പ്രതീകാത്മക ചിത്രം
സാന്ഫ്രാൻസിസ്കോ: സിലിക്കൺ വാലിയിലെ പ്രമുഖ നിക്ഷേപകരും ബിസിനസുകാരും ഉൾപ്പെടെ നൂറിലധികം പേർക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളുമായി രഹസ്യ 'വിസ്പർ നെറ്റ്വർക്ക്' രേഖ പുറത്തുവന്നതായി റിപ്പോർട്ട്. ലൈംഗികാതിക്രമങ്ങളിൽ നിന്നും ബലാത്സംഗങ്ങളിൽ നിന്നും പരസ്പരം മുന്നറിയിപ്പ് നൽകാൻ സിലിക്കൺ വാലിയിലെ സ്ത്രീകൾ ഉപയോഗിക്കുന്ന രഹസ്യ സ്പ്രെഡ്ഷീറ്റിലാണ് ഈ വിവരങ്ങളുള്ളത്. 'ന്യൂയോർക്ക് പോസ്റ്റ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
തൊഴിലിടങ്ങളിലെയും വ്യക്തിപരവുമായ ബന്ധങ്ങളിലെയും അതിരുകൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും യുവ വനിതാ ജീവനക്കാർ നേരിടുന്ന ഭയങ്ങളെക്കുറിച്ചും ഈ രേഖ വെളിപ്പെടുത്തുന്നു. പ്രമുഖ വ്യക്തികൾക്കെതിരെ പരസ്യമായി പരാതി നൽകിയാൽ കരിയർ നശിക്കുമെന്ന ഭയം കൊണ്ടാണ് ഇത്തരം വിവരങ്ങൾ രഹസ്യമായി കൈമാറുന്നതെന്ന് ഇരകളായ സ്ത്രീകൾ വ്യക്തമാക്കുന്നു. സിലിക്കൺ വാലിയിലെ പ്രമുഖ 'ഹാക്കർ ഹൗസുകളിലും' ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
യെഹോങ് ഷു ഉൾപ്പെടെയുള്ള ചില സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ ഇതിനോടകം പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ചില സ്ഥാപനങ്ങൾ ഈ പരാതികളോട് കർശന നടപടികളിലൂടെ പ്രതികരിച്ചപ്പോൾ, മറ്റ് ചിലയിടങ്ങളിൽ പരാതികൾ ഒതുക്കിതീർക്കാൻ ശ്രമങ്ങളുണ്ടായതായും ആരോപണങ്ങളുണ്ട്.
Tags : Silicon Valley Whisper Network Sexual Misconduct Tech Industry Hacker Houses Allegations Investors