കെ. ജയകുമാർ
പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിയില്‍ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ. വിഷയത്തില്‍ സംഘടിത ബ്ലാക്ക് മെയിലിംഗിന് നിന്ന് കൊടുക്കില്ലെന്ന് ജയകുമാർ വ്യക്തമാക്കി.
ടെന്‍ഡര്‍ ചോരുന്നത് അത്ഭുതകരമായ കാര്യമല്ലെന്നും ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങള്‍ അങ്ങനെ ചോരുമെന്നും അദ്ദേഹം തുറന്നടിച്ചു. ടെന്‍ഡര്‍ ചോര്‍ന്നതില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റീ ടെന്‍ഡര്‍ വിളിച്ചിരുന്നു. സന്നിധാനത്തെ 210 കടമുറികളുടെയാണ് റീ ടെന്‍ഡര്‍ വിളിച്ചത്. ശബരിമലയിലെ കടമുറികള്‍ക്കായുള്ള ടെന്‍ഡര്‍ വിവരം ചോര്‍ന്നതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു.
ടെന്‍ഡര്‍ വിവരം കരാറുകാര്‍ക്ക് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് അന്വേഷണ നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്നാണ് വിജിലന്‍സിന്റെ
കണ്ടെത്തൽ. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലന്‍സ് എസ്പി സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്.
Tags : Sabarimala tender sabotage K. Jayakumar action