National
ബംഗുളൂരു: കർണാടകയിൽ മുൻ ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങാൻ സുഹൃത്തിനെ കൊലപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. വെൽഡറായ പുട്ടരാജ് ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 19 ന് ഒരു ധനകാര്യ കമ്പനി നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഷാഫി, പുട്ടരാജുവിനെ വിളിച്ചുവരുത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ 2.5 ലക്ഷം രൂപയുമായാണ് പുട്ടരാജു വീട്ടിൽനിന്നിറങ്ങിയത്.
തുടർന്ന് രാത്രിയോടെ പ്രതി പുട്ടരാജുവിനെ ബൈക്കിൽ കയറ്റി ഹൊന്നവള്ളിക്ക് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ച്, വടിവാൾ ഉപയോഗിച്ച് പുട്ടരാജുവിനെ കൊലപ്പെടുത്തുകയും പണവുമായി കടന്നുകളയുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ, ഇതുവഴി പോയ പാൽ വിൽപ്പനക്കാരൻ മൃതദേഹം കാണുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. തുടരന്വേഷണത്തിൽ പുട്ടരാജു അവസാനമായി ബന്ധപ്പെട്ടത് ഷാഫിയെ ആണെന്ന് കണ്ടെത്തുകയും അന്വേഷണം ഇയാളിലേക്ക് എത്തുകയുമായിരുന്നു.
കൊലപാതകം നടത്തിയ ശേഷം, ഷാഫി തന്റെ മുൻഭാര്യയെ അരസിക്കെരെയിലെ ഒരു ലോഡ്ജിൽ വച്ച് കണ്ടുമുട്ടുകയും ഇവർക്ക് 60,000 രൂപ നൽകുകയും ചെയ്തു. പിന്നീട് ഇവർക്ക് ഒരു ടിവി വാങ്ങി നൽകിയെന്നും പോലീസ് കണ്ടെത്തി. പോലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു.
ഷാഫിയും പുട്ടരാജുവും ഏഴ് വർഷമായി സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
ഗാന്ധിനഗർ: അഹമ്മദാബാദിലെ കുബേർനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛാരൻനഗർ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്.
ഭാരതി വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയിട്ടുണ്ട്. ഭാരതിയുടെ അയൽവാസി വീടിന്റെ വാതിൽ പലതവണ തട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മകൻ ഹിതിഷ് ബജരംഗിനെ വിവരം അറിയിക്കുകയായിരുന്നു.
ഹിതിഷും കുടുംബവും വാതിൽ തകർന്ന് അകത്തു കയറിയപ്പോൾ കട്ടിലിന് സമീപം ഭാരതിയെ തുണികൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. തലയ്ക്ക് സമീപം രക്തം പുരണ്ട തലയിണ കണ്ടെത്തിയിട്ടുണ്ട്.
ലോക്കറിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിന് പിൻവശത്തെ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നുവെന്ന് ഹിതേഷ് പോലീസിനോട് പറഞ്ഞു. ഹിതേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂര്‍: സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് യുവതി. തൃശൂർ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും സംഘം അപഹരിച്ചത്.
ആക്രമത്തിന് നേതൃത്വം നൽകിയ യുവതി ഈ സ്പായിൽ ജോലി ചെയ്തിരുന്നു. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു. പുലർച്ചെ തന്നെ എട്ടംഗസംഘത്തെ പോലീസ് പിടികൂടി.
കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബംഗുളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.
ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗുളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയിലുണ്ടെന്ന് ഇവര്‍ അറിഞ്ഞത്.
തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
National
മുംബൈ: പോലീസെന്ന വ്യാജേന കെനിയൻ യുവതിയിൽ നിന്നും പണം കവർന്നയാൾ അറസ്റ്റിൽ. മുംബൈയിലെ ഫോർട്ട് ഏരിയയിലാണ് സംഭവം.
സുരേഷ് രംഗനാഥ് ചവാൻ(48) ആണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച താനെയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതിയെ പോലീസ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
60 സിസിടിവി കാമറകൾ പരിശോധിച്ചതിന് ശേഷമാണ് മാതാ രമാഭായ് അംബേദ്കർ മാർഗ് പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം ചവാനെ കണ്ടെത്തിയത്.
ജനുവരി 21 ന് എംജി റോഡിലെ അലാന സെന്റർ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. കെനിയൻ യുവതിയായ സുമയ്യ മുഹമ്മദ് അബ്ദി (26) സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞുനിർത്തിയ ഇരുവരും പോലീസുകാരാണെന്ന് അവകാശപ്പെട്ടു.
തുടർന്ന് ഇവരുടെ സാധനങ്ങൾ പരിശോധിക്കാനെന്ന വ്യാജേന 66.45 ലക്ഷം രൂപ അടങ്ങിയ രണ്ട് ബാഗുകൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനായി ലോക്കൽ പോലീസ് സ്റ്റേഷനിൽ വരാൻ ഇരുവരും യുവതിയോട് ആവശ്യപ്പെടുകയും ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോലീസ് നടത്തിയ പരിശോധനയിൽ ചവാന്റെ പക്കൽ നിന്നും 79.35 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
District News
തൃപ്രയാര്‍: 'ഞങ്ങളുടെ പ്രാർഥനയിൽ എന്നും യൂസഫലി സാറും കുടുംബവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമുണ്ടാകും'. സെന്റ് ജൂഡ് ദേവാലയത്തിനായി എം.എ. യൂസഫലി തൃപ്രയാർ വൈ മാളിന്റെ ലാഭവിഹിതത്തിൽ നിന്ന് പ്രഖ്യാപിച്ച സാമ്പത്തിക സഹായമായ അഞ്ച് ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങി കൊണ്ടാണ് വികാരി ഫാദർ ടെസ് ജേക്കബ് കുന്നപ്പള്ളി ഹൃദയസ്പർശിയായ വാക്കുകൾ പറഞ്ഞത്.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി വൈ മാൾ ഉദ്ഘാടന വേളയില്‍ തന്റെ ജന്മനാട്ടിലെ ആരാധനാലയങ്ങൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിന് കൈമാറിയത്.
തൃപ്രയാർ ശ്രീരാമക്ഷേത്രം, തൃപ്രയാർ സെന്റ് ജൂഡ് ദേവാലയം, നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എല്ലാ വർഷവും വൈമാളിൽ നിന്നുള്ള ലാഭവിഹിതം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് മുൻ വർഷങ്ങളിൽ നൽകിയിരുന്നത്. ഇത്തവണ അത് അഞ്ച് ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. ചെക്ക് കൈമാറിയപ്പോൾ ദേവാലയത്തിലെ വികാരിക്കും ഭാരവാഹികൾക്കും എം.എ. യൂസഫലിയോടുള്ള നന്ദി കേവലം വാക്കുകളിൽ ഒതുങ്ങിയില്ല.
എം.എ. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ ചേർന്നായിരുന്നു ചെക്ക് കൈമാറിയത്.
തൃപ്രയാർ സെന്റ് ജൂഡ് ദേവാലയം ട്രസ്റ്റി അംഗങ്ങളായ റോബിൻസൺ സി.ജെ. ചുങ്കത്ത്, സോണി സി. ആന്റണി ചാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു. വൈ മാളിന്റെ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കോവിഡ് സമയത്ത് മുടങ്ങിയെങ്കിലും അതു കൂടി ചേർത്തുള്ള സഹായം പിന്നീടുള്ള വർഷങ്ങളിൽ എം.എ. യൂസഫലി ആരാധനാലയങ്ങൾക്ക് നൽകി.
Kerala
കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.
രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.
പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.
രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ തട്ടിയെടുത്തു. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്.
കള്ളപ്പണ ഇടപാട് നടത്തിയെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മുംബൈ സൈബര്‍ ക്രൈം പോലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്.
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
റിസര്‍വ് ബാങ്കിന്റേതെന്ന വ്യാജേന നല്കിയ അക്കൗണ്ടുകളിലേക്ക് ഒക്ടോബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഡോക്ടര്‍ പണം കൈമാറുകയായിരുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.
നീണ്ട രണ്ട് മാസം ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം അവസാനിക്കുന്നത് വരെ ആര്‍ബിഐ അക്കൗണ്ടില്‍ പണം സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നല്‍കുമെന്നുമാണ് ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
National
നോയിഡ: വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച് നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച വീട്ടുജോലിക്കാരൻ അറസ്റ്റിൽ. നോയിഡയിലാണ് സംഭവം.
എട്ട് ലക്ഷം രൂപയും 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. നേപ്പാൾ സ്വദേശിയായ ഗണേഷ് ഘർത്തി മഗത്തിയാണ് വ്യാഴാഴ്ച രാത്രി ഐഎസ്ബിടി കാഷ്മീരി ഗേറ്റിന് സമീപത്ത് നിന്നും പിടിയിലായത്.
രണ്ട് ദിവസമായി ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ കാഷ്മീരി ഗേറ്റിൽ നിന്ന് നേപ്പാളിലേക്ക് ബസ് കയറാൻ പദ്ധതിയിട്ടിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ അന്വേഷണസംഘം സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഏകദേശം 11 ലക്ഷം രൂപയുടെ കടബാധ്യത കാരണം അയാൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില്‍ അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.