പ്രതീകാത്മക ചിത്രം
ഇൻഡോർ: മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി പ്രവാസികളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് 11 കോടിയിലധികം രൂപ തട്ടിയ അന്തർസംസ്ഥാന സൈബർ കുറ്റകൃത്യ സംഘം മധ്യപ്രദേശിൽ പിടിയിൽ. രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ നിന്നായി ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. രാജ്യാന്തര ബന്ധങ്ങളുള്ള ഈ സംഘം നൂറിലധികം കേസുകളിൽ ഇതേരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
മന്ദ്സൗർ ജില്ലയിലെ ഷാംഗർദ് സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട എൻആർഐ യുവാവ് വിവാഹാലോചനയെന്ന വ്യാജേന 7.5 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് ബന്ധുക്കളെന്ന വ്യാജേന മറ്റ് സംഘാംഗങ്ങളെയും ഇവർ യുവതിക്ക് പരിചയപ്പെടുത്തി. വിദേശത്തുനിന്നും അയച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ കസ്റ്റംസ് പിടികൂടിയെന്നും, നികുതിയും മറ്റ് ചാർജുകളും അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. ചിലർ കസ്റ്റംസ് ഉദ്യോഗസ്ഥ ചമഞ്ഞും യുവതിയെ ഭീഷണിപ്പെടുത്തി.
150-ലധികം മ്യൂൾ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ സിം കാർഡുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജയ്പൂരിൽ നിന്ന് അഞ്ച് പേരെയും ബിഹാറിലെ അർവാൾ ജില്ലയിൽ നിന്ന് മുഖ്യപ്രത്രിയെയുമാണ് പൊലിസ് പിടികൂടിയത്. ആഗ്ര, ഡൽഹി, ഭോപ്പാൽ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും സംഘടിപ്പിക്കുന്നതും, പണം പിൻവലിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതുമാണ് ഇവരുടെ രീതിയെന്ന് പൊലിസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് ആൻഡ്രോയിഡ് ഫോണുകളും സിം കാർഡുകളും എടിഎം കാർഡുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags : Madhya Pradesh Matrimonial Fraud Cyber Crime Mandsaur NRI Scam Police Arrest Mule Accounts