ന്യൂഡൽഹി: ഡൽഹി ജൽ ബോർഡുമായി (ഡിജെബി) ബന്ധപ്പെട്ട അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. കേസിൽ ആഗസ്റ്റ് 19 മുതൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് സ്പെഷ്യൽ ജഡ്ജ് ദിഗ് വിനയ് സിംഗ് ജാമ്യം അനുവദിച്ചത്. വാക്കാൽ പുറപ്പെടുവിച്ച വിധിയിൽ ജാമ്യാപേക്ഷ അനുവദിച്ചതായി കോടതി വ്യക്തമാക്കി. വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
സത്യേന്ദർ ജെയിൻ ഡൽഹി ജലവിഭവ മന്ത്രിയായിരിക്കെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്. രോഹിണിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ (എസ്ടിപി) ശേഷി സാങ്കേതിക പഠനം നടത്താതെ 15 ദശലക്ഷം ഗാലനിൽ നിന്ന് 30 ദശലക്ഷം ഗാലനായി ഉയർത്തിയെന്നും, ഇത് 123 കോടി രൂപയുടെ അധികച്ചെലവിന് കാരണമായെന്നും ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) ആരോപിച്ചിരുന്നു.
ഇടനിലക്കാർ വഴി കമ്മിഷൻ പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.