പ്രതീകാത്മക ചിത്രം
പാറ്റ്ന: ബിഹാറിലെ ബെഗുസരായിയിൽ സ്വയംസഹായ സംഘത്തിൽ പ്രവർത്തിക്കുന്ന യുവതിയെ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ രണ്ട് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 27-നാണ് സംഭവം.
വായ്പാ തിരിച്ചടവ് തുക ശേഖരിക്കുന്നതിനിടെ അയൽവാസിയായ വിക്രം കുമാർ സാഹ്നി എന്നയാൾ യുവതിയെ തന്ത്രപൂർവം ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒരു സിനിമ തിയറ്ററിൽ എത്തിച്ചു. അവിടെ വച്ച് വിക്രം കുമാർ സാഹ്നിയുടെ ബന്ധുവായ രോഹിത് കുമാർ എന്ന മറ്റൊരു പ്രതി സംസാരിക്കാനെന്ന വ്യാജേന സമീപത്തെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. കൂടാതെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തായാണ് യുവതി പൊലിസിനോട് പറഞ്ഞത്.
സംഭവത്തിനുശേഷം രക്ഷപ്പെട്ടെത്തിയ യുവതി വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞതിന് ശേഷം പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
എന്നാൽ യുവതിയുടെ മൊഴിയും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും തമ്മിൽ ചില വൈരുധ്യങ്ങളുണ്ടെന്ന് പൊലിസ് പറയുന്നു. സെപ്റ്റംബർ 27 രാവിലെ ഏഴിന് രോഹിത് കുമാർ ഹോട്ടലിൽ പ്രവേശിക്കുന്നതായി സിസിടിവിയിൽ വ്യക്തമാണ്. തുടർന്ന് ഏഴരയ്ക്ക് പരാതിക്കാരിയായ യുവതി ഒറ്റയ്ക്കാണ് ഹോട്ടലിലേക്ക് എത്തിയത്. ഇരുവരും ചേർന്ന് പിന്നീട് മുറിയിലേക്ക് പ്രവേശിക്കുകയും ഉച്ചയ്ക്ക് 12:30 ന് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിക്രം കുമാർ സാഹ്നി, രോഹിത് കുമാർ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഫോൺ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags : Deepika Rape Woman Knife Video Arrest