കൊല്ലപ്പെട്ട കല്യാണി, അറസ്റ്റിലായ മുഹമ്മദ് ഷാഫി
അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കാമുകൻ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി. മംഗളഗിരി സ്വദേശി കല്യാണി (35) കൊല്ലപ്പെട്ട സംഭവത്തിൽ ഇറച്ചിക്കച്ചവടക്കാരനായ കാമുകൻ മുഹമ്മദ് ഷാഫിയെ (35) പൊലിസ് അറസ്റ്റ് ചെയ്തു. പണത്തെയും കല്യാണിയുടെ കുട്ടിയെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
കുടുംബത്തിൽ നിന്നും മാറി താമസിക്കുകയായിരുന്ന കല്യാണിയും കുട്ടിയും ഇറച്ചിക്കച്ചവടക്കാരനായ മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലാവുകയും ഇയാളുടെ സംരക്ഷണയിൽ കഴിയുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ കുട്ടിയെക്കുറിച്ചും പണത്തെക്കുറിച്ചും നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നു.
സെപ്റ്റംബർ 17-ന് ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ ഷാഫി ഭവാനിപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും എളുപ്പത്തിൽ ഒളിപ്പിക്കാനും വേണ്ടി ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ഷാഫി കല്യാണിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും വെട്ടിമാറ്റി. തുടർന്ന് ഇവ ചാക്കിലാക്കി ഗോല്ലാപ്പുടിലുള്ള കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.
സെപ്റ്റംബർ 18-ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷന്റെ കനാലിൽ നിന്നും അജ്ഞാത ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആന്ധ്രയിലും പരിസര പ്രദേശങ്ങളിലും കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ, മരിച്ചയാളുടെ കൈയിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും കണ്ട് കല്യാണിയുടെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി പിടിയിലായത്.
ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കനാലിൽ നടത്തിയ തെരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു കൈ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഷാഫി ഉൾപ്പെടെ മൂന്ന് പേർ നിലവിൽ പൊലിസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Tags : Deepika Crime Police Arrest Murder Body Canal