ബംഗളൂരു: കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ബംഗളൂരുവിലെ മഹാദേവപുരയിലാണ് സംഭവം.
മഹാദേവപുര പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന മഞ്ജുള(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പ്രദീപ് ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്നും ഇത് കുടുംബകലഹങ്ങൾക്ക് കാരണമായെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
മഞ്ജുളയുടെ സ്വഭാവത്തെ സംശയിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. പീഡനം സഹിക്കാൻ വയ്യാതെ, കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളുമായി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലെത്തിയ പ്രദീപ്, തന്റെയൊപ്പം മടങ്ങി വരണമെന്ന് മഞ്ജുളയോട് അപേക്ഷിച്ചു. കൂടാതെ മഞ്ജുളയുടെ കാലിൽ വീണ് തന്റെ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിച്ചു.
എന്നാൽ പെട്ടന്ന് അക്രമാസക്തനായ പ്രദീപ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് മഞ്ജുളയെ കുത്തി. 20 ലധികം പ്രാവശ്യം പ്രദീപ്, മഞ്ജുളയെ കുത്തിയെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തുന്നതിന് മുമ്പ്, പ്രദീപ് ഫോണിൽ ഒരു വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. വാതുവെപ്പ് ആസക്തി തന്റെ കുടുംബത്തെ തകർത്തുവെന്ന് പറഞ്ഞ പ്രദീപ്, താൻ മഞ്ജുളയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചു. വൈകുന്നേരം അവൾ ജോലി കഴിഞ്ഞ് തിരിച്ചെത്തും. ഞാൻ വീണ്ടും അവളോട് എന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടും. അവൾ ഇനി സമ്മതിക്കില്ലെന്ന് പറഞ്ഞാൽ ഞാൻ അവളെ അവിടെ വച്ച് കൊല്ലും എന്ന് വീഡിയോയിൽ പറയുന്നുണ്ട്.
ആക്രമണത്തിന് ശേഷം, പ്രദീപ് കത്തി ഉപയോഗിച്ച് സ്വന്തം കൈയുടെ ഞരമ്പ് മുറിച്ചിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Tags : Bengaluru Stabs Wife Death arrest