പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കുടുംബവഴക്ക് തടയാൻ ശ്രമിച്ച പതിനേഴുകാരിയെ പിതാവ് അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ രാജേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചാണക വറട്ടികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷ് യാദവും സഹോദരന്റെ ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതർക്കം പിന്നീട് പരസ്യമായ കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.
സ്ഥിതിഗതികൾ വഷളായപ്പോൾ വഴക്ക് അവസാനിപ്പിക്കാനായി രാജേഷിന്റെ മകൾ ഇടപെട്ടു. പ്രകോപിതനായ പ്രതി മകളെ തള്ളിയിടുകയും, തുടർന്ന് കന്നുകാലികളെ കെട്ടാൻ ഉപയോഗിക്കുന്ന തടിക്കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നുവീണ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika BreakingNews beat death