ഡുനെഡിൻ: സിംബാബ്വെ വനിതകൾക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡ് വനിതകൾ. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് കിവീസ് വനിതകൾ പരമ്പര തൂത്തുവാരിയത്. ആദ്യ മത്സരത്തിൽ 180 റൺസിനും രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനുമാണ് ന്യൂസിലൻഡ് വനിതകൾ വിജയം നേടിയത്.
മൂന്നാം മത്സരത്തിൽ 200 റൺസിനാണ് ന്യൂസിലൻഡ് വനിതകൾ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വനിതകൾ ഉയർത്തിയ 304 റൺസ് പിന്തുടർന്ന സിംബാബ്വെ വനിതകൾ 27.1 ഓവറിൽ 103 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
34 റൺസെടുത്ത ലൊറീൻ ടിഷുമയ്ക്കും 22 റൺസെടുത്ത ചിമോ മുഗേരിയ്ക്കും മാത്രമാണ് സിംബാബ്വെ നിരയിൽ തിളങ്ങാനായത്. ബിലോവ്ഡ് ബിസ 15 റൺസ് സ്കോർ ചെയ്തു.
ന്യൂസിലൻഡ് വനിതകൾക്ക് വേണ്ടി ക്യാപ്റ്റൻ അമേലിയ കെർ അഞ്ച് വിക്കറ്റെടുത്തു. റോസ്മേരി മയർ രണ്ട് വിക്കറ്റും ജെസ് കെർ, ബ്രീ ലിംഗ്, നെൻസി പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വനിതകൾ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 303 റൺസെടുത്തത്. അമേലിയ കെറിന്റെയും മാഡി ഗ്രീനിന്റെയും അർധ സെഞ്ചുറികളുടെയും ബ്രൂക്ക് ഹാലിഡെയുടെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
94 റൺസെടുത്ത മാഡി ഗ്രീൻ ആണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 12 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. അമേലിയ കെർ 80 റൺസാണെടുത്തത്. ബ്രൂക്ക് ഹാലിഡെ 40 റൺസ് സ്കോർ ചെയ്തു.
സിംബാബ്വെ വനിതകൾക്ക് വേണ്ടി ക്രിസ്റ്റബെൽ ചടോൻസ്വ രണ്ട് വിക്കറ്റ് എടുത്തു. ടെൻഡയ് മകൂസോ അഡെൽ സിമുനു പ്രെസിയസ് മരാംഗെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : new zealand women beat zimbabwe women odi series