പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് കൈക്കലാക്കാൻ ശ്രമിച്ച യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ചീകാ സ്വദേശിയായ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്.
അക്രമി നടത്തിയ പ്രതിരോധത്തിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭദർവയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ജെയ്-ഗന്ദോ പാതയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ഈ മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എസ്ഒജി സംഘം ഒളിച്ചിരുന്ന് നിരീക്ഷണം നടത്തുകയായിരുന്നു. രാത്രി 11.30-ഓടെ പാതയിലൂടെ വന്ന യുവാവിനെ സുരക്ഷാസേന തടഞ്ഞുനിർത്തി ചോദ്യം ചെയ്തു.
ഈ സമയത്താണ് ഹുസൈൻ ഉദ്യോഗസ്ഥരെ അക്രമിച്ച് സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്നുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ യുവാവിനെയും മൂന്ന് പോലീസുകാരെയും ഉടൻ തന്നെ ഭദർവ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദോഡ സർക്കാർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
കേസിൽ കസ്റ്റഡിയിലായ മതപ്രഭാഷകന് സംഭവത്തിലുള്ള കൃത്യമായ പങ്ക് വ്യക്തമായിട്ടില്ലെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഭദർവയിൽ കൂടുതൽ സിആർപിഎഫ്, പോലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash Kashmir police shot dead