x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുണ്ടംവേലി ലൈഫ് ഫ്‌ളാറ്റ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം; സ്വാഗതം ചെയ്ത് സമരസമിതി

കൊച്ചി ബ്യൂറോ
Published: September 30, 2026 02:29 PM IST | Updated: September 30, 2026 02:29 PM IST

മുണ്ടംവേലിയിലെ ലൈഫ് ഫ്‌ളാറ്റ് (File photo)

കൊച്ചി: മുണ്ടംവേലി ലൈഫ് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് പ്രാഥമിക അന്വേഷണം നടത്താനുള്ള അനുമതിയാണ് ആഭ്യന്തര വകുപ്പ് നല്‍കിയിട്ടുള്ളത്.

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഫ്‌ളാറ്റ് നിവാസികളുടെ സമരസമിതി സ്വാഗതം ചെയ്തു. അന്വേഷണത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് സമരസമിതി പറഞ്ഞു. അതേസമയം, 2024ല്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിര്‍മാണ തകരാറുകള്‍ കണ്ടെത്തിയത്.

നിര്‍മാണത്തിലെ അപാകതയും ശോചനീയാവസ്ഥയും കാരണം മൂന്നു വര്‍ഷത്തിലേറെയായി ദുരിതം അനുഭവിക്കുകയാണ് ഫ്ലാറ്റ് നിവാസികള്‍. ഒരു ചടങ്ങില്‍ പ്രസംഗിക്കവെ ഫ്ലാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ, ഭരണം മാറിയപ്പോള്‍ താമസക്കാര്‍ ഒതളങ്ങ പോലെ തിരിഞ്ഞു എന്ന് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.ജെ. മാക്സി പറഞ്ഞത് വിവാദമായിരുന്നു. കെ.ജെ. മാക്സി പരസ്യമായി മാപ്പ് പറയണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സൗത്ത് റെയില്‍വേയ്ക്ക് സമീപം പേരണ്ടൂര്‍ കനാലിന്‍റെ കൈവരിയ്ക്കരികെ താമസിച്ചിരുന്ന പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാനായി ജിസിഡിഎ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഫ്ലാറ്റ് നിര്‍മിച്ചത്. എന്നാല്‍ സ്റ്റീല്‍ സ്ട്രക്ചറില്‍ നിര്‍മിച്ച കെട്ടിടത്തിന് വ്യാപകമായി വിള്ളല്‍ രൂപപ്പെട്ടു.

മുകളിലുള്ള അപ്പാര്‍ട്ട്മെന്‍റിലെ കക്കൂസ് മലിനജലം താഴേ നിലയിലുള്ളവരുടെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കുമാണ് ഒലിച്ചിറങ്ങിയത്. മഴക്കാലത്ത് ചോര്‍ച്ച വ്യാപകമായി. പരിശോധനകള്‍ നടന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഫ്ലാറ്റ് നിവാസികള്‍ ജിസിഡിഎ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പിന്നാലെയാണ് ഫ്ലാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Tags : Vigilance Probe Mundamveli Protest

Recent News

Corehub Up