Image for representation
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ണായക അവലോകന യോഗം രണ്ടാം ദിവസവും തുടരുന്നു. ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ പുരോഗതി വിലയിരുത്താനായാണ് ഉന്നതതല യോഗം നടക്കുന്നത്. കേരളത്തില്‍ ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ അന്വേഷണ പുരോഗതി, തുടര്‍നടപടികള്‍ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ദക്ഷിണ മേഖലാ മേധാവി പ്രശാന്ത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും. സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസ്, അവയവക്കടത്ത് കേസ്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് തുടങ്ങിയ അന്വേഷണങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തും.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട് എന്നാണ് വിവരം. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് സൂചന.
വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിന്‍റെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും മുഖ്യപ്രതി നജീബിന്‍റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.
നജീബും ആശുപത്രി മാനേജ്‌മെന്‍റും തമ്മിലുള്ള കരാറിന്‍റെ നിര്‍ണായക രേഖകള്‍ വ്യാഴാഴ്ച പുറത്തു വന്നിരുന്നു. നജീബിന്‍റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാറാണ് പുറത്തു വന്നത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
Tags : ED Meeting Kochi Investigation