പ്രതി അഫ്താബ് പൂനാവാല, കൊല്ലപ്പെട്ട പെൺകുട്ടി ശ്രദ്ധ വാക്കർ
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കർ വധക്കേസിലെ വിചാരണ നടപടികളിൽ മാറ്റം വരുത്തി ഡൽഹി കോടതി. കേസിൽ പ്രതിയായ അഫ്താബ് അമീൻ പൂനാവാലയ്ക്ക് സർവകലാശാല പരീക്ഷ ഉള്ളതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചാണ് സാകേത് ജില്ലാ കോടതി നടപടി.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എം.എ സോഷ്യോളജി അവസാനവർഷ പരീക്ഷ എഴുതുന്നതിനായാണ് അഫ്താബ് അപേക്ഷ നൽകിയത്. തിഹാർ ജയിലിലെ മൂന്നാം നമ്പർ സെൻട്രൽ ജയിലിൽ പ്രവർത്തിക്കുന്ന പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ നടക്കുന്നത്.
അഫ്താബിന്റെ അപേക്ഷ പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് ഹർഗുർവരീന്ദർ സിംഗ് ജഗ്ഗി, ജൂലൈ 20-ന് നിശ്ചയിച്ചിരുന്ന വിചാരണ നടപടികൾ റദ്ദാക്കുകയായിരുന്നു. പ്രോസിക്യൂഷൻ സാക്ഷിവിസ്താരം ജൂലൈ 21 മുതൽ പുനരാരംഭിക്കും.
2022 മേയിലാണ് പങ്കാളിയായ ശ്രദ്ധ വാക്കറിനെ അഫ്താബ് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തത്. 2022 നവംബറിലാണ് ഇയാൾ അറസ്റ്റിലായത്.
Tags : DelhiCourt ShraddhaWalker LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash