അഞ്ച് വയസുകാരനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിലുള്ള സ്വകാര്യ സ്കൂളിൽ അഞ്ചുവയസുകാരനെ ക്ലാസ് ലീഡരറായ പെൺകുട്ടിയുടെ ക്രൂരമർദനം. ക്ലാസ് മുറിയിൽ അധ്യാപിക ഇല്ലാതിരുന്ന പന്ത്രണ്ട് മിനിറ്റോളം സമയം കുട്ടിയെ ക്രൂരമായി മർദിച്ചതായാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുന്ന ദിവസം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് കടുത്ത നീരും പരിക്കുകളും കണ്ടതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ശക്തമായ വേദനയും ഭയവും കാരണം കുട്ടി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. കുട്ടിയുടെ നില കണ്ട് ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് സ്കൂൾ അധികൃതരെ സമീപിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ക്ലാസിൽ അധ്യാപിക ഇല്ലാതിരുന്ന സമയത്ത് ക്ലാസ് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന പെൺകുട്ടി അഞ്ചുവയസുകാരനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ അക്രമം നടത്തിയ വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
സ്കൂൾ അധികൃതർ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കൂടാതെ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും, സംഭവത്തിൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.