പരിശോധനയിൽ കണ്ടെടുത്ത പണവും സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും
പാറ്റ്ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ അനധികൃത സ്വത്ത് കണ്ടെടുത്തു. കണക്കിൽപെടാത്ത പണവും സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും വിവിധ വസ്തുവകകളുടെ രേഖകളുമാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്.
പാറ്റ്നയിലെ എഡിഎം രവീന്ദ്ര കുമാർ ദിവാകർ, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പൂരിലെ ജില്ലാ സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ പാറ്റ്നയിലും ബെഗുസരായിയിലുമുള്ള വസതികളിലാണ് തിങ്കളാഴ്ച വിജിലൻസ് റെയ്ഡ് നടന്നത്. വിജിലൻസ് ഡിഐജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.
പാറ്റ്നയിലെ വസതിയിൽ നിന്ന് 70 ലക്ഷം രൂപയും ആറ് ലക്ഷം രൂപയോളം വിലമതിക്കുന്ന 48 ആഡംബര വാച്ചുകളും ലഭിച്ചു. ബെഗുസരായിയിലെ കുടുംബവീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും സ്വർണ്ണ-വെള്ളി ആഭരണങ്ങളും കണ്ടെത്തി. പാറ്റയിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ, ഭാര്യയുടെയും പിതാവിന്റേയും പേരിൽ വാങ്ങിയ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകൾ, ഇതിനുപുറമെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിക്ഷേപ രേഖകളും ഭൂമി ഇടപാടുകളുടെ പ്രമാണങ്ങളും ഉൾപ്പെടെ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പിടിച്ചെടുത്ത പണത്തിന്റെയും ആഭരണങ്ങളുടെയും കൃത്യമായ മൂല്യം വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുറ്റം തെളിഞ്ഞാൽ ദമ്പതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.
Tags : Deepika BreakingNews VigilanceRaid Cash LuxuryItem