ പിരിഞ്ഞു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ മുഹമ്മദന്‍സിനെ നേരിടും.
Viral
ബംഗളൂരുവിലെ തിരക്കേറിയ എംജി റോഡിൽ പരിഭ്രാന്തി പരത്തി ആഡംബര കാറിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തിയ സംഭവത്തിൽ കർശന നടപടിയുമായി പോലീസ് രംഗത്തെത്തി.
അനിൽ കുംബ്ലെ സർക്കിളിന് സമീപം മറ്റ് വാഹനങ്ങളെയും യാത്രക്കാരെയും മുൾമുനയിൽ നിർത്തി ലംബോർഗിനി കാർ വട്ടം കറക്കി അഭ്യാസപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
നഗരമധ്യത്തിലെ അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ നിയമലംഘനത്തിനെതിരെ വലിയ തോതിലുള്ള ജനരോഷമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ അന്വേഷണം ഊർജിതമാക്കിയ ബെംഗളൂരു സിറ്റി പോലീസ് നിലവിൽ ആഡംബര കാർ പിടിച്ചെടുത്തിട്ടുണ്ട്.
മുൻ അധോലോക നായകൻ മുത്തപ്പ റായിയുടെ മകൻ റിക്കി റായ് ആണ് വാഹനം ഓടിച്ചിരുന്നതെന്ന സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണത്തിനായി പോലീസ് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
മറ്റ് വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നതിനിടയിൽ യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയായിരുന്നു ഈ സാഹസിക പ്രകടനം.
ഇത്തരം പ്രവർത്തികൾ ഡ്രൈവർക്ക് മാത്രമല്ല, നിരത്തിലൂടെ പോകുന്ന സാധാരണക്കാരായ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുമെന്ന് ട്രാഫിക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നഗരത്തിലെ റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും പോലീസ് വ്യക്തമാക്കി.
National
ബംഗളൂരു: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്നതിനിടെ കർണാടകയിൽ സിലിണ്ടർ മോഷണം. ബംഗളൂരുവിലാണ് സംഭവം. ആർസി ലേയൗട്ടിലെ വിശ്വപ്രിയ അപ്പാർട്ട്മെന്റിലാണ് സംഭവം.
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് സിലിണ്ടറുകളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം പ്രചരിച്ചിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഒപ്പമുണ്ടായിരുന്ന യുവാവ് അപ്പാർട്ട്മെന്റിന്റെ മുറ്റത്ത് കയറി രണ്ട് പാചകവാതക സിലിണ്ടറുകൾ കടത്തിക്കൊണ്ടുവന്ന് ടൂവീലറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: മെട്രോ ട്രെയിനിൽ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസ്. മാർച്ച് 15ന് രാത്രി നടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
പീനിയ സ്റ്റേഷനിൽ രാത്രി 10.57ഓടെയാണ് സംഭവം. യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യംചെയ്തു. ഇതോടെ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
യുവതികൾ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
സംഭവത്തിൽ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിലാണ് സംഭവം.
പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയിരുന്നു. വലിയ പാക്കേജ് ശ്രദ്ധയിൽപ്പെട്ട കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാർ എന്താണ് കൊറിയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല.
ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു.
റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീൽ പോലീസ് പോസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പോലീസ് ഇവരെ വിട്ടയച്ചു.
National
ബംഗളൂരു: യെലഹങ്കയിൽ രണ്ട് മിനിറ്റ് വൈകി സ്കൂളിലെത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തിയതായി പരാതി. യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്.
വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമമായ എക്സിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ് നോൺ-കോഗ്നിസബിൾ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കർണാടക കോറമംഗലയിൽ മലയാളിക്ക് നേരെ ഓൺലൈൻ ഡെലിവറി ജീവനക്കാരന്റെ ആക്രമണം. ഓൺലൈനിൽ ഓർഡർ നൽകിയ സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് മൂക്കിടിച്ച് തകർത്തതായാണ് പരാതി.
മലയാളിയായ പോൾ ജെ. വിതയിലിന് നേരെയാണ് ആക്രമണമുണ്ടായത്. പോൾ ബ്ലിംഗിറ്റ് വഴിയാണ് സാധനങ്ങൾ ഓർഡർ ചെയ്തത്. പുലർച്ചെ രണ്ടോടെ ഡെലിവറി ചെയ്യാനെത്തിയ ഏജന്റിന് വിലാസം തെറ്റി മറ്റൊരിടത്ത് പോയി.
തുടർന്ന് ഇയാൾ പോളിന്റെ വിലാസത്തിലെത്തിയിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ യുവാവ് പോളിനെ ആക്രമിച്ചതായാണ് പരാതി. ഇതേ തുടർന്നാണ് പോൾ കോറമംഗല പോലീസിൽ പരാതി നൽകിയത്.
പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ആപ്പായ ബ്ലിംഗിറ്റിൽ നിന്ന് യുവാവിന്റെ വിശദാംശങ്ങൾ തേടിയതായി പോലീസ് അറിയിച്ചു.
Business
ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിൽ യൂറോപ്യൻ വിമാനക്കന്പനിയായ എയര്‍ബസ് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി 5,000 പേര്‍ക്കു ജോലി ചെയ്യാവുന്ന അത്യാധുനിക ടെക്നോളജി സെന്റര്‍ തുറന്നു.
വൈറ്റ് ഫീൽഡിലെ ടൈറ്റാനിയം ടെക് പാർക്കിൽ 8.8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു ടെക് സെന്റർ തുറന്നത്. എയർ ബസിന്റെ യൂറോപ്പിനു പുറത്തുള്ള ഏറ്റവും വലിയ എന്‍ജിനിയറിംഗ്-ഡിജിറ്റല്‍ കേന്ദ്രമാണിത്. എയർബസിന് നിലവിൽ 30,000ത്തിലധികം ജീവനക്കാര്‍ ഇന്ത്യയിലുണ്ട്.
‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്ത് പകരുന്ന ഈ കേന്ദ്രത്തില്‍നിന്ന് വിമാനങ്ങളുടെ രൂപകല്പന, ഗവേഷണം, സൈബര്‍ സുരക്ഷ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ പ്രവര്‍ത്തനങ്ങളും നടക്കും.
എയര്‍ബസിന്റെ ലോകമെമ്പാടുമുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഇനി ബംഗളൂരുവിലെ എന്‍ജിനിയര്‍മാരുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തും.
ഇന്ത്യയില്‍നിന്നുള്ള വിഭവസമാഹരണം എയര്‍ബസ് വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2019ല്‍ 500 മില്യണ്‍ ഡോളറായിരുന്നത് ഇപ്പോള്‍ 1.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതു വൈകാതെ രണ്ടു ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നൂറിലധികം ഇന്ത്യന്‍ കമ്പനികള്‍ എയര്‍ബസിന് ആവശ്യമായ വിവിധ ഭാഗങ്ങള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്.
ഇന്ത്യന്‍ എന്‍ജിനിയര്‍മാരും ഡിജിറ്റല്‍ സ്പെഷലിസ്റ്റുകളും നിലവിലുള്ള എല്ലാ എയര്‍ബസ് വാണിജ്യ വിമാനങ്ങളിലും ഹെലികോപ്റ്റര്‍ പ്രോഗ്രാമുകളിലും സഹായിക്കുന്നുണ്ട്. പുതിയ കേന്ദ്രത്തില്‍ എന്‍ജിനിയര്‍മാരും ഡിജിറ്റല്‍ വിദഗ്ധരും ചേര്‍ന്ന് പുതുതലമുറ വിമാന സാങ്കേതികവിദ്യകള്‍, സൈബര്‍ സുരക്ഷ, റോബോട്ടിക്സ്, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളില്‍ ഗവേഷണങ്ങള്‍ നടത്തും. ബംഗളൂരുവിനെ ഒരു ആഗോള ഏവിയേഷന്‍ ഹബ്ബായി മാറ്റുന്നതില്‍ എയര്‍ബസിന്റെ ടെക്നോളജി സെന്റര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രതീക്ഷ.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യവസായ-അടിസ്ഥാനസൗകര്യ വികസന മന്ത്രി എം.ബി. പാട്ടീലും ചേർന്ന് ടെക് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു, എയർബസ് ഡിജിറ്റൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കാതറീൻ ജസ്റ്റിൻ, എയർ ബസിന്റെ ഇന്ത്യയിലെയും സൗത്ത് ഏഷ്യയിലെയും പ്രസിഡന്റും എംഡിയുമായ ജർഗൻ വെസ്റ്റർമെയ്ർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ ഈ കേന്ദ്രം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ജർഗൻ വെസ്റ്റർമെയ്ർ അഭിപ്രായപ്പെട്ടു. ബംഗളൂരു നഗരം ആഗോള വ്യോമയാന ഹബ്ബായി മാറുകയാണെന്ന് കേന്ദ്രമന്ത്രി രാംമോഹന്‍ നായിഡു പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനിടെ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡി.കെ. ശിവകുമാറിനെ കേന്ദ്രമന്ത്രി ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബംഗുളൂരുവിൽ നിന്നും തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പലമനേരുവിന് സമീപമുള്ള നാലുവരിപ്പാതയിൽ രാവിലെ 8.45 ഓടെയാണ് അപകടം നടന്നത്. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
National
ബംഗുളൂരു: ബംഗുളൂരുവിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. പുനീത് കുമാറിന്റെ ഭാര്യ സുഷമ (35) യാണ് മരിച്ചത്.
പുനീതിന്റെ മാതാവ് കൽപന, സുഷമയുമായി ചെറിയ കാര്യങ്ങളിൽ പോലും തർക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി.
സുഷമ ഭക്ഷണം ഉണ്ടാക്കേണ്ടന്ന് കൽപന നിലപാട് എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
സ്ത്രീധന പീഡനം ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന കൽപനയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഐടി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സുഷമയുടെയും പുനീതിന്റെയും വിവഹം അഞ്ച് വർഷം മുൻപായിരുന്നു. ഇരുവർക്കും നാല് വയസുള്ള ഒരു മകനുണ്ട്.
National
ബംഗളൂരു: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുന്‍ ഡയറക്ടറും മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പില്‍ കോയിപ്പള്ളി ഷെവലിയര്‍ പ്രഫ. ജെ. ഫിലിപ്പിന്റെ (90) സംസ്കാരം ഇന്ന് നാലിന് ബംഗളൂരു 85 ഹൊസൂര്‍ റോഡിലെ സെന്റ് പാട്രിക് സെമിത്തേരിയിൽ നടക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റർപ്രണര്‍ഷിപ് (സൈം) മാനേജ്മെന്റ് സ്കൂളുകള്‍, കോട്ടയം സൈം ഇന്റർനാഷണല്‍ സ്കൂള്‍ എന്നിവയുടെ സ്ഥാപകനാണ്.
കത്തോലിക്ക സഭയുടെ ഷെവലിയര്‍ പദവി, ദീപിക ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലന്‍സ് അവാര്‍ഡ്, രവി ജെ. മത്തായി നാഷണല്‍ ഫെലോ അവാര്‍ഡ്, എക്സ്എല്‍ആര്‍ഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ദ് ഹിന്ദു ഗ്രൂപ്പിന്റെ ദ ഡോയന്‍സ് - ഗാര്‍ഡിയന്‍സ് ഓഫ് നോളജ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്ത് പാറശാല പോലീസ്. പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22) ആണ് അറസ്റ്റിലായത്. ലക്ഷങ്ങൾ തട്ടിയ ശേഷം നാടുവിട്ട അരുണിനെ ബംഗളൂവിലെത്തിയാണ് പോലീസ് പിടികൂടിയത്.
കേരള പൊലീസിന്റെ ഓപ്പറേഷൻ "സൈ' ഹണ്ടിന്റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് അരുൺ. സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി നിരവധി രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു.
മറ്റ് സംഘങ്ങളുമായി ചേർന്ന് സൈബർ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഇയാളുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിവരശേഖരണത്തിൽ ഒന്നരലക്ഷം രൂപയോളം കമ്മീഷനായി അക്കൗണ്ട് വഴി പിൻവലിച്ചെന്നും ഇയാൾ തട്ടിപ്പ് സംഘത്തിലുള്ളയാളാണെന്നും തിരിച്ചറിഞ്ഞു.
പല രീതികളിൽ കൂട്ടാളികളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇയാളുടെയടക്കം അക്കൗണ്ടിലേക്കായിരുന്നു മാറ്റിയിരുന്നത്. ഇയാൾക്കായി പാറശാല പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അരുൺ ജില്ല വിട്ടതായി പോലീസിന് വിവരം ലഭിച്ചത്. അരുൺ ബംഗളുരുവിലുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി മടിവാളയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടുകയായിരുന്നു.