National
ചണ്ഡീഗഡ്: ഹരിയാനയിലെ ദൗലത്താബാദിൽ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. അമൻ (23) എന്ന യുവാവാണ് സഹോദരൻ ആശിഷി (26) നെ കൊലപ്പെടുത്തിയത്.
ആശിഷ് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്ന ദിവസം ആശിഷിനൊപ്പം മദ്യപിക്കാനായി മറ്റൊരാൾ കൂടി വീട്ടിലെത്തിയിരുന്നു. ഇയാളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ അമാൻ ആവശ്യപ്പെട്ടതോടെ സഹോദരങ്ങൾ തമ്മിൽ തർക്കിക്കാൻ തുടങ്ങി. ഇതിനിടെ അമാൻ ഇഷ്ടിക ഉപയോഗിച്ച് ആശിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആശിഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അമാനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ.
രാജൻ നെറ്റോ (47) എന്നയാളെ തുമ്പ പോലീ ആണ് പിടികൂടിയത്. കുടുംബത്തെ ആക്രമിക്കുന്നതിനാൽ പ്രതിക്കെതിരെ കോടതിയിൽ നിന്നുമുള്ള പ്രൊട്ടക്ഷൻ ഓർഡർ നിലവിലുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത്.
വീട്ടിൽ കയറിയ പ്രതി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. രാജൻ നെറ്റോ തുമ്പ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. കൂടാതെ ഇയാൾക്കെതിരെ തുമ്പ സ്റ്റേഷനിൽ തന്നെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനെ ചൊല്ലി ഭാര്യയെ സോഫ്റ്റ്വെയർ എൻജിനീയറായ യുവാവ് മർദിച്ചു. 850 രൂപ വിലവരുന്ന ഒരു പെട്ടി മാമ്പഴത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഭാര്യയെ മർദിക്കുകയുമായിരുന്നു.
മാമ്പഴം വിൽക്കുന്നയാൾക്ക് പണം നൽകാനായി യുവതി ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്. പണം നൽകാൻ ഭർത്താവ് വിസമ്മതിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭാര്യ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങി. ഇതിൽ കോപാകുലനായ ഭർത്താവ് യുവതിയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. യുവതിയുടെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ പോലീസ് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് അയച്ചു.
Kerala
ചിറ്റൂർ: കോഴിയിറച്ചി മുഴുവനും കഴിച്ചതിന്റെ വൈരാഗ്യത്തിൽ അമ്മാവനെ മരുമകൻ പിവിസി പൈപ്പുകൊണ്ട് അടിച്ചുകൊന്നു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ടകൗണ്ടന്നൂർ ശെന്തിൽകുമാർ(45) ആണ് മരിച്ചത്.
അക്രമത്തിനുശേഷം ബൈക്കിൽ തമിഴ്നാട്ടിലേക്കു കടന്ന ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ(33) കൊഴിഞ്ഞാമ്പാറ പോലീസ് വേലന്താവളം വഴുക്കല്ലിൽനിന്നു പിടികൂടി. വഴുക്കല്ലിലെ തോട്ടത്തിൽ പശുവിനെ നോക്കുന്ന ജോലി ചെയ്യുന്നയാളാണ് പ്രഭാകരൻ.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരി ശാന്തിയുടെ കുടുംബത്തോടൊപ്പമാണ് താമസം.
ശെന്തിൽകുമാറും ശാന്തിയുടെ മകൻ പ്രഭാകരനും ഒരുമിച്ചു മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. കറിവച്ച കോഴിയിറച്ചി ശെന്തിൽകുമാർ ഉച്ചയ്ക്കുതന്നെ മുഴുവനും കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
ഇതിനിടെ പ്രഭാകരൻ ബോർവെല്ലിന് ഉപയോഗിക്കുന്ന കട്ടികൂടിയ പിവിസി പൈപ്പ് എടുത്ത് ശെന്തിൽകുമാറിന്റെ കഴുത്തിന് അടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
National
ബംഗളൂരു: കുടുംബ വഴക്കിനെത്തുടർന്ന് ബന്ധുക്കളുടെ മർദമേറ്റ് വീട്ടമ്മ മരിച്ചു. അടുഗോഡി സ്വദേശിനി മഗേശ്വരി (45) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഗേശ്വരിയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് മണികിരൺ, ഇയാളുടെ പിതാവ് മണിവണ്ണൻ, സുഹൃത്തുക്കളായ മണിരാജ്, അഭിഷേക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മഗേശ്വരിയുടെ സഹോദരിയുടെ മകൾ ചാരുലതയെയാണ് മണികിരൺ വിവാഹം കഴിച്ചത്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് ചാരുലത മഗേശ്വരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ചാരുലതയെ തിരികെ കൊണ്ടുപോകാൻ മണികിരൺ പലതവണ ശ്രമിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചിരുന്നു. ചാരുലതയെ കൊണ്ടുപോകാനായി മണികിരണും മണിവണ്ണനും സുഹൃത്തുക്കളും മഹേശ്വരിയുടെ വീട്ടിലെത്തി. ഇതു തടയാൻ ശ്രമിച്ച മഹേശ്വരിയെ സംഘം ഇരുന്പ് വടികൊണ്ടടിക്കുകയും പലതവണ കുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ മഹേശ്വരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ഇടുക്കി: മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
15കാരനായ കുട്ടിക്കാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു.
വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ തല്ലിയതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ രത്തന്‍പുരിൽ പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. സംഭവത്തിൽ പുഷ്പേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്പേന്ദ്രയോട് പറഞ്ഞിരുന്നു. തുടർന്ന് കോപാകുലനായ ഇയാൾ മകളെ വടികൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരതി പോലീസിനോട് പറഞ്ഞു.
കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരുവിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ അടിച്ചു കൊന്നു. കൊൽക്കേരി സ്വദേശി വി. കിരൺ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ എസ്. യുവരാജ് (28), സുഹൃത്ത് എസ്. ഗംഗാരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി കിരൺ യുവരാജിനോട് പണം ആവശ്യപ്പെട്ട് ശല്യം ചെയ്തിരുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കിരണം പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
സംഭവം നടക്കുന്ന ദിവസം യുവരാജും ഗംഗാരാജും സഞ്ചരിക്കുന്ന ഓട്ടോ കിരൺ തടഞ്ഞുനിർത്തി വീണ്ടും പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് കോപാകുലനായ യുവരാജ് ഓട്ടോയിലുണ്ടായിരുന്ന ജാക്കി ഉപയോഗിച്ച് കിരണിന്റെ തലയിൽ അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കിരൺ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പിന്നീട് റോഡിൽ കിടക്കുന്ന കിരണിന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികുടി.
കൊല്ലപ്പെട്ട കിരൺ മുന്‍പ് പണത്തിനായി ആളുകളെ ആക്രമിച്ചതിന്റെ പേരിൽ മൂന്ന് കേസുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Sports
ഡുനെഡിൻ: സിംബാബ്വെ വനിതകൾക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡ് വനിതകൾ. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് കിവീസ് വനിതകൾ പരമ്പര തൂത്തുവാരിയത്. ആദ്യ മത്സരത്തിൽ 180 റൺസിനും രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനുമാണ് ന്യൂസിലൻഡ് വനിതകൾ വിജയം നേടിയത്.
മൂന്നാം മത്സരത്തിൽ 200 റൺസിനാണ് ന്യൂസിലൻഡ് വനിതകൾ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വനിതകൾ ഉയർത്തിയ 304 റൺസ് പിന്തുടർന്ന സിംബാബ്വെ വനിതകൾ 27.1 ഓവറിൽ 103 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
34 റൺസെടുത്ത ലൊറീൻ ടിഷുമയ്ക്കും 22 റൺസെടുത്ത ചിമോ മുഗേരിയ്ക്കും മാത്രമാണ് സിംബാബ്വെ നിരയിൽ തിളങ്ങാനായത്. ബിലോവ്ഡ് ബിസ 15 റൺസ് സ്കോർ ചെയ്തു.
ന്യൂസിലൻഡ് വനിതകൾക്ക് വേണ്ടി ക്യാപ്റ്റൻ അമേലിയ കെർ അഞ്ച് വിക്കറ്റെടുത്തു. റോസ്മേരി മയർ രണ്ട് വിക്കറ്റും ജെസ് കെർ, ബ്രീ ലിംഗ്, നെൻസി പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വനിതകൾ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 303 റൺസെടുത്തത്. അമേലിയ കെറിന്റെയും മാഡി ഗ്രീനിന്റെയും അർധ സെഞ്ചുറികളുടെയും ബ്രൂക്ക് ഹാലിഡെയുടെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
94 റൺസെടുത്ത മാഡി ഗ്രീൻ ആണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 12 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. അമേലിയ കെർ 80 റൺസാണെടുത്തത്. ബ്രൂക്ക് ഹാലിഡെ 40 റൺസ് സ്കോർ ചെയ്തു.
സിംബാബ്വെ വനിതകൾക്ക് വേണ്ടി ക്രിസ്റ്റബെൽ ചടോൻസ്വ രണ്ട് വിക്കറ്റ് എടുത്തു. ടെൻഡയ് മകൂസോ അഡെൽ സിമുനു പ്രെസിയസ് മരാംഗെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ശേഷം യുവതിയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
സംഭവത്തില്‍ നോര്‍ത്ത് പറവൂര്‍ ചാലാക്ക സ്വദേശിനി സഫാന ഷുക്കൂര്‍ (27), ഇവരുടെ കാമുകന് അമല്‍ വേണുഗോപാല്‍ (32), സുഹൃത്തുക്കളായ ജോണ്‍ രാഹുല്‍ (23), ആനന്ദ് മുരുകന് (29) എന്നിവരാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവരില്‍ സഫാന സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്പ് ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും.
കൊല്ലം നല്ലില സ്വദേശിയും ബധിരനും മൂകനുമായ അമല്‍ ദേവ്( 30) ആണ് ക്രൂര മര്‍ദനത്തിന് ഇരയായത്. വാരിയെല്ലിനു പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനെതിരെയാണ് ഗുരുതര ആരോപണം.
ബൈക്ക് മോഷണ കേസിൽ കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് പോലീസിന് കൈമാറിയ ജിനു ബേബിയ്ക്കും ഉണ്ണിക്കുമാണ് മര്‍ദനമേറ്റത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയിന്മേൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.
ഇതിന്റെ പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി. പോലീസുകാരന്റെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു.
National
ലക്നോ: ഭക്ഷണം വിളമ്പാൻ വൈകിയതിന് മാനസിക വൈകല്യമുള്ള യുവാവ് വൃദ്ധയായ മാതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ജെവാറിലാണ് സംഭവം.
ബുധനാഴ്ചയാണ് സംഭവം. കിഷൻ എന്നയാൾ മാതാവ് രുക്മിണിയെ ലോഹ പാത്രം കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
രുക്മിണി പാകം ചെയ്തുകൊണ്ടിരുന്നപ്പോൾ കിഷൻ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയാറാകാൻ വൈകി. ഇതിൽ കുപിതനായ കിഷൻ, വീട്ടിലുണ്ടായിരുന്ന ലോഹം പാത്രം ഉപയോഗിച്ച് രുക്മിണിയുടെ തലയിൽ ഒന്നിലധികം തവണ അടിച്ചു.
സംഭവമറിഞ്ഞ അയൽവാസികൾ രുക്മണിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കിഷൻ ആഗ്രയിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ജെവാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിന് ഏകദേശം അഞ്ച് ദിവസം മുമ്പാണ് ഇയാൾ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രുക്മിണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും തങ്ങളത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാനർ പിടിച്ച ഒരാൾ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലുകയായിരുന്നു. സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് തോന്നുന്നു. ആ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഇത് ഞങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്. ബോധപൂർവം കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയത്. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങൾക്ക് സഭ അപലപിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന് രണ്ട് തവണ നിയമസഭാ നടപടികൾ നിർത്തിവച്ചിരുന്നു. അൻവർ സാദത്ത് എംഎൽഎ സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ചതുൾപ്പടെ നാടകീയ സംഭവങ്ങൾക്കാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്.
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
Kerala
കൊച്ചി: ഒരു വർഷത്തില്‍ കൂടുതലായി നിയമ പോരാട്ടം നടത്തുകയാണെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാൻ നിയമ പോരാട്ടം നടത്തിയെന്നും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ മർദനമേറ്റ ഷൈമോൾ എൻ.ജെ.
രണ്ട് പേരെ മർദിച്ച് ജീപ്പില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ഷൈമോളുടെ ഭർത്താവ് പകർത്തിയിരുന്നു. പിന്നാലെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയി. വിവരമറിഞ്ഞ് കുട്ടികളുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഭർത്താവിനെ മർദിക്കുന്നതാണ് കണ്ടതെന്ന് ഷൈമോൾ പറയുന്നു.
കരഞ്ഞ് നിലവിളിച്ച് ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ നെഞ്ചത്ത് പിടിച്ച് തള്ളി, മുഖത്ത് അടിച്ചു. ഭർത്താവിന്റെ തലയ്ക്കും അടിച്ചു. തുടർന്ന് ആശുപത്രിയില്‍ പോയി. എന്നാല്‍ തനിക്കെതിരെ പോലീസ് കള്ളക്കേസിട്ടു.
സ്റ്റേഷൻ ആക്രമിച്ചു, പോലീസ് ഉദ്യോഗസ്ഥനെ മാന്തി പരിക്കേല്‍പ്പിച്ചു എന്നൊക്കെ ആരോപിച്ചായിരുന്നു കേസ് എടുത്തത്. സത്യം സമൂഹത്തിന് മുന്നില്‍ തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ദൃശ്യങ്ങൾ ലഭിച്ചത് എന്നും ഷൈമോൾ പറയുന്നു.
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഗർഭിണിയായിരുന്ന ഷൈമോളെ മർദിച്ചത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് ഷൈമോൾക്ക് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
Kerala
കൊല്ലം: ചാത്തിനംകുളത്ത് ഹോം വർക്ക് ചെയ്തില്ലെന്ന കാരണത്താൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ തുട അടിച്ചു പൊട്ടിച്ച് അധ്യാപകൻ. ചാത്തിനാംകുളം എംഎസ്എം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.
ഡിസംബർ 11 നായിരുന്നു സംഭവം. കുട്ടിയുടെ കൈകൾ രണ്ടും ഡസ്കിന് പുറത്ത് പിടിച്ചു വെച്ച ശേഷം പിൻഭാഗത്തായി പല തവണ അടിയ്ക്കുകയായിരുന്നു. കരയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രാകൃത രീതിയിലുള്ള മർദനമുറ.
വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാവ് കുളിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തുട പൊട്ടി ചോരയൊലിച്ചതായി കണ്ടത്. ഉടൻ തന്നെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ചൈൽഡ് ലൈനിലും പരാതി നൽകി.
എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും അന്വേഷണം പോലും കാര്യമായി നടക്കുന്നില്ലെന്നാണ് രക്ഷിതാവിന്റെ ആരോപണം. ഇതിനിടെ പരാതി പിൻവലിക്കാൻ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തുകയാണന്നും രക്ഷിതാക്കൾ പറയുന്നു.
കടുത്ത മാനസിക സമ്മർദത്തിലാണ് കുട്ടി. മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കുമടക്കം വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. വിഷയം ഏറ്റെടുത്ത് വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.